ടൈം മാനേജ്മെൻറ്, പഴയ ചോദ്യ പേപ്പറുകളുടെ വിശകലനം; വൈറൽ ക്ലാറ്റ് ടോപ്പർ ഗീതാലി ഗുപ്തയുടെ വിജയഫോർമുല ഇതാണ്...
text_fieldsക്ലാറ്റ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ഗീതാലി ഗുപ്ത
ക്ലാറ്റ് പരീക്ഷയുടെ ഫലം പരിശോധിക്കുന്നതിനിടെ ഒന്നാംറാങ്ക് ആണെന്നറിഞ്ഞ് ഞെട്ടിപ്പോയ പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം റീൽ വൈറലായിരുന്നു. വീട്ടിലെ പൂജാമുറിയുടെ മുന്നിലിരുന്ന ഗീതാലി ഗുപ്ത ഫലമറിയാനായി ഫോൺ നോക്കുന്നതാണ് വിഡിയോയുടെ തുടക്കം. സ്ക്രീനിൽ മാർക്ക് കണ്ടതോടെ വികാര ഭരിതയാകുന്ന ഈ മിടുക്കിയെ നെറ്റിസൺസ് ആവേശത്തോടെയാണ് ഏറ്റെടുത്തത്. ഗീതാലി അറിയാതെ സഹോദരനാണ് വിഡിയോ പകർത്തിയത്. പ്ലസ്ടു പരീക്ഷ പോലും എഴുതുന്നതിന് മുമ്പാണ് ഗീതാലി ക്ലാറ്റിൽ പയറ്റിത്തെളിഞ്ഞത്.
ഇക്കഴിഞ്ഞ ഡിസംബർ 16നാണ് ക്ലാറ്റ് ഫലം പ്രഖ്യാപിച്ചത്.119ൽ 112.75 സ്കോർ നേടിയാണ് ഗീതാലി ഒന്നാമതെത്തിയത്. നന്നായി പരീക്ഷ എഴുതിയതിനാൽ മികച്ച സ്കോർ കിട്ടുമെന്ന് ഗീതാലിക്ക് പ്രതീക്ഷയുണ്ടായിരുന്നു. ഫൈനൽ ആൻസർ കീ വഴി സ്കോറും ഏതാണ്ട് ഉറപ്പിച്ചിരുന്നു.
പ്ലസ്‍വണ്ണിന് പഠിക്കുമ്പോഴാണ് നിയമപഠനത്തിലേക്ക് ഗീതാലിയുടെ ശ്രദ്ധ തിരിയുന്നത്. പൊളിറ്റിക്കൽ സയൻസ് ആയിരുന്നു ഗീതാലിയുടെ ഏറ്റവും ഇഷ്ടവിഷയം. ഭാവിയിൽ ചിലപ്പോൾ സിവിൽ സർവീസ് പരീക്ഷയിൽ ഒരു കൈനോക്കാൻ മടിക്കില്ലെന്നും ഈ മിടുക്കി പറയുന്നു. പ്ലസ്ടുവിനൊപ്പമാണ് ഈ മിടുക്കി ക്ലാറ്റിന് തയാറെടുത്തത്.
പഠനത്തിനായി ഗീതാലിക്ക് പ്രത്യേക സമയമൊന്നും ഉണ്ടായിരുന്നില്ല. ഒരു ദിവസം ഒരു ചാപ്റ്റർ എങ്കിലും പൂർത്തിയാക്കാൻ ശ്രദ്ധിക്കും. ഓൺലൈൻ കോച്ചിങ് സെന്ററിന്റെ സഹായത്തോടെയായിരുന്നു പഠനം. അവരുടെ പഠനസാമഗ്രികളാണ് പ്രധാനമായും ഉപയോഗിച്ചത്.
ക്ലാറ്റ് പരീക്ഷക്ക് ഏതാനും മാസം മുമ്പ് പഴയ ചോദ്യപേപ്പറുകൾ കൃത്യമായി പഠിച്ചു. ടൈം മാനേജ്മെന്റിന് ഇത് സഹായിച്ചു. ബംഗളൂരുവിലെ നാഷനൽ ലോ സ്കൂളിൽ പഠിക്കാനാണ് ഗീതാലിക്ക് താൽപര്യം. കോർപറേറ്റ് ലോയിൽ സ്പെഷിലൈസ് ചെയ്യാനാണ് ആഗ്രഹിക്കുന്നത്.
പഠനത്തിന് ഇടവേളയെടുക്കുമ്പോൾ പാട്ടു കേൾക്കാനായിരുന്നു ഗീതാലിക്ക് ഇഷ്ടം. ഇടക്ക് റീലുകൾ കാണും. ക്ലാറ്റിന് തയാറെടുക്കുമ്പോഴും സമൂഹ മാധ്യമങ്ങൾ പൂർണമായി ഒഴിവാക്കിയില്ല. എന്നാൽ കൂടുതൽ സമയം അതിൽ മുഴുകിയിരുന്നില്ല. ക്ലാറ്റിനു മുമ്പു തന്നെ ഇൻസ്റ്റഗ്രാമും മറ്റും ഉപയോഗിക്കുന്ന സമയം കുറച്ചുകൊണ്ടുവന്നു.
പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളുള്ള സി.ബി.എസ്.ഇ ഹ്യുമാനിറ്റീസ് സ്ട്രീം ആണ് പ്ലസ്ടുവിന് ഗീതാലി തെരഞ്ഞെടുത്തത്.2026 ഫെബ്രുവരിയിലാണ് പരീക്ഷ. പരീക്ഷയിൽ മികച്ച സ്കോർ നേടാനുള്ള തയാറെടുപ്പിലാണ് ഈ 17കാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

