മാലിന്യമാണോ പ്രശ്നം; പരിഹാരത്തിന് ‘ഗ്രീൻ സിറ്റി, ക്ലീൻ സിറ്റി’
text_fieldsപാലക്കാട്: ആധുനിക നഗരം നേരിടുന്ന പ്രധാന വെല്ലുവിളിയായ മലിനീകരണത്തിൽനിന്ന് മോചനം നേടുക എന്ന ആശയം ലക്ഷ്യമിട്ട് ‘ഗ്രീൻ സിറ്റി ക്ലീൻ സിറ്റി’. ശാസ്ത്രോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം സ്റ്റിൽ മോഡലിലാണ് കാസർകോട് തച്ചങ്ങാട് ജി.എച്ച്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥികളായ വി. നിരഞ്ജനശ്രീ, അക്ഷര രാജേഷ് എന്നിവർ തയാറാക്കിയ പ്രോജക്ട് ശ്രദ്ധനേടിയത്.
സോളാർ പവേർഡ് ഇ.വി ചാർജിങ് സ്റ്റേഷൻ, ഇക്കോ പാർക്ക്, സോളാർ റൂഫ് ടോപ്, എ.ഐ ബേസ്ഡ് ഡെസ്റ്റ് ബിൻ എന്നീ നാലു ഭാഗങ്ങളാണ് ഇതിനുള്ളത്. കെട്ടിടങ്ങളുടെ മുകളിൽ സോളാർപാനൽ സ്ഥാപിച്ച് ഊർജം കണ്ടെത്തുന്നതോടൊപ്പം വൈദ്യുതിച്ചെലവ് കുറക്കുക, കാർബൺ വിസർജനം കുറക്കുക എന്നിവയും ഇതുവഴി സാധ്യമാക്കാം.
നിർമിതബുദ്ധി അടിസ്ഥാനമാക്കി നിർമിക്കുന്ന മാലിന്യസംസ്കരണ കേന്ദ്രമാണ് മറ്റൊരു ആശയം. അൾട്രാ സോണിക് സെൻസറുകൾ വഴി മാലിന്യത്തിന്റെ അളവ് കണ്ടെത്തും. നിക്ഷേപിക്കുന്ന സ്ഥലത്ത് മാലിന്യം നിറയുന്നതിനനുസരിച്ച് കൺട്രോൾ റൂമുകളിലേക്കും വിതരണശൃംഖലകളിലേക്കും ഐ.ഒ.ടി വഴിയോ വൈഫൈ വഴിയോ അറിയിപ്പ് നൽകും. ഡെസ്റ്റ് ബിന്നിനു മുകളിൽ സ്ഥാപിക്കുന്ന എ.ഐ കാമറ വഴി നിക്ഷേപിക്കുന്ന മാലിന്യത്തെ ജൈവമാലിന്യം, പുനരുപയോഗപ്പെടുത്താൻ കഴിയുന്നവ എന്നിങ്ങനെ തരംതിരിച്ചറിയും.
നഗരങ്ങളിലും ആശുപത്രി, സ്കൂൾ, കോളജ് തുടങ്ങി ജനസാന്ദ്രത കൂടുതലുള്ള ഇടങ്ങളിലും മാലിന്യസംസ്കരണം കാര്യക്ഷമമാക്കാൻ ഇതുവഴി കഴിയും. ഗ്രീൻ സിറ്റിയുടെ ഹൃദയഭാഗത്തായി പരിസ്ഥിതിസൗഹൃദ വിശ്രമസൗകര്യം ഒരുക്കുക എന്ന നിലയിലാണ് ഇക്കോ പാർക്ക് അവതരിപ്പിക്കുന്നത്. സോളാർ ഉപയോഗിച്ചുള്ള ഊർജം വഴി ലൈറ്റുകളും മഴവെള്ളസംഭരണി വഴി ജലശേഖരണവും ഊർജ ഉൽപാദനത്തിനായി ജലചക്രങ്ങളും സ്ഥാപിക്കുന്നു. സോളാർ പവേർഡ് ഇ.വി ചാർജിങ് സ്റ്റേഷനാണ് ഗ്രീൻ സിറ്റിയുടെ മറ്റൊരു ഭാഗം. ഇലക്ട്രിക് വാഹനങ്ങൾ ഇവിടെ ചാർജ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

