10ലും 12ലും തോറ്റു; 22ാം വയസിൽ ആദ്യശ്രമത്തിൽ ഐ.എ.എസ് നേടി കളിയാക്കിയവരെ ഞെട്ടിച്ച് ഈ പെൺകുട്ടി
text_fieldsസിവിൽ സർവീസ് എന്നതൊരു കഠിന തപസ്യയാണ്. മിടുമിടുക്കരായവർക്ക് മാത്രമേ സിവിൽ സർവീസ് നേടാൻ കഴിയുകയുള്ളൂ എന്നൊരു പ്രചാരണമുണ്ട്. ഐ.എ.എസ് ഓഫിസറായ അഞ്ജു ശർമയുടെ ജീവിതം അതിനൊരു അപവാദമാണ്.
സ്കൂൾ കാലത്ത് തിളങ്ങുന്ന ഒരു അക്കാദമിക് കരിയർ അഞ്ജുവിന്റെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. ശരാശരിയിലും താഴെയുള്ള വിദ്യാർഥിയായിരുന്നു അഞ്ജു ശർമ. മാത്രമല്ല, 10 ലും 12ലും തോറ്റ ചരിത്രവും അവർക്കുണ്ട്. അവരുടെ ജീവിത കഥ സിവിൽ സർവീസിന് ശ്രമിക്കുന്നവർക്ക് ഏറെ പ്രചോദനമാണ്.
10ാം ക്ലാസിൽ കെമിസ്ട്രിയിലാണ് അഞ്ജു പരാജയപ്പെട്ടത്. പ്ലസ്ടുവിന് ഇക്കണോമിക്സിലും പരാജയപ്പെട്ടു. മറ്റു വിഷയങ്ങളിൽ നല്ല മാർക്ക് സ്കോർ ചെയ്തപ്പോൾ ഈ വിഷയങ്ങളിൽ അഞ്ജു പിറകോട്ട് പോയി. പലരും അഞ്ജുവിനെ കളിയാക്കി. എന്നാൽ അതിൽ നിന്നെല്ലാം പാഠം ഉൾക്കൊണ്ട് അവർ പഠിച്ചു. ഒടുവിൽ 22ാം വയസിൽ ആദ്യശ്രമത്തിൽ ഐ.എ.എസ് നേടിയ അഞ്ജു പരിഹസിച്ചവരെ കൊണ്ടു തന്നെ തനിക്ക് സ്തുതിഗീതവും പാടിച്ചു. ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് യു.പി.എസ്.സിയുടെ സിവിൽ സർവീസ് പരീക്ഷ എന്നതും ഓർക്കണം.
സ്കൂൾ കാലങ്ങളിൽ പരീക്ഷയുടെ തലേദിവസങ്ങളിലാണ് അഞ്ജു പഠിക്കാനിരുന്നത്. ഇത് ഒരുപാട് മാനസിക സമ്മർദമുണ്ടാക്കിയിരുന്നതായി അവർ യു.പി.എസ്.സി അഭിമുഖത്തിൽ പറയുകയുണ്ടായി.
പരീക്ഷയുടെ തലേന്ന് പുസ്തകം തുറക്കുമ്പോൾ ഒരുപാട് അധ്യായങ്ങൾ നിരന്നു കിടക്കുമ്പോൾ കാണുമ്പോൾ പേടിയാകും. ഒടുവിൽ പരാജയപ്പെടുമെന്ന സത്യം മനസിലാക്കുമ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയിലാകുമെന്നും അവർ പറഞ്ഞു.
മുന്നോട്ടുള്ള ഭാവി തീരുമാനിക്കുന്നതിൽ 10 ാം ക്ലാസിലെ മാർക്കാണ് അടിത്തറ എന്നാണ് അഞ്ജുവിനോട് എല്ലാവരോടും പറഞ്ഞിരുന്നത്. അത് ആ പെൺകുട്ടിയുടെ സമ്മർദം ഏറ്റാനേ ഉപകരിച്ചുള്ളൂ.
ഈ സമയങ്ങളിലൊക്കെ അമ്മ നന്നായി സഹായിച്ചു. അങ്ങനെ തോറ്റ വിഷയങ്ങൾ എഴുതിയെടുത്ത് അഞ്ജു 10ഉം 12ഉം കടന്നുകയറി. കോളജിലെത്തിയപ്പോൾ പതുക്കെ പതുക്കെ തന്റെ പഠന രീതി അഞ്ജു ഒന്നു പുതുക്കിപ്പണിതു.
ശ്രമപ്പെട്ടാണെങ്കിലും അവസാന നിമിഷം പരീക്ഷക്കൊരുങ്ങുന്നത് മാറ്റിയെടുത്തു.
അന്നന്ന് പഠിപ്പിക്കുന്നത് അതതു ദിവസം തന്നെ പഠിക്കാൻ ശ്രമിച്ചു. അതോടെ പരീക്ഷകളിൽ നന്നായി സ്കോർ ചെയ്യാൻ തുടങ്ങി. സ്വർണ മെഡലോടെയാണ് ആ പെൺകുട്ടി ബിരുദം പൂർത്തിയാക്കിയത്. ഉയർന്ന മാർക്കോടെ എം.ബി.എയിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. യു.പി.എസ്.സി സി.എസ്.സി പരീക്ഷയുടെ നോട്ടിഫിക്കേഷൻ വന്ന ദിവസം മുതൽ അഞ്ജു തയാറെടുപ്പ് തുടങ്ങി. അങ്ങനെ കൃത്യമായ പ്ലാനോട് പഠിച്ച് ആദ്യശ്രമത്തിൽ തന്നെ ഐ.എ.എസ് നേടാനും സാധിച്ചു.
1991ൽ രാജ്കോട്ടിൽ ഡെപ്യൂട്ടി കലക്ടറായാണ് അവർ ഔദ്യോഗിക ജീവിതം തുടങ്ങിയത്. ഇപ്പോൾ ഗാന്ധിനഗർ ഹയർ ആൻഡ് ടെക്നിക്കൽ എജ്യൂക്കേഷൻ ഡിപാർട്മെന്റ് പ്രിൻസിപ്പൽ സെക്രട്ടറിയാണ്. പരാജയം വിജയത്തിലേക്കുള്ള ചവിട്ടു പടി മാത്രമാണെന്നും കഠിനാധ്വാനം കൊണ്ട് മാറ്റിമറിക്കാൻ കഴിയാത്തത് ഒന്നുമില്ലെന്നുമാണ് അവരുടെ ജീവിതം എല്ലാവരെയും ഓർമിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

