ഡോ. ഫാത്തിമ തസ്നീമിന് ‘മാസ്റ്റർ സർജൻ’ അംഗീകാരം
text_fieldsഡോ. ഫാത്തിമ തസ്നീം
ദുബൈ: പ്രശസ്ത അന്താരാഷ്ട്ര ആരോഗ്യഗുണനിലവാര അംഗീകാര സ്ഥാപനമായ സർജിക്കൽ റിവ്യൂ കോർപറേഷന്‍റെ (എസ്.ആർ.സി) മിനിമലി ഇൻവേസീവ് ഗൈനക്കോളജി, ഫൈബ്രോയ്ഡ് സർജറി എന്നീ രണ്ട് വിഭാഗങ്ങളിലും ‘മാസ്റ്റർ സർജൻ’ അംഗീകാരം കരസ്ഥമാക്കി കോഴിക്കോട് ഫാറൂഖ് കോളജ് സ്വദേശി ഡോ. ഫാത്തിമ തസ്നീം. രോഗികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ചികിത്സയും പരമാവധി സുരക്ഷയും ഉറപ്പാക്കുന്നതിൽ ഡോ. തസ്നീം പുലർത്തുന്ന പ്രതിബദ്ധതക്കുള്ള അംഗീകാരമാണ് ഈ നേട്ടം.
ദേശീയവും അന്തർദേശീയവുമായി അംഗീകരിക്കപ്പെട്ട ഉയർന്ന ചികിത്സാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നതിന്‍റെ സാക്ഷ്യപ്പെടുത്തലാണ് എസ്.ആർ.സി അംഗീകൃത മാസ്റ്റർ സർജൻ പദവി. വിവിധ മാനദണ്ഡങ്ങൾ മുൻനിർത്തി വിശദമായ വിലയിരുത്തലുകൾക്കും പരിശോധനകൾക്കും ശേഷമാണ് ഈ അംഗീകാരത്തിന് തെരഞ്ഞെടുക്കപ്പെടുന്നത്.
‘എല്ലാ രോഗികൾക്കും ഉയർന്ന നിലവാരത്തിലുള്ള ചികിത്സ ലഭ്യമാക്കുന്നതിനും ചികിത്സാരംഗത്തെ പുരോഗതിക്കുമായി ഡോ. ഫാത്തിമ തസ്നീം പുലർത്തുന്ന പ്രതിബദ്ധതയെ അംഗീകരിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്’ എന്ന് എസ്.ആർ.സി ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഗാരി എം. പ്രാറ്റ് പറഞ്ഞു.
ദുബൈയിലെ മെഡ്കെയർ വിമൻ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റലിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിസ്റ്റാണ് ഡോ. ഫാത്തിമ തസ്നീം. ഡോ. മെഹഫൂസ് ആണ് ഭർത്താവ്. ഫാറൂഖ് കോളജ് സുവോളജി വിഭാഗം തലവൻ പരേതനായ ഡോ. ഷുക്കൂറിന്‍റെയും ചരിത്രവിഭാഗം മേധാവിയായിരുന്ന ഡോ. ഫാത്തിമയുടെയും മകളാണ്. ഏക സഹോദരൻ ഇജാസ്.
2003ൽ സ്ഥാപിതമായ എസ്.ആർ.സി ലോകമെമ്പാടുമുള്ള ആരോഗ്യപരിചരണ സംവിധാനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ചികിത്സാ പദ്ധതികളുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത അന്താരാഷ്ട്ര അംഗീകാര സ്ഥാപനമാണ്.

