‘മാധ്യമം’ ഫോട്ടോഗ്രാഫർ കെ. വിശ്വജിത്തിന് പ്രസ് കൗൺസിൽ ദേശീയ പുരസ്കാരം
text_fieldsകോഴിക്കോട്: പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ 2022ലെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള ദേശീയ പുരസ്കാരം ‘മാധ്യമം’ കോഴിക്കോട് ബ്യൂറോ ഫോട്ടോ ജേണലിസ്റ്റ് കെ. വിശ്വജിത്തിന്. 2022 ജൂൺ 21ന് മാധ്യമം പത്രത്തിൽ പ്രസിദ്ധീകരിച്ച ഫോട്ടോയാണ് ദേശീയ പുരസ്കാരത്തിന് അർഹമായത്.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ സ്ത്രീ അകത്തെ ഇരുളടഞ്ഞ മുറിയിൽനിന്ന് പുറത്തെ വെളിച്ചത്തിലേക്ക് കൈനീട്ടി സങ്കടങ്ങൾ വിളിച്ചുപറയുന്ന ഫോട്ടോക്കാണ് അവാർഡ്.
അവാർഡിനർഹമായ ചിത്രം
ആഗസ്റ്റ് അഞ്ചിന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രസാർ ഭാരതി മെംബറും പ്രമുഖ മാധ്യമപ്രവർത്തകനുമായ രാജേഷ് ടണ്ഡൻ പുരസ്കാരം സമ്മാനിക്കും. പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് സംബന്ധിക്കും. ജില്ല സോഷ്യൽ ജസ്റ്റിസ് ഓഫിസറായിരുന്ന കെ. പ്രദീപ്കുമാറിന്‍റെയും ആശയുടെയും മകനാണ് മലാപ്പറമ്പ് കൃപ ഹൗസിൽ കെ. വിശ്വജിത്ത്.

