ഐ.പി.എസ് ഉപേക്ഷിച്ച് അമേരിക്കയിൽ എം.ബി.എ പഠിക്കാൻ പോയി; അതിനു ശേഷം സംരംഭകനും അധ്യാപകനുമായി -ഒന്നിലധികം കരിയറുകളിലൂടെ സ്വയം പുതുക്കിപ്പണിത രാജൻ സിങ്
text_fieldsഒരുപാടുപേരുടെ സ്വപ്നമാണ് സിവിൽ സർവീസ്. എന്നാൽ വളരെ ചിലർക്കു മാത്രമേ ആ സ്വപ്നം സാക്ഷാത്കരിക്കാൻ പറ്റാറുള്ളൂ. ഐ.എ.എസും ഐ.പി.എസും കിട്ടിക്കഴിഞ്ഞാൽ പിന്നെ അതിനു ചുറ്റിലുമാകാം അവരുടെ ജീവിതം. അവരിൽ നിന്ന് തികച്ചും വ്യത്യസ്തനായ ഒരാളാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥനായിരുന്ന രാജൻ സിങ്. കേരള കേഡർ ഓഫിസറായിരുന്നു. കാൺപൂർ ഐ.ഐ.ടി ബിരുദധാരിയായ രാജൻ സിങ് ഐ.പി.എസ് ഓഫിസറായിരുന്നു. കേരളത്തിൽ എട്ടുവർഷത്തോളം ഐ.പി.എസ് ഓഫിസറായി ജോലി ചെയ്തിട്ടുണ്ട്.
കാൺപൂർ ഐ.ഐ.ടിയിൽ നിന്ന് ഇലക്ടട്രിക് എൻജിനീയറിങ് ബിരുദം നേടിയശേഷമാണ് രാജൻ സിങ് യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയെഴുതിയത്. എട്ടുവർഷത്തോളം പൊലീസ് ഓഫിസറായി ജോലി ചെയ്തു. അതിന് ശേഷം യു.എസിലെ വാർട്ടൻ സ്കൂളിൽ നിന്ന് എം.ബി.എ കരസ്ഥമാക്കി. പിന്നീട് കോർപറേറ്റ് ലോകത്തേക്ക് ജീവിതം പറിച്ചു നട്ടു.
ഐ.പി.എസ് ഉപേക്ഷിച്ച രാജൻസിങ് ആഗോള മാനേജ്മെന്റ് സ്ഥാപനമായ മക്കിൻസിയിൽ സ്ട്രാറ്റജി കൺസൾട്ടന്റായി ചേർന്നു. അവിടെ നിന്ന് സ്വകാര്യ ഇക്വിറ്റി ഫണ്ടിലെ നിക്ഷേപകനായി മാറി. അതിനു ശേഷം സുഹൃത്തായ ദീപാലിയുമായി ചേർന്ന് ഇൻവെസ്റ്റ്മെന്റ് ബാങ്കർമാരെ കുറച്ചു കാലം പഠിപ്പിച്ചു. പിന്നീട് ധനകാര്യ മേഖലയിലെ അധ്യാപകനായി മാറി.
അടുത്തതായി ടെക് സംരംഭകനിലേക്കായിരുന്നു വേഷം മാറിയത്. അതും ഉപേക്ഷിച്ച് ഫിസിക്സ് അധ്യാപകനായും സംരംഭകനായും മാറി. അതിന് ശേഷം മനഃശാസ്‍രതത്തിന്റെയും ന്യൂറോസയൻസ് അധിഷ്ഠിത പരിശീലനത്തിലും എത്തി നിൽക്കുന്ന രാജൻ സിങ്. ഹാബിറ്റ് സ്ട്രോങ് എന്ന സംരംഭവും നടത്തുന്നുണ്ട് ഇപ്പോൾ. കോവിഡ് കാലത്താണ് ഈ സംരംഭം തുടങ്ങിയത്.
ഇതുകൊണ്ടൊന്നും തീർന്നില്ലെന്നും ഇനിയും എട്ടു പത്ത് കരിയറുകളിൽ കൂടി ജീവിതം മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും ഈ മുൻ ഐ.പി.എസുകാരൻ പറയുന്നു. പഠിച്ച് പഠിച്ച് അവനവനെ തന്നെ പൂർണമായും മാറ്റിയെടുക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ഉപദേശം. ഐ.എ.എസ് ഉദ്യോഗസ്ഥയായ ടിങ്കു ബിസ്വാളാണ് ഭാര്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.