കോട്ടയത്ത് നിന്ന് മൂന്നുപേർ സിവിൽ സർവിസിലേക്ക്
text_fieldsസ്മിത സാബു, മുഹമ്മദ് സ്വാലഹ്, എസ്. ദിവ്യ
കോട്ടയം: സിവിൽ സർവിസ് ഫലം വന്നപ്പോൾ ജില്ലക്കും അഭിമാന നിമിഷം. ജില്ലയിൽനിന്ന് മൂന്നുപേരാണ് സിവിൽ സർവിസ് നേടിയത്. കാഞ്ഞിരം കോക്കാട് വീട്ടിൽ എസ്. ദിവ്യ, പ്രവിത്താനം കദളിയിൽ സ്മിത സാബു, തലയോലപ്പറമ്പ് ബിസ്മി ഗാർഡനിൽ മുഹമ്മദ് സ്വാലഹ് എന്നിവരാണ് അഭിമാന താരങ്ങൾ.
എക്സ് സർവിസുകാരനായ സുരേന്ദ്രബാബുവിന്‍റെയും തിരുവാർപ്പ് പഞ്ചായത്തിലെ സി.ഡി.എസ് വൈസ്ചെയർപേഴ്സൻ വി.പി. പ്രസന്നയുടെയും ഇളയ മകളാണ് ദിവ്യ. നാലാം ശ്രമത്തിലാണ് ദിവ്യ 166 എന്ന റാങ്കോടെ വിജയത്തിലെത്തിയത്. ആർ.ഐ.ടി കോളജിൽനിന്ന് ബിടെക് പഠനശേഷം 2021 മുതൽ തിരുവനന്തപുരത്തെ അക്കാദമിയിൽ പരിശീലനം നടത്തുകയായിരുന്നു.
ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ് സിവിൽ സർവിസ് എന്ന് ദിവ്യ പറയുന്നു. പരീക്ഷ ഒരുക്കത്തിനിടെയാണ് സർവിസിനെ കുറിച്ച് കൂടുതൽ അറിഞ്ഞത്. പത്തുവരെ കോട്ടയം ബേക്കർ മെമ്മോറിയൽ ഗേൾസിലും പ്ലസ് ടു വരെ എം.ഡി സെമിനാരിയിലും ആയിരുന്നു പഠനം. വിവാഹിതയായ സഹോദരി എസ്. രേവതി വടവാതൂർ സിവിൽ സപ്ലൈസിൽ ജോലി ചെയ്യുന്നു.
ബിസിനസുകാരനായ അബ്ദുൽ നസീറിന്‍റെയും സബീന നസിറിന്‍റെയും മൂത്തമകനായ മുഹമ്മദ് സ്വാലഹ് നിലവിൽ ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവിസിൽ തിരുച്ചിറപ്പള്ളിയിൽ ജോലി ചെയ്യുകയാണ്. 2024ൽ സിവിൽ സർവിസ് നേടിയിരുന്നു. 711ാം റാങ്ക് ലഭിച്ചെങ്കിലും ഐ.എ.എസ്, ഐ.പി.എസ് ലക്ഷ്യത്തോടെ വീണ്ടും എഴുതുകയായിരുന്നു. ഇത്തവണ 429 ാം റാങ്ക് നേടി. കോഴിക്കോട് എൻ.ഐ.ടിയിലെ പഠനം കഴിഞ്ഞ് ആറു വർഷം അധ്യാപകനായി ജോലി ചെയ്തു.
ഈ കാലത്താണ് സിവിൽ സർവിസ് മോഹം ശക്തമായത്. തുടർന്ന് കുറച്ചുനാൾ തിരുവനന്തപുരത്ത് പരിശീലനം നേടി. പിന്നീട് 2022 മുതൽ ജാമിയ മില്ലിയയിൽ സ്കോളർഷിപ്പോടെ റസിഡൻഷ്യൽ പരിശീലനത്തിനു ചേർന്നു. ഐ.എ.എസ് കിട്ടിയാലും ഐ.പി.എസ് കിട്ടിയാലും സന്തോഷമെന്ന് മുഹമ്മദ് സ്വാലഹ് പറയുന്നു. ആമിന നസറിനാണ് സഹോദരി.
കടനാട് സെന്‍റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പൽ സാബു സിറിയക്കിന്‍റെയും മാനത്തൂർ സെന്‍റ് ജോസഫ്സ് എച്ച്.എസ് റിട്ട. പ്രഥമാധ്യാപിക വത്സമ്മ അഗസ്റ്റിന്‍റെയും മകളാണ് സ്മിത സാബു. നാലാം ശ്രമത്തിലാണ് 239ാം റാങ്കോടെ വിജയം നേടിയത്. ഓൺലൈൻ വഴി വീട്ടിലിരുന്നായിരുന്നു സിവിൽ സർവിസ് പരിശീലനം.
ഡൽഹി ലേഡീസ് ശ്രീരാം കോളജിൽനിന്ന് ബി.എ. ഇക്കണോമിക്സിൽ ഓണേഴ്സും ജെ.എൻ.യുവിൽനിന്ന് പൊളിറ്റിക്കൽ സയൻസ് വിത്ത് ഇൻറർനാഷനൽ റിലേഷൻസിൽ മാസ്റ്റേഴ്സും നേടി. സഹോദരങ്ങൾ: ഡോ. സ്നേഹ സാബു (യു.കെ.), സാവിയോ സാബു (സി.എ വിദ്യാർഥി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

