പരിമിതികൾക്ക് വിട; കുഞ്ഞിക്കൈകളിൽ വിരിഞ്ഞത് വിസ്മയങ്ങൾ
text_fieldsഎൽ.പി വിഭാഗം സ്പെഷൽ സ്കൂൾ തത്സമയ ആഭരണങ്ങൾ നിർമാണ മത്സരത്തിൽനിന്ന്
മൂന്നു മണിക്കൂർ നീണ്ട മത്സരം. മുന്നിൽ നിറയെ നിർമാണ സാമഗ്രികൾ. ചെയ്യേണ്ടത് മനോഹരമായ സൃഷ്ടികൾ. പക്ഷേ ആ കുഞ്ഞിക്കൈകൾക്ക് മുന്നിലുണ്ടായിരുന്നത് വെല്ലുവിളികൾ മാത്രമായിരുന്നില്ല, ശാരീരിക പ്രയാസങ്ങളെയും ശ്രദ്ധയുടെ പരിമിതികളെയും മറികടക്കാനുള്ള വലിയൊരു പോരാട്ടം കൂടിയായിരുന്നു. സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിലെ ഭിന്നശേഷി വിഭാഗം കുട്ടികളുടെ തത്സമയ നിർമാണ മത്സരം പലതുകൊണ്ടും ഹൃദയസ്പർശിയായി. എൽ.പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾ പങ്കെടുത്ത വേദിയിൽ കൊട്ടമെടയൽ, മരത്തിൽ കൊത്തുപണി, പായ നിർമാണം, ചിരട്ടയിലെ കരവിരുതുകൾ, ചൂരൽ കസേരകളും ടീപ്പോയികളും, ആനയുടെയും മയിലിന്റെയും ത്രിമാന ചുമർചിത്രങ്ങൾ തുടങ്ങി ഒട്ടേറെ സൃഷ്ടികളാണ് പിറന്നത്.
പഴയ തുണികൾ, കുപ്പിച്ചില്ലുകൾ തുടങ്ങിയ പാഴ്വസ്തുക്കൾക്ക് പുതിയ രൂപം നൽകി ഷോപീസുകളും ഫ്ലവർ വേസുകളും ഫ്ലോർ കാർപെറ്റുകളുമൊക്കെ അവർ നിർമിച്ചു. പ്രഫഷണൽ കരകൗശല വിദഗ്ധരെ ഓർമിപ്പിക്കുന്ന വേഗതയും കൃത്യതയും കൈയടക്കവും പല കുട്ടികളിലും പ്രകടമായിരുന്നു.
എന്നാൽ ഈ മൂന്ന് മണിക്കൂറിനിടെ കണ്ട കാഴ്ചകൾ ഉൽപന്നങ്ങളുടെ നിർമാണമികവിനേക്കാൾ ഹൃദയത്തെ സ്പർശിക്കുന്നതായിരുന്നു. ഇടക്കിടെ ശ്രദ്ധ മാറിപ്പോകുന്ന കുട്ടികൾ. അപ്പോൾ അധ്യാപകർ സ്നേഹപൂർവം കണ്ണുരുട്ടിയും ചെറിയ പ്രലോഭനങ്ങൾ നൽകിയും വീണ്ടും ജോലിയിലേക്ക് തിരിച്ചുകൊണ്ടുവരും. അവരുടെ കൈകളിൽ വിരിഞ്ഞത് കരകൗശല വസ്തുക്കൾ മാത്രമല്ല, പരിമിതികളെ തോൽപ്പിക്കാനുള്ള വലിയ മനസ്സിന്റെ അടയാളങ്ങൾ കൂടിയാണ്.

