മുത്തച്ഛന് തുള്ളി മരുന്ന് ഒഴിക്കാനാവുന്നില്ല; പരിഹാരവുമായി പേരക്കുട്ടി, പിന്നാലെ ദേശീയ അംഗീകാരം
text_fieldsമുത്തച്ഛന് ചെവിയിൽ തുള്ളിമരുന്ന് സഹായിക്കുന്നതിനിടെയാണ് ഇഷിക ആ കാര്യം ശ്രദ്ധിച്ചത്. മറ്റാരും അടുത്തില്ലാത്തപ്പോൾ മുത്തച്ഛന് സ്വയം മരുന്ന് ഉപയോഗിക്കൽ പ്രയാസമായിരുന്നു. മറ്റൊരാളുടെ സഹായമില്ലാതെ ചെയ്യാൻ കഴിയേണ്ട ഒരു കാര്യത്തിന് പോലും സഹായം തേടേണ്ടിവരുന്ന സാഹചര്യം ഇഷികയെ ചിന്തിപ്പിച്ചു. ഇവിടെയാണ് ‘ഒട്ടോമേറ്റ്’ ന്‍റെ പിറവിയും.
കണ്ണിലും ചെവിയിലും തുള്ളിമരുന്നുകൾ ഉപയോഗിക്കുന്നത് എളുപ്പമാക്കുന്ന ഉപകരണമാണിത്. നാലര മാസത്തെ പരിശ്രമത്തിനൊടുവിൽ വികസിപ്പിച്ച ‘ഒട്ടോമേറ്റു’ മായി അമേരിക്കയിലെ രാജ്യാന്തര മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനൊരുങ്ങുകയാണ് ഇഷികയും കൂട്ടുകാരും.
ആന്ധ്രപ്രദേശിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാർഥികളാണ് ഇഷിക വർധന്യയും സഹപാഠികളായ രാജ്ഹൻസ് അധവും പ്രശൻസ മൗര്യയും നിധി കുമാരിയും. ‘ടീം കരിഗർ’ എന്ന പേരിൽ അറിയപ്പെടുന്ന ഈ നാലംഗ സംഘം പതിനാറാമത് ആകൃതി ഇന്നവേഷൻ കോംപറ്റീഷൻ 2026ന്റെ ഇന്ത്യ ഫൈനലിൽ വിജയികളായി. രാജ്യത്തുടനീളമുള്ള 2,443 ടീമുകളിലായി 15,000ത്തിലധികം വിദ്യാർഥികൾ പങ്കെടുത്ത മത്സരത്തിൽ മികച്ച ഓൾ ഗേൾസ് ടീമിനുള്ള പുരസ്കാരവും നേടി. 2027 ഫെബ്രുവരിയിൽ അമേരിക്കയിലെ നാഷ്‌വില്ലിൽ നടക്കുന്ന ആകൃതി ഗ്ലോബൽ ഫൈനലിൽ വിവിധ രാജ്യങ്ങളിൽനിന്നുള്ള ടീമുകളുമായി ഇവർ മത്സരിക്കും.
ഇഷികയുടെ മുത്തച്ഛന് ചെവിസംബന്ധമായ അസുഖത്തെത്തുടർന്ന് പതിവായി തുള്ളിമരുന്ന് ഉപയോഗിക്കേണ്ടിവന്നിരുന്നു. ഇഷികയുടെ സഹായത്തോടെയായിരുന്നു പലപ്പോഴും മരുന്ന് ഉപയോഗിച്ചിരുന്നത്. അവൾ അടുത്തില്ലാത്തപ്പോൾ ചിലപ്പോൾ മരുന്ന് മുടങ്ങുകയും ഇത് അദ്ദേഹത്തിന്റെ ജീവിതത്തെ ബാധിക്കുകയും ചെയ്തു. ഇത് കൂട്ടുകാരുമായി പങ്കുവെച്ചപ്പോഴാണ് കണ്ണിലും ചെവിയിലും തുള്ളിമരുന്നുകൾ ഉപയോഗിക്കുമ്പോൾ മറ്റുള്ളവർ നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഇവർ ചർച്ച ചെയ്തത്. ഇത് പരിഹരിക്കാൻ കഴിയുന്ന ഉപകരണം വികസിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം.
പഠനതിരക്കുകൾ കഴിഞ്ഞുള്ള സമയത്താണ് രൂപകൽപനയും പരീക്ഷണങ്ങളും ചെയ്യാറ്. നാലുപേർക്കും ഒരുമിച്ച് സമയം കണ്ടെത്താൻ കഴിയാത്തതിനാൽ രാത്രി ആരംഭിച്ച ചർച്ചകൾ പലപ്പോഴും പുലർച്ചെ വരെ നീളാറുണ്ട്.
ഇതിനായി കോളജിലെ 3ഡി പ്രിന്ററുകൾ ഉപയോഗിച്ച് വിവിധ മാതൃകകൾ നിർമിക്കുകയും മൂന്ന് ഇ.എൻ.ടി വിദഗ്ധരുടെയും കോളജിലെ ഒരു ഡോക്ടറുടെയും സഹായവും തേടി. എയിംസിലെത്തി പ്രായമായവർ ഉൾപ്പെടെയുള്ളവരിൽ ഉപകരണം പരീക്ഷിച്ച് അഭിപ്രായങ്ങൾ ശേഖരിക്കുകയും ചെയ്തു. ഇതുവരെ 35ഓളം പേരിൽ പരിശോധന നടത്തിയിട്ടുണ്ട്.
മരുന്നിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന സംവിധാനവും മരുന്നും പുറത്തുവരുന്ന തുള്ളികളും കാണാൻ കഴിയുന്ന സുതാര്യമായ മധ്യഭാഗവുമാണ് ഒട്ടോമേറ്റിന്റെ പ്രത്യേകത. പോളികാർബണേറ്റും സിലിക്കോണും ഉപയോഗിച്ചാണ് നിലവിലെ മാതൃക നിർമിച്ചിരിക്കുന്നത്. ശുചിത്വവും ഉപയോഗസൗകര്യവും മെച്ചപ്പെടുത്തുന്നതിനായി മറ്റ് വസ്തുക്കളും ഇവർ പരിശോധിക്കുന്നുണ്ട്. സോളിഡ്‌വർക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചും വിവിധ രൂപകൽപനകൾ വികസിപ്പിച്ച് പരീക്ഷിച്ചു.
ദൈനംദിന ജീവിതത്തിലെ ചെറിയ ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കുകയും അവക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയും വേണമെന്നാണ് യുവ ഡിസൈനർമാർക്ക് ഇഷിക നൽകുന്ന ഉപദേശം. ഇത്തരമൊരു പ്രയാസത്തിൽനിന്ന് തുടങ്ങിയ ശ്രമം ഇന്ന് ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യാന്തര വേദിയിലെത്താനുള്ള അവസരമായി മാറിയിരിക്കുകയാണ്.

