44 വർഷം കൊണ്ട് ഈ ചെന്നൈ പ്രഫസർ സമ്പാദിച്ചു കൂട്ടിയത് 150 ബിരുദങ്ങൾ; ലക്ഷ്യം 200
text_fieldsപ്രഫസർ പാർഥിപൻ
പരീക്ഷ എന്ന കടമ്പ കടക്കാൻ ഏറെ കഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പരീക്ഷ എന്നത് ചെന്നൈയിലെ വി.എൻ. പാർഥിപൻ എന്ന പ്രഫസർക്ക് ഒരു ജീവിത രീതിയാണ്. വെറുമൊരു അലങ്കാരത്തിന് വേണ്ടിയല്ല അദ്ദേഹം ബിരുദങ്ങൾ വാരിക്കൂട്ടുന്നത്. സ്വന്തം അമ്മക്ക് കൊടുത്ത വാഗ്ദാനം നിറവേറ്റുന്നതിന്റെ പേരിലാണ്. കോഴ്സുകൾക്ക് അപേക്ഷിക്കുക, പഠിക്കുക, പരീക്ഷകൾ എഴുതുക...ഇത് കുറെക്കാലമായി അദ്ദേഹത്തിന്റെ ജീവിതചര്യയായി മാറിക്കഴിഞ്ഞു.
ഇപ്പോൾ 60 വയസുണ്ട് അദ്ദേഹത്തിന്. എന്നാൽ ഇക്കണ്ട കാലംകൊണ്ട് പാർഥിപൻ സ്വന്തമാക്കിയ ബിരുദങ്ങളുടെ എണ്ണം കേട്ടാൽ ആരും ഞെട്ടിപ്പോകും. 150 ബിരുദങ്ങൾ! ഒരു ഷെൽഫ് നിറയെ അദ്ദേഹത്തിന്റെ സർട്ടിഫിക്കറ്റുകളാണ്. കഴിഞ്ഞ 44 വർഷമായി അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുകയാണ്.
ചലിക്കുന്ന വിശ്വവിജ്ഞാന കോശം എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് തന്നെ. അദ്ദേഹത്തിന്റെ സി.വി കണ്ടാൽ ഒരു യൂനിവേഴ്സിറ്റിയുടെ കോഴ്സുകളുടെ കാറ്റലോഗ് ലിസ്റ്റിന്റെ അത്രയും വലിപ്പം വരും.
1981 മുതൽ നിർത്താതെ പഠിച്ചുകൊണ്ടിരിക്കുകയാണ് പാർഥിപൻ. തന്റെ വരുമാനത്തിന്റെ 90 ശതമാനവും അദ്ദേഹം ചെലവഴിക്കുന്നത് ഫീസിനും പുസ്തകങ്ങൾ വാങ്ങാനും മറ്റുമായാണ്. ചെന്നൈയിലെ ആർ.കെ.എം വിവേകാനന്ദ കോളജിലെ അസോസിയേറ്റ് പ്രഫസറും കൊമേഴ്സ് ഡിപാർട്മെന്റിന്റെ ഹെഡുമാണ് നിലവിൽ പാർഥിപൻ. 1982മുതലാണ് അദ്ദേഹം അധ്യാപന ജീവിതം തുടങ്ങിയത്. ബിരുദ പഠനം പൂർത്തിയാക്കിയ ഉടനെയായിരുന്നു അത്.
എല്ലാദിവസവും പുലർച്ചെ അഞ്ചിന് എഴുന്നേൽക്കുന്നതാണ് ഈ പ്രഫസറുടെ ശീലം. രാത്രി 11.30 വരെ ഉണർന്നിരിക്കും. അതിനിടയിൽ പഠനവും പഠിപ്പിക്കലുമായി ദിവസം കടന്നുപോകും. അതൊരു ദിനചര്യയായി കൊണ്ടുനടക്കാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടുകാലമായി. പഠനത്തിന് അൽപം ഇടവേളയെടുക്കുമ്പോൾ പാട്ട് കേൾക്കാനാണ് പാർഥിപന് ഇഷ്ടം.
''പഠനം എന്നത് ഞാൻ ഏറെ ആസ്വദിക്കുകയാണ്. അതൊരു ബുദ്ധിമുട്ടേ അല്ല. കുറെ കാലമായി പുതിയ കോഴ്സുകൾ പഠിക്കാനും അതിന്റെ പരീക്ഷകൾ എഴുതിയെടുക്കാനുമുള്ള ഓട്ടത്തിലാണ് ഞാൻ''-പാർഥിപൻ പറയുന്നു.
നിലവിൽ ആർട്സ് വിഷയങ്ങളിൽ 13 മാസ്റ്റേഴ്സ്, കൊമേഴ്സിൽ എട്ട് മാസ്റ്റേഴ്സ്, സയൻസ് വിഷയത്തിൽ നാല് മാസ്റ്റേഴ്സ്, നിയമത്തിൽ 13 മാസ്റ്റേഴ്സ്, 12 എം.ഫിൽ, 14 മാസ്റ്റേഴ്സ് ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ, 20 പ്രഫഷനൽ ബിരുദങ്ങൾ, 11സർട്ടിഫിക്കറ്റ് കോഴ്സുകൾ, 9 പി.ജി ഡിപ്ലോമകൾ എന്നിവയാണ് പാർഥിപൻ കരസ്ഥമാക്കിയിരിക്കുന്നത്.
ഇക്കണോമിക്സ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, പൊളിറ്റിക്കൽ സയൻസ്, നിയമം എന്നീ വിഷയങ്ങളിളും മാസ്റ്റേഴ്സ് ബിരുദമുണ്ട്. നിലവിൽ മാനേജ്മെന്റിൽ പിഎച്ച്.ഡിയും കോർപറേറ്റ് ലോയിൽ മാസ്റ്റേഴ്സും ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ നാലാമത്തെ പിഎച്ച്.ഡിയാണിത്.
ഭാര്യയും മക്കളും എല്ലാ പിന്തുണയും നൽകി പാർഥിപന്റെ കൂടെയുണ്ട്. ഭാര്യ സെൽവ കുമാരിയും പാർഥിപന്റെ മിനിയേച്ചർ രൂപമാണ്. ഒമ്പതു ബിരുദങ്ങളാണ് അവർ സ്വന്തമാക്കിയത്.
അമ്മക്ക് കൊടുത്ത വാഗ്ദാനം നിറവേറ്റാനാണ് പാർഥിപൻ ഇങ്ങനെ പഠിച്ചുകൊണ്ടേയിരിക്കുന്നത്. ആദ്യ ബിരുദകോഴ്സിന് വളരെ കുറഞ്ഞ മാർക്കായിരുന്നു പാർഥിപന് ലഭിച്ചത്. മകന്റെ മാർക്ക് കണ്ട് അമ്മക്ക് സങ്കടമായി. അതാണ് തുടക്കം. അമ്മയുടെ സങ്കടം കണ്ടപ്പോൾ ഇനിയങ്ങോട്ടുള്ള പഠനങ്ങളിൽ കൂടുതൽ മികവ് പുലർത്തുമെന്നായിരുന്നു ആ പ്രതിജ്ഞ. അങ്ങനെ അമ്മക്ക് അഭിമാനിക്കാൻ അവസരം ഒരുക്കും. ആ പ്രതിജ്ഞ ഇപ്പോഴും തുടരുകയാണ് ഡോ. പാർഥിപൻ. അടുത്തൊന്നും പഠനം അവസാനിപ്പിക്കാനും അദ്ദേഹം തീരുമാനിച്ചിട്ടില്ല. 200 ബിരുദങ്ങൾ നേടിയെടുക്കുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

