മകളോടൊപ്പം പഠനം; തുല്യത പരീക്ഷയിൽ ദമ്പതികൾക്ക് മികച്ച വിജയം
text_fieldsഉണ്ണികൃഷ്ണനും ദിവ്യയും
പാലക്കാട്: 35 വർഷം മുമ്പ് പത്തിൽ പഠനം അവസാനിപ്പിച്ച അച്ഛനും 20 വർഷം മുമ്പ് പത്തിൽ പഠനം നിർത്തിയ അമ്മക്കും പത്താംതരം തുല്യത പഠനത്തിൽ കൂട്ടായത് മകൾ സാനികൃഷ്ണ. മകളോടൊപ്പം പത്താംതരം പഠിച്ച മാതാപിതാക്കൾ തുല്യത പരീക്ഷയിൽ മികച്ച വിജയവും നേടി. പട്ടാമ്പി വിളയൂർ പുത്തൂർകുന്ന് ഉണ്ണികൃഷ്ണൻ-ദിവ്യ ദമ്പതികളാണ് മകൾ സാനികൃഷ്ണക്കൊപ്പം പരീക്ഷയെഴുതി വിജയം കൈവരിച്ചത്.
വിളയൂർ ഗവ. ഹൈസ്കൂളിൽ പഠിച്ചിരുന്ന സാനികൃഷ്ണ കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടി ഇപ്പോൾ പുലാമന്തോൾ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുകയാണ്. ഒരു എയും ആറ് ബി പ്ലസും ഒരു ബിയും ഒരു സി പ്ലസും അമ്മ ദിവ്യ നേടിയപ്പോൾ അച്ഛൻ ഉണ്ണികൃഷ്ണൻ രണ്ട് എയും രണ്ട് ബി പ്ലസും മൂന്ന് ബിയും ഓരോ സി പ്ലസ്, സി ഗ്രേഡുകളുമാണ് കരസ്ഥമാക്കിയത്. പട്ടാമ്പി ഗവ. ഹൈസ്‌കൂളിൽ നടന്ന സാക്ഷരത മിഷന്റെ പത്താം ക്ലാസ് തുല്യത പരീക്ഷയിൽ 50 പഠിതാക്കളാണ് പങ്കെടുത്തത്.
കൊപ്പം വി.എച്ച്.എസ്.എസ് ആയിരുന്നു ഇരുവരുടെയും പഠനകേന്ദ്രം. കാർപെൻഡർ ജോലിക്കാരനായ ഉണ്ണികൃഷ്ണനും ഹരിതകർമസേനാംഗമായ ദിവ്യയും തൊഴിലിനിടെയുള്ള ഇടവേളയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. പഠിക്കുമ്പോഴെല്ലാം മകളുടെ കൂടി സഹായം തങ്ങൾക്ക് ലഭിച്ചതായി ഇവർ പറയുന്നു. പഠനത്തിൽ ഹരംപൂണ്ട ഇരുവരും തുടർ പഠനത്തിനായി കാത്തിരിക്കുകയാണ്. ബിരുദധാരികളെങ്കിലും ആവണമെന്നാണ് ഇരുവരുടെയും ആഗ്രഹം. മൂത്ത മകൾ ദേവിക ഉണ്ണി ബി.ബി.എ അവസാന വർഷ വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

