ദമ്പതികൾക്ക് സിവിൽ സർവീസ് കുടുംബകാര്യം
text_fieldsചെങ്ങന്നൂർ: ദമ്പതികൾക്ക് സിവിൽ സർവിസിൽ ഇരട്ട റാങ്കിന്റെ തിളക്കം. ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ ശാസ്താംകുളങ്ങര ശൂനാട്ട് മഞ്ചീരത്തിൽ വീട്ടിൽ ഇന്ത്യൻ ഓവർസിസ് ബാങ്ക് മുൻ മാനേജർ ആർ. മോഹൻ കുമാർ - കോഴഞ്ചേരി ജില്ല ആശുപത്രിയിലെ ഡോ. പ്രതിഭ (അമ്പിളി) ദമ്പതികളുടെ മകനും പത്തനംതിട്ട ജില്ല മെന്റൽ ഹെൽത്ത് പ്രോഗ്രാം വിഭാഗത്തിലെ ആതുരസേവകനുമായ ഡോ. എം. നന്ദഗോപൻ (30) ഭാര്യ മംഗലാപുരം ഇൻകം ടാക്സ് അസി. കമീഷണറായ മാളവിക ജി. നായർ (28) എന്നിവർക്കാണ് സിവിൽ സർവിസിൽ റാങ്ക് ലഭിച്ചത്.
മാളവികക്ക് 172ാം റാങ്കും ഡോ. നന്ദഗോപന് 233ാം റാങ്കുമാണ് ലഭിച്ചത്. 2019ൽ 118ാം റാങ്ക് നേടി ഐ.ആർ.എസ് ലഭിച്ച മാളവിക ഇപ്പോൾ ഇൻകം ടാക്സ് കമീഷണറായി മംഗലാപുരത്ത് ജോലി ചെയ്യുകയാണ്. മാളവികയുടെ അഞ്ചാമത്തെ ചാൻസാണിത്. കോഴഞ്ചേരി ജില്ല മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്ക്യാട്രിസ്റ്റാണ് ഡോ. നന്ദഗോപൻ. ഇദ്ദേഹത്തിന്റെ അവസാനത്തെ ചാൻസായിരുന്നു ഇത്.
തിരുവല്ല മുത്തൂർ ഗോവിന്ദ നിവാസിൽ കെ.എഫ്.സി റിട്ട. ജനറൽ മാനേജർ കെ.ജി. അനിൽകുമാറിന്റെയും ഡോ. ടി.എൽ. ഗീതാലക്ഷ്മിയുടെയും മകളാണ് മാളവിക. 2020ലായിരുന്നു വിവാഹം. അതിനു ശേഷമാണ് മാളവികക്ക് ഐ.ആർ.എസ് ലഭിച്ചത്. റാങ്ക് ഇംപ്രൂവ് ചെയ്യാനാണ് മാളവിക ജി. നായർ സിവിൽ സർവിസ് പരിക്ഷ എഴുതിയത്. ഐ.പി.എസിനു അപേക്ഷിച്ചിട്ടില്ലാത്തതിനാൽ ഐ.ആർ.എസിൽതന്നെ തുടരും.