പ്ലസ് വണ്ണിൽ എത്തിയപ്പോൾ തന്നെ ഇൻസ്റ്റഗ്രാം ഉപേക്ഷിച്ചു, സമയം നോക്കാതെ പഠിച്ചു; നീറ്റ് 20ാം റാങ്കുകാരിയുടെ വിജയമന്ത്രം
text_fieldsന്യൂഡൽഹി: പ്ലസ് വണ്ണിൽ എത്തിയപ്പോൾ തന്നെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപേക്ഷിക്കുകയും പഠനത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതാണ് തന്റെ വിജയത്തിന്റെ രഹസ്യമെന്ന് നീറ്റ് റാങ്ക് ജേതാവ്. നീറ്റ് യു.ജി 2026 പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 20ാം റാങ്ക് നേടിയ വൈഷ്ണവി ദാസാണ് തന്റെ വിജയമന്ത്രം പങ്കുവെച്ചത്.
720ൽ 700 മാർക്ക് നേടിയാണ് വൈഷ്ണവി റാങ്ക് സ്വന്തമാക്കിയത്. ഹൈദരാബാദ് സ്വദേശിനിയാണ് വൈഷ്ണവി. ദിവസവും എത്ര മണിക്കൂർ പഠിച്ചു എന്നതിലല്ല, അന്നന്നത്തെ പഠനലക്ഷ്യം പൂർത്തിയാക്കുന്നതിലായിരുന്നു ശ്രദ്ധ. എത്ര സമയമെടുത്താലും പഠനം പൂർത്തിയാക്കുക എന്നതായിരുന്നു തന്റെ മുൻഗണനയെന്നും വൈഷ്ണവി പറഞ്ഞു. സോഷ്യൽ മീഡിയ ശ്രദ്ധ തിരിക്കുമെന്ന് മനസിലാക്കിയതിനെ തുടർന്നാണ് പ്ലസ് വണ്ണിൽ പഠിക്കുമ്പോൾതന്നെ ഇൻസ്റ്റഗ്രാം ഉപേക്ഷിച്ചത്. മോക്ക് ടെസ്റ്റുകൾ പതിവായി എഴുതുകയും അവയിലെ പിഴവുകൾ വിലയിരുത്തി തിരുത്തുകയും ചെയ്തത് വിജയത്തിന് നിർണായകമായി. കൃത്യമായ പഠനക്രമം ആത്മവിശ്വാസം വർധിപ്പിച്ചെന്നും വിദ്യാർഥി കൂട്ടിച്ചേർത്തു.
മറ്റു വിദ്യാർഥികളുമായി താരതമ്യം ചെയ്യാതെ സ്വന്തം പഠനരീതിയിൽ വിശ്വാസം പുലർത്തണമെന്നും ഓരോ ദിവസവും ചെറിയ ലക്ഷ്യങ്ങൾ പൂർത്തിയാക്കി മുന്നേറുകയാണെങ്കിൽ മികച്ച വിജയം കൈവരിക്കാനാകുമെന്നും വൈഷ്ണവി പറഞ്ഞു.
താൻ എട്ടാം ക്ലാസ് മുതൽ നീറ്റ് പരീക്ഷക്കായി തയാറെടുത്തിരുന്നതായും പ്ലസ് വണ്ണിൽ എത്തിയപ്പോൾ കോച്ചിങ് ക്ലാസിൽ ചേർന്നതായും വിദ്യാർഥിനി പറഞ്ഞു. പരീക്ഷ വെല്ലുവിളി നിറഞ്ഞതായി തോന്നുമെങ്കിലും, കൂടുതൽ തയാറെടുക്കുന്നതും പഠന പ്രക്രിയ ആസ്വദിക്കുന്നതും ഭയം കുറക്കാൻ സഹായിക്കുമെന്ന് അവർ പറഞ്ഞു. എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളെയാണ് പഠനത്തിന് ആശ്രയിച്ചതെന്നും പരീക്ഷാ തയാറെടുപ്പിനിടെ പോസിറ്റീവായിരിക്കാൻ ശ്രദ്ധിക്കണമെന്നും വൈഷ്ണവി കൂട്ടിച്ചേർത്തു.
മേയ് മൂന്നിന് നടത്തിയ നീറ്റ് യു.ജി പരീക്ഷ ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് ദേശീയ പരീക്ഷാ ഏജൻസി റദ്ദാക്കിയിരുന്നു. തുടർന്ന് ജൂൺ 21ന് എൻ.ടി.എ പുനഃപരീക്ഷ നടത്തുകയായിരുന്നു. പുനഃപരീക്ഷയിൽ 11.21 ലക്ഷം വിദ്യാർഥികളാണ് യോഗ്യത നേടിയത്. ഇതിൽ 58 ശതമാനം പെൺകുട്ടികളാണ്. 720ൽ 715 മാർക്കുമായി പഞ്ചാബിൽനിന്നുള്ള ആര്യൻ ഗുപ്തയും ഹരിയാനയിൽനിന്നുള്ള പൻഷുൽ ബൻസാളുമാണ് ടോപ്പർമാർ. 19 പേർ 700ലധികം മാർക്ക് സ്കോർ ചെയ്തപ്പോൾ 138 പേർ 690ലധികം മാർക്ക് നേടി. 1,492 പേർ 650ലധികവും 10,160 പേർ 600ൽ കൂടുതലും സ്കോർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

