ഉറക്കമില്ലാത്ത രാത്രികൾക്ക് ഫലം കിട്ടി; അഞ്ചാം ശ്രമത്തിൽ ശക്തിക്ക് സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാംറാങ്ക്
text_fieldsഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നാണ് യു.പി.എസ്.സിയുടെ സിവിൽ സർവീസ് പരീക്ഷ. ഐ.എ.എസും ഐ.പി.എസും ഐ.എഫ്.എസും പോലെ രാജ്യത്തെ ഏറെ പ്രൗഢമായ പദവികളാണ് ഈ പരീക്ഷയിൽ ഉന്നത റാങ്കുള്ളവർ അലങ്കരിക്കുക. സിവിൽ സർവീസുകാരാകാൻ കൊതിക്കുന്നവർ ഒരുപാടുണ്ടാകും. എന്നാൽ കഷ്ടപ്പെടാൻ മനസുള്ളവർക്ക് മാത്രമാണ് ആ പരീക്ഷയിൽ വിജയിക്കാനാവുക. അതിനാൽ സിവിൽ സർവീസ് പരീക്ഷ വിജയിച്ചാൽ ഏറെ അഭിമാനമായ നേട്ടമായി കണക്കാക്കും.
2024ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ യു.പിയിലെ പ്രയാഗ് രാജിൽ നിന്നുള്ള ശക്തി ദുബെയാണ് ഒന്നാമതെത്തിയത്. കീഴടങ്ങാൻ തയാറാകാത്ത മനസാണ് ശക്തിയെ ഈ വലിയ നേട്ടത്തിലെത്തിച്ചത്.
ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയിൽ നിന്നാണ് ശക്തി ബയോകെമിസ്ട്രിയിൽ ബിരുദം പൂർത്തിയാക്കിയത്. പി.ജി കഴിഞ്ഞതിന് ശേഷമാണ് ശക്തി സിവിൽ സർവീസിന് തയാറെടുപ്പ് തുടങ്ങിയത്. നാലു തവണയും പരാജയമായിരുന്നു ഫലം. എന്നാൽ അഞ്ചാംശ്രമത്തിൽ ഒന്നാംറാങ്ക് തന്നെ നേടി ശക്തി അഭിമാനമായി മാറി. സിവിൽ സർവീസ് പരീക്ഷയുടെ മാർക്ക് ലിസ്റ്റ് അടുത്തിടെ ശക്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ആ മാർക്ക്‍ലിസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു പേപ്പറിൽ 100.35 മാർക്കും മറ്റൊരു പേപ്പറിന് 75.83 മാർക്കുമാണ് ലഭിച്ചത്. അഞ്ചുപേപ്പറുകളിൽ ശക്തി 100ലേറെ മാർക്ക് സ്വന്തമാക്കിയിട്ടുണ്ട്. ആകെ 1043 മാർക്കാണ് കിട്ടിയത്.
ഇൻസ്റ്റഗ്രാമിൽ 131000 ഫോളോവേഴ്സാണ് ശക്തിക്കുള്ളത്. സിവിൽ സർവീസിൽ പൊളിറ്റിക്കൽ സയൻസും ഇന്റർനാഷനൽ റിലേഷൻസുമായിരുന്നു ശക്തിയുടെ ഓപ്ഷണൽ സബ്ജക്ട്.
പി.ജി കഴിഞ്ഞയുടൻ കുറച്ചുകാലം അധ്യാപികയായും ജോലി നോക്കിയിരുന്നു ശക്തി. ഉത്തർപ്രദേശ് പൊലീസിലെ സബ്ഇൻസ്പെക്ടറായിരുന്നു ശക്തിയുടെ പിതാവ് ദേവേന്ദ്ര ദുബെ. ശക്തിയും സഹോദരി പ്രഗതിയും പഠിക്കാൻ സമർഥരായിരുന്നുവെന്ന് അമ്മ പ്രേമ ദുബെ പറയുന്നു.
രാത്രിയും പകലും ശക്തി വിശ്രമമിലാതെ പഠിച്ചു. ഒരുപാട് ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് ശക്തി കടന്നുപോയിട്ടുള്ളത്. ഇടക്ക് വീട്ടുജോലികളിലും അമ്മയെ സഹായിച്ചു. അവളുടെ കഠിനാധ്വാനത്തിന് കിട്ടിയ ഫലമാണ് സിവിൽ സർവീസ് പരീക്ഷയിലെ ഒന്നാംറാങ്കെന്നും അമ്മ കൂട്ടിച്ചേർത്തു. ആദ്യം ഡൽഹിയിൽ കോച്ചിങ്ങിനു പോയിരുന്നു. എന്നാൽ കോവിഡ് മഹാമാരിക്കാലത്ത് നാട്ടിലേക്ക് തന്നെ മടങ്ങി. പിന്നീട് സ്വന്തം നിലക്കായിരുന്നു ശക്തിയുടെ പരിശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

