വസ്ത്രമോ സാഹചര്യമോ അല്ല, ലക്ഷ്യമാണ് പ്രധാനം; ഹോം ഗാർഡ് ഫിസിക്കൽ ടെസ്റ്റിനായി സാരിയുടുത്ത് നഗ്നപാദയായി 1,600 മീറ്റർ 6 മിനിറ്റിൽ ഓടി തീർത്ത് യുവതി -VIDEO
text_fieldsകവിതാ കുമാരി
റാഞ്ചി: ദാരിദ്ര്യവും ജീവിതസാഹചര്യങ്ങളും പരീക്ഷണങ്ങൾ തീർത്തപ്പോൾ, തളരാതെ പോരാടി പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ നിന്നുള്ള കവിതാ കുമാരി എന്ന വിധവയായ യുവതി. രാംഗഡ് ജില്ലയിലെ ദുൽമി ബ്ലോക്കിലുള്ള സോസോ ഗ്രാമവാസിയായ കവിത, ഹോം ഗാർഡ് റിക്രൂട്ട്‌മെന്റിന്റെ കായികക്ഷമതാ പരിശോധനയിൽ സാരി ധരിച്ച് നഗ്നപാദയായി ഓടി 1,600 മീറ്റർ ദൂരം. അതും വെറും 6 മിനിറ്റുകൊണ്ട് പൂർത്തിയാക്കി ഏവരെയും വിസ്മയിപ്പിച്ചു കവിതാ കുമാരി.
കത്തുമ്പോലുള്ള ഉച്ചവെയിലിലാണ് കവിത ട്രാക്കിലിറങ്ങിയത്. വനിതാ ഉദ്യോഗാർഥികൾക്ക് 1,600 മീറ്റർ പൂർത്തിയാക്കാൻ അനുവദിച്ചിട്ടുള്ള പരമാവധി സമയം 10 മിനിറ്റാണ് (8 മിനിറ്റിൽ പൂർത്തിയാക്കുന്നത് എക്‌സലന്റ് ഗ്രേഡ്). എന്നാൽ ട്രാക്ക്‌സൂട്ടോ റണ്ണിങ് ഷൂസോ ഇല്ലാതെ സാരി മടക്കിക്കുത്തി ഓടിയ കവിത, നിശ്ചിത സമയത്തിനും എത്രയോ മുൻപേ 6 മിനിറ്റിൽ ലക്ഷ്യസ്ഥാനത്തെത്തി.
സാരിയുടുത്ത് നഗ്നപാദയായി ഓടുന്ന കവിതയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രാദേശിക റണ്ണിങ് അക്കാദമി ഭാരവാഹികൾ സോസോ ഗ്രാമത്തിലെ വീട്ടിലെത്തി കവിതയെ ആദരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. ഭർത്താവിന്റെ വേർപാടിന് ശേഷം രണ്ട് ചെറിയ മക്കളുടെയും പ്രായമായ ഭർതൃപിതാക്കന്മാരുടെയും സംരക്ഷണം കവിതയുടെ ചുമലിലാണ്. സ്പോർട്സ് ഷൂസോ ട്രാക്ക്‌സൂട്ടോ വാങ്ങാൻ പണമില്ലാത്തതിനാൽ, ദിവസവും പുലർച്ചെ 4 മണിക്ക് ഉണർന്ന് വീട്ടിലെ സാരി ധരിച്ചുതന്നെയാണ് കവിത റോഡിൽ പരിശീലനം നടത്തിയിരുന്നത്. വസ്ത്രമോ സാഹചര്യമോ അല്ല, ലക്ഷ്യമാണ് പ്രധാനം എന്ന് ഈ നേട്ടത്തിലൂടെ കവിത തെളിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

