കർണാടക പ്രീ യൂനിവേഴ്സിറ്റി പരീക്ഷ: അഭിമാനമായി സുഹ സീനത്തിന്‍റെ നാലാം റാങ്ക്
text_fieldsസുഹ സീനത്ത്
താനൂർ: കർണാടക പ്രീ യൂനിവേഴ്സിറ്റി (പ്ലസ് ടു) പരീക്ഷയിൽ നാലാം റാങ്ക് നേടിയ സുഹ സീനത്ത് മലയാളികളുടെ അഭിമാനമായി. 600 ൽ 594 മാർക്ക് നേടിയാണ് സയൻസ് ഗ്രൂപ്പിൽ നാലാം റാങ്കിനർഹയായത്. ചിക്കബല്ലാപ്പൂർ ജില്ലയിലെ വെങ്കടാദ്രി ഇൻഡിപ്പെൻഡൻറ് പി.യു കോളജിൽ വിദ്യാർഥിനിയായ സുഹക്ക് പഠനത്തിന്‍റെ അവസാന ഘട്ടത്തിലുണ്ടായ ഹിജാബ് നിരോധനം പ്രയാസമുണ്ടാക്കിയെങ്കിലും മികച്ച വിജയത്തിനായുള്ള പരിശ്രമങ്ങൾ തുടർന്നു.
മെഡിസിൻ പഠനം തെരഞ്ഞെടുത്ത് ഡോക്ടറാകാൻ തയാറെടുക്കുന്ന സുഹക്ക് എൻട്രൻസ് പരിശീലനവും തുടർന്നുള്ള പഠനവും കേരളത്തിലാക്കണമെന്നാണാഗ്രഹം. കർണാടകയിലെ ചിന്താമണിയിൽ സ്ഥിരതാമസമാക്കിയ ബാവുട്ടി ഹാജി-ചിറക്കൽ ആസിയാബി ദമ്പതികളുടെ മകനും ബംഗളൂരുവിൽ ബിസിനസ്സുകാരനുമായ അബ്ദുസലാമാണ് സുഹയുടെ പിതാവ്. താനൂർ മൂലക്കൽ സ്വദേശിനി ഷർമിള മാതാവും. നാലാം തരം വിദ്യാർഥിനി സിമിൻ ആയിശ ഏക സഹോദരി.