നീറ്റ് വെബ്‌സൈറ്റിലെ സുരക്ഷാവീഴ്ച കണ്ടെത്തി ദുബൈയിലെ മലയാളി വിദ്യാർഥി; 16-കാരന് ഐ.ഐ.ടി കാൺപൂരിൽ ജോലി നൽകി അധികൃതർ
text_fieldsന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുടെ നീറ്റ് പുനഃപരീക്ഷാ പോർട്ടലിലെയും ഐ.ഐ.ടി റോർക്കി കൈകാര്യം ചെയ്ത ജെ.ഇ.ഇ അഡ്വാൻസ്ഡ് വെബ്‌സൈറ്റിലെയും ഗുരുതരമായ സുരക്ഷാ പോരായ്മകൾ കണ്ടെത്തി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയ 16-കാരന് അപൂർവ്വ അംഗീകാരം. ദുബൈയിൽ 12-ാം ക്ലാസ് വിദ്യാർഥിയായ റൈലൻ അനിൽ എന്ന മലയാളിക്കാണ് ഐ.ഐ.ടി കാൺപൂരിന്റെ സൈബർ സെക്യൂരിറ്റി ഇന്നൊവേഷൻ ഹബ്ബായ 'C3iHub'-ൽ ജോലി ലഭിച്ചിരിക്കുന്നത്. ഒരു ഐ.ഐ.ടിയിൽ ജോലിക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും ഇതോടെ റൈലൻ സ്വന്തമാക്കി.
കഴിഞ്ഞ ജൂൺ മാസത്തിലാണ് നീറ്റ്-യു.ജി പുനഃപരീക്ഷാ പോർട്ടലിൽ അഡ്മിനിസ്‌ട്രേറ്റർ തലത്തിലുള്ള നിയന്ത്രണങ്ങൾ മറികടക്കാൻ കഴിയുന്ന തരത്തിലുള്ള സുരക്ഷാവീഴ്ച റൈലൻ കണ്ടെത്തിയത്. ഇത് കൂടാതെ ജെ.ഇ.ഇ അഡ്വാൻസ്ഡ് വെബ്‌സൈറ്റിലെ ക്ലൗഡ് സ്റ്റോറേജിലെ ക്രമക്കേട് കാരണം പരീക്ഷാർഥികളുടെ അഡ്മിറ്റ് കാർഡുകളും ഫലങ്ങളും അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ പരസ്യമായി ലഭ്യമാകുന്ന അവസ്ഥയിലായിരുന്നു. ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യാതെ ഉടനടി അധികൃതരെയും കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനെയും അറിയിച്ച് പോർട്ടലുകൾ സുരക്ഷിതമാക്കാൻ ഈ കൊച്ചുമിടുക്കൻ മുൻകൈയെടുത്തു.
റൈലന്റെ അസാധാരണ കഴിവ് തിരിച്ചറിഞ്ഞ ഐ.ഐ.ടി കാൺപൂർ അധികൃതർ സാങ്കേതിക അഭിമുഖത്തിന് ശേഷം ജൂലൈ ഒന്നിന് തന്നെ ജോലി വാഗ്ദാനം നൽകി. നിലവിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിയായതിനാൽ പിതാവ് അനിൽ അബ്രഹാമാണ് കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. സ്കൂൾ പഠനം പൂർത്തിയാക്കേണ്ടതുള്ളതിനാൽ ദുബായിൽ നിന്ന് തന്നെ പാർട്ട് ടൈം ആയി വെബ് പോർട്ടലുകളുടെ സെക്യൂരിറ്റി അനാലിസിസ് ചെയ്യുകയാണ് റൈലന്റെ പ്രധാന ചുമതല. ഭാവിയിൽ സൈബർ സുരക്ഷാ രംഗത്ത് ഉന്നത വിദ്യാഭ്യാസം നേടാനും സ്വന്തമായി കമ്പനി രൂപീകരിക്കാനുമാണ് ഈ മിടുക്കൻ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

