ദി എ.ഐ ഡോക്ടർ ഫ്രം മലപ്പുറം
text_fieldsദാനിയ നാജിഹ
ആരോഗ്യമേഖലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകളെ കുറിച്ചുള്ള ഗവേഷണത്തിനാണ് ദാനിയക്ക് പി.എച്ച്.ഡി ലഭിച്ചത്
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ഡോക്ടറേറ്റ് നല്കുന്ന ലോകത്തെ തന്നെ പ്രധാന യൂനിവേഴ്സിറ്റികളിലൊന്നില് നിന്ന് മികച്ച നേട്ടം കൊയ്ത വിജയഗാഥയാണ് ദാനിയ നാജിഹ എന്ന മലപ്പുറംകാരിക്ക് പറയാനുള്ളത്. അബൂദബി മുഹമ്മദ് ബിന്‍ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കിയിരിക്കുകയാണ് ഈ മിടുക്കി. കുസാറ്റില്‍ നിന്ന് ബിടെക്കും സി.ഇ.ടിയില്‍ നിന്ന് എംടെക്കും നേടിയ ദാനിയ നാജിഹ 2021ലാണ് ഗവേഷണം ആരംഭിച്ചത്.
2019ല്‍ അല്‍ ഐനിലെ യു.എ.ഇ യൂനിവേഴ്സിറ്റിയില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ആയിട്ടാണ് ഗവേഷണത്തിന്റെ തുടക്കം. അബൂദബി മുഹമ്മദ് ബിന്‍ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ പി.എച്ച്.ഡി അഡ്മിഷന് ലഭിച്ചതോടെ ഇവിടേക്കു മാറി. യു.എ.ഇയില്‍ അടക്കം വിദേശ യൂനിവേഴ്സിറ്റികളില്‍ ആയിരക്കണക്കിന് മലയാളികള്‍ വിവിധ കോഴ്സുകള്‍ ചെയ്യുന്നുണ്ടെങ്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ലോകോത്തര നിലവാരമുള്ള അബൂദബി മുഹമ്മദ് ബിന്‍ സായിദ് യൂനിവേഴ്സിറ്റിയില്‍ ഗവേഷണത്തിന് അവസരം ലഭിക്കുകയും പി.എച്ച്.ഡി നേടുകയും ചെയ്തു എന്നതാണ് ദാനിയയുടെ നേട്ടം.
ഇത്തരം യൂനിവേഴ്സിറ്റി കോഴ്സുകളില്‍ അഡ്മിഷന് ലഭിക്കുകയെന്ന കടമ്പ കടക്കുകയാണ് പ്രധാനം. ഓണ്‍ലൈന്‍ ആയിത്തന്നെ ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അഡ്മിഷന് ലഭിച്ചാല്‍ കോഴ്സ് പൂര്‍ണമായും സൗജന്യമാണ്. സ്റ്റൈപ്പന്റും ഉണ്ടാവും. പഠിച്ച കോഴ്സുകളില്‍ ലഭിച്ച ഓവറോള്‍ മാര്‍ക്ക്, ഐ.ഇ.എല്‍.ടി.എസ് സ്കോര്‍, റിസര്‍ച്ച് സ്റ്റേറ്റ്മെന്റ്, എക്സാം, ഇന്റര്‍വ്യൂ എന്നിങ്ങനെയാണ് അഡ്മിഷന് കിട്ടാനുള്ള മാനദണ്ഡങ്ങള്‍. ആവശ്യമായ പരിശീലനങ്ങള്‍ നേടി ഓരോ ലെവലും മറികടക്കാനായാല്‍ അഡ്മിഷന് ബാലികേറാമല അല്ലെന്ന് അനുഭവത്തിലൂടെ ദാനിയ സാക്ഷ്യപ്പെടുത്തുന്നു.
യു.എ.ഇയിലെ നിരവധി യൂനിവേഴ്സിറ്റികളില്‍ പി.എച്ച്.ഡി അടക്കമുള്ള നിരവധി കോഴ്സുകളില്‍ മലയാളി വിദ്യാര്‍ഥികള്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ട്. അബൂദബി മുഹമ്മദ് ബിന്‍ സായിദ് യൂനിവേഴ്സിറ്റി ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അടുത്ത അധ്യയന വര്‍ഷം എ.ഐ അടിസ്ഥാനമാക്കിയുള്ള ഗ്രാജ്വേഷന് കോഴ്സ് ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു എന്നതും ശ്രദ്ധേയമാണ്.
ആരോഗ്യമേഖലയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാധ്യതകളെ കുറിച്ചുള്ള ഗവേഷണത്തിനാണ് ദാനിയക്ക് പി.എച്ച്.ഡി ലഭിച്ചത്. രാജ്യാന്തര ശാസ്ത്ര ജേണലുകളില്‍ നിരവധി പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്താം ക്ലാസ് വരെ ജിദ്ദയിലായിരുന്നു പഠനം. പ്ലസ് ടു മുക്കം ദയാപുരം റസിഡല്‍ഷ്യല്‍ സ്കൂളില്‍. കൊക്കാറണി അബ്ദുല്‍ കരീം-നസീറ ബീഗം ദമ്പതികളുടെ മകളാണ്. ചേളാരി സ്വദേശിയും അബൂദബി ഐ.ടി മേഖലയിലെ ഉദ്യോഗസ്ഥനുമായ മാലിക് സദയാണ് ഭര്‍ത്താവ്. മകള്‍: ഹെയ്സ്ലിന് എല്‍നോര്‍.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.