Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightAchievementschevron_rightപഠനത്തിനെന്ത് പ്രായം;...

പഠനത്തിനെന്ത് പ്രായം; 15 എം.എ, ഒപ്പം പിഎച്ച്.ഡിയും കരസ്ഥമാക്കി തേവന്നൂർ മണിരാജ്

text_fields
bookmark_border
പഠനത്തിനെന്ത് പ്രായം; 15 എം.എ, ഒപ്പം പിഎച്ച്.ഡിയും കരസ്ഥമാക്കി തേവന്നൂർ മണിരാജ്
cancel
camera_alt

ഡോ. തേവന്നൂർ മണിരാജ്

അഞ്ചൽ: കുഞ്ഞു പ്രായത്തിൽ തുടങ്ങിയ പഠനം 80 പിന്നിട്ടിട്ടും തുടരുന്നൊരു ബഹുമുഖ പ്രതിഭ, ഈ പ്രായത്തിനിടയിൽ അദേഹം നേടിയെടുത്തതോ 15 ബിരുദാനന്തര ബിരുദവും ഒപ്പമൊരു പിഎച്ച്.ഡിയും. ഡോ. തേവന്നൂർ മണിരാജ് എന്ന പ്രതിഭയുടെ പഠനവഴിയിലെ യാത്രയെ ഇങ്ങനെ ചുരുക്കിപ്പറയാം. എന്നാൽ, ഏതാനും വാക്കുകളിൽ ഒതുക്കി നിർത്താൻ കഴിയുന്നയാളല്ല അദ്ദേഹം. അധ്യാപകൻ, കവി, നാടകകൃത്ത്, ബാലസാഹിത്യകാരൻ, തിരക്കഥാകൃത്ത്, ചലച്ചിത്ര ഗാനരചയിതാവ്, ഹാസ്യസാഹിത്യകാരൻ, വിദ്യാഭ്യാസ ചിന്തകൻ, അഭിനേതാവ്, പ്രഭാഷകൻ, സാംസ്‌കാരിക പ്രവർത്തകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനാണ് ഡോ. തേവന്നൂർ മണിരാജ്.

കൊട്ടാരക്കര താലൂക്കിൽ തേവന്നൂർ ഗ്രാമത്തിൽ ജനനം. കേരള യൂനിവേഴ്‌സിറ്റിയിൽ നിന്ന് മലയാളം വിദ്വാൻ പാസായി. തുടർന്ന് ഹൈസ്‌കൂൾ അധ്യാപകനായി. ജോലിയിലിരിക്കെ എം.എയും നാടക സാഹിത്യത്തിൽ പിഎച്ച്.ഡിയും നേടി. തുടർന്ന് ബി.എഡ്, എം.എഡ് കോഴ്‌സുകൾ പൂർത്തിയാക്കി. പിന്നീടങ്ങോട്ട് ബിരുദാനന്തര ബിരുദങ്ങൾ സ്വന്തമാക്കുന്നത് ഹോബിയാക്കി മാറ്റി എന്ന് പറഞ്ഞാലും അതിശയമാകില്ല. 15 വിഷയങ്ങളിലാണ് ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കിയത്. ഇപ്പോഴാകട്ടെ, വാർധക്യത്തിന്റെ ഒഴിവുകഴിവ് പറഞ്ഞ് വിശ്രമജീവിതം നയിക്കാനും അദ്ദേഹമില്ല. പകരം ഡിലിറ്റിന് ഗവേഷണം നടത്തുന്നു.

കോഴിക്കോട് ശ്രീ നാരായണ ട്രെയിനിങ് കോളജ് ഉൾപ്പെടെ നാല് കോളജുകളിൽ പ്രിൻസിപ്പലായി ജോലി ചെയ്തിട്ടുണ്ട്. മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി ശ്രീ നാരായണഗുരു പഠന കേന്ദ്രം ചെയർമാനായും സിവിൽ സർവീസ് അക്കാദമിയുടെ വിസിറ്റിങ് പ്രൊഫസറായും കൊച്ചി എൻ.ഒ.എസ് റീജിയണൽ സെന്‍ററിൽ സ്പെഷ്യൽ ഇൻസ്പെക്ടറായും സേവനമനുഷ്ടിച്ചിട്ടുണ്ട്. 1980ൽ അദ്ദേഹമെഴുതിയ അഗ്നിശാല എന്ന നാടകം ‘വെടിക്കെട്ട്’ എന്നപേരിൽ തിരക്കഥയും ഗാനങ്ങളുമെഴുതി ചലച്ചിത്രവുമാക്കിയിട്ടുണ്ട്. കൂടാതെ, ആകാശവാണിക്കും ദൂരദർശനും വേണ്ടി നിരവധി കവിതകളും ഗാനങ്ങളും രചിച്ചതിന് പുറമേ, വിദ്യാഭ്യാസ രംഗത്ത് ചർച്ചകളും പ്രഭാഷണങ്ങളും നടത്തിവരുന്നു.

കവിത, ഖണ്ഡകാവ്യം, ബാലസാഹിത്യം, ജീവചരിത്രം, നാടകം, ഏകാങ്ക നാടകം, കുട്ടിക്കവിത, പഠനം, ഹാസ്യം എന്നിങ്ങനെ വിവിധ ഇനങ്ങളിലായി അറുപതോളം പുസ്‌തങ്ങളുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം. ഇതിനകം വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ അമ്പതിലധികം പുരസ്‌കാരങ്ങൾ ലഭിച്ചു. പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റി ബി.എഡ് കമീഷൻ ചെയർമാൻ, നവോത്ഥാന കലാവേദി സംസ്ഥാന പ്രസിഡന്‍റ്, തിരുനല്ലൂർ വിചാര വേദി സംസ്ഥാന പ്രസിഡന്‍റ്, ഹാസ്യവേദി സംസ്ഥാന പ്രസിഡന്‍റ്, ഭാസ നാടകപഠനകേന്ദ്രം സംസ്ഥാന പ്രസിഡന്‍റ്, വി. സാംബശിവൻ ഫൗണ്ടേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്, കൈമാപ്പറമ്പൻ ഫൗണ്ടേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്, സംസ്ഥാന പാഠപുസ്‌തക നിർമാണ കമ്മിറ്റിയംഗം, കേരള സർവകലാശാല അന്താരാഷ്ട്ര പഠനകേന്ദ്രം പുസ്തക രചനാ കമ്മിറ്റിയംഗം, മലയാറ്റൂർ അവാർഡ് കമ്മിറ്റി സംസ്ഥാന നിർവാഹക സമിതി അംഗം, ഡൽഹി എൻ.സി.ടി.ഇ ബോർഡ്‌ മെമ്പർ, ന്യൂഡൽഹി ആഥേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ മെമ്പർ തുടങ്ങിയ ഔദ്യോഗിക സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ശാരീരികമായ അവശതകളുണ്ടെങ്കിലും വീണ്ടുമൊരു എം.എ കൂടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോഴും നാട്ടുകാരുടെ ‘മണിരാജൻ സാർ’. ഭാര്യ റിട്ട. എ.ഇ.ഒ പ്രസന്നകുമാരി, മകൾ ഹയർ സെക്കൻഡറി അധ്യാപികയും കവയിത്രിയുമായ ഡോ. രശ്‌മി രാജ്, ചെറുമക്കൾ എന്നിവരോടൊപ്പം ഏരൂർ കരിമ്പിൻകോണം സായികൃപയിലാണ് താമസിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Career and eductionLearningKollamlife`Life Men
News Summary - Learning Has No Age: Dr. Thevannoor Maniraj Achieves 15 Master's Degrees and a Ph.D
Next Story