രൂപ മിശ്ര; ഇന്ത്യയിലെ വിവാഹിതയായ ആദ്യത്തെ യു.പി.എസ്.സി ടോപ്പർ
text_fieldsരൂപ മിശ്ര ഐ.എ.എസ്
വിവാഹം പലതിന്റെയും അവസാനമാണെന്ന് കരുതുന്ന ചിലരുണ്ട്. പഠനമായാലും കരിയർ ആയാലും വിവാഹത്തോടെ ഉപേക്ഷിക്കുന്ന ചിലരുണ്ട്. ഇവർക്കെല്ലാം അപവാദമാണ് രൂപ മിശ്രയെന്ന ഐ.എ.എസുകാരി. 2003ൽ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാംറാങ്കോടെ വിജയിച്ച രൂപ മിശ്ര കുറിച്ചത് പുതിയ ചരിത്രവും കൂടിയായിരുന്നു. ഇന്ത്യയിൽ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടുന്ന വിവാഹിതയായ ആദ്യ വനിത എന്ന റെക്കോഡാണ് ഒഡീഷക്കാരിയായ രൂപ മിശ്ര തന്റെ പേരിൽ എഴുതിച്ചേർത്തത്. അതോടൊപ്പം ഒഡീഷയിൽ നിന്ന് സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ വനിത എന്ന റെക്കോഡും ഒപ്പം കൂട്ടി. പരമ്പരാഗത വാർപ്പുമാതൃകകളെ തകർത്തെറിഞ്ഞ് നേടിയ ഈ വിജയം എല്ലാവർക്കും പ്രചോദനവുമാണ്.
1977 ജൂൺ ഒമ്പതിന് ഒഡിഷയിലെ അംഗൂലിലാണ് രൂപ ജനിച്ചത്. പഠിക്കാൻ മിടുമിടുക്കിയായിരുന്നു. കട്ടക്കിലെ സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ, ഭുവനേശ്വറിലെ ഡി.എ.വി പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ പഠനം. ബി.കോം ബിരുദത്തിന് ശേഷം ഭുവനേശ്വർ യൂനിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എയും കരസ്ഥമാക്കി.
ഭർത്താവ് അൻഷുമാൻ ത്രിപാഠിയാണ് രൂപയെ സിവിൽ സർവീസിലേക്ക് വഴിതിരിച്ചു വിട്ടത്. കൊൽക്കത്ത ഐ.ഐ.എമ്മിൽ നിന്നാണ് അൻഷുമാൻ ബിരുദം നേടിയത്. ഭർത്താവിന്റെ പ്രേരണയിൽ രൂപ സിവിൽ സർവീസിന് തയാറെടുപ്പ് തുടങ്ങി. ആ സമയത്ത് തന്നെ ഉത്കൽ യൂനിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്നുമുണ്ടായിരുന്നു. അങ്ങനെ ആദ്യ ശ്രമത്തിൽ തന്നെ ഒന്നാംറാങ്ക് എന്ന അവിസ്മരണീയ നേട്ടവുമായി രൂപ ഏവരെയും ഞെട്ടിച്ചു. നിശ്ചയദാർഢ്യവും ഒപ്പം നിൽക്കുന്നവരുടെ പിന്തുണയുമുണ്ടെങ്കിൽ വലിയ വിജയങ്ങൾ നിഷ്പ്രയാസം നേടിയെടുക്കാമെന്നാണ് രൂപ തെളിയിച്ചത്.
രൂപയുടെ വിജയം വനിതകൾക്ക് മാതൃക സൃഷ്ടിക്കുക മാത്രമല്ല, പബ്ലിക് സർവീസിൽ വ്യത്യസ്തമായ കരിയർ സാധ്യത തുറന്നുകൊടുക്കുകയും കൂടിയായിരുന്നു. അന്ന്തൊട്ടിന്നോളം വ്യത്യസ്ത പദവികൾ അവർ അലങ്കരിച്ചു. ഡെപ്യൂട്ടി കലക്ടർ, ജില്ലാ മജിസ്ട്രേറ്റ്, സ്റ്റേറ്റ് മെഡിക്കൽ കോർപറേഷനിലെയും നാഷനൽ റൂറൽ ഹെൽത്ത് മിഷനിലെയും നേതൃപദവി അങ്ങനെയങ്ങനെ. അഞ്ചുവർഷം ഹൗസിങ് മിനിസ്ട്രി ആൻഡ് അർബൻ അഫയേഴ്സ് ജോയിന്റ് സെക്രട്ടറിയായിരുന്നു.
സിവിൽ സർവീസിന് സൈക്കോളജിയും പബ്ലിക് അഡ്മിനിസ്ട്രേഷനുമാണ് ഓപ്ഷനലായി തെരഞ്ഞെടുത്തത്. സമയം കൃത്യമായി വിനിയോഗിച്ചതും പഴയ ചോദ്യപേപ്പർ ആവർത്തിച്ചു പഠിച്ചതും വിജയത്തിൽ നിർണായകമായി. എത്ര നേരം പഠിച്ചു എന്നല്ല, കാര്യങ്ങൾ കൃത്യമായി മനസിലാക്കി പഠിക്കുകയായിരുന്നു രൂപയുടെ രീതി. സ്ത്രീശാക്തീകരണത്തിന്റെ സാധ്യത കൂടിയാണ് രൂപ തുറന്നിട്ടത്. വിവാഹവും കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും ഒരിക്കലും ജീവിതത്തിൽ വലിയ വിജയങ്ങൾ നേടുന്നതിന് തടസ്സമല്ലെന്നു കൂടി അവർ തെളിയിച്ചു. ഉത്കൽ യൂനിവേഴ്സിറ്റിയിൽ വെച്ചാണ് രൂപയും അൻഷുമാനും ആദ്യം കണ്ടുമുട്ടിയത്. ഇരുവർക്കും ഒരു മകനുണ്ട്, ആദർശ് ത്രിപാഠി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

