പരസ്പരം മത്സരിച്ചില്ല, ഒന്നിച്ചിരുന്ന് പഠിച്ചു; ഇരട്ട സഹോദരങ്ങൾ ക്ലാറ്റ് പരീക്ഷയിൽ മികച്ച റാങ്കുകൾ നേടിയത് ഇങ്ങനെ...
text_fieldsബംഗളൂരുവിലെ നാഷനൽ ലോ സ്കൂളിൽ ചേരാനുള്ള ഒരുക്കത്തിലാണ് ഇരട്ട സഹോദരങ്ങളായ പർവ് ജെയിനും അർഖ് ജെയിനും. 2026ലെ ക്ലാറ്റ് പരീക്ഷയിൽ മികച്ച റാങ്കുകൾ നേടിയാണ് ഇരുവരും രാജ്യത്തെ മികച്ച നിയമസർവകലാശാലയിൽ സീറ്റുറപ്പിച്ചത്. പർവിന് അഖിലേന്ത്യാ തലത്തിൽ രണ്ടാംറാങ്കും(സ്കോർ: 111.75)അർഖിന് എട്ടാം റാങ്കുമാണ് ക്ലാറ്റ് പരീക്ഷയിൽ ലഭിച്ചത്. രാജ്യത്തെ നിയമസർവകലാശാലകളിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ പ്രവേശനത്തിനായി നടത്തുന്ന പരീക്ഷയാണ് ക്ലാറ്റ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ക്ലാറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചത്.
നിയമ പഠനമാണ് തങ്ങളുടെ വഴിയെന്ന് ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴേ ഈ സഹോദരങ്ങൾ തീരുമാനിച്ചിരുന്നു.
ഹ്യുമാനിറ്റീസ് ആയിരുന്നു പ്ലസ്ടുവിന് തെരഞ്ഞെടുത്തത്. ''നിയമത്തെ കുറിച്ച് ഗവേഷണം നടത്തിയപ്പോൾ ഒരുപാട് വാർത്തകൾ കിട്ട. നിയമപരമായ വാർത്തകളും സംഭവവികാസങ്ങളും വായിക്കുന്നത് ഏറെ ആസ്വദിച്ചാണെന്നും മനസിലാക്കി. അങ്ങനെ ക്ലാറ്റ് എഴുതുന്നത് വരെ എത്തി''-പർവ് പറയുന്നു.
ഇരട്ടകളായതു കൊണ്ടല്ല രണ്ടുപേരും ഒരേ വഴി തെരഞ്ഞെടുത്തത്. ഒരുമിച്ചിരുന്ന് മുൻകൂട്ടി തീരുമാനിച്ചതുമല്ല അത്. എന്തുപഠിക്കണമെന്ന് രണ്ടുപേരും ആലോചിച്ചു. ചിന്തകൾ ഒടുവിൽ ഒരേ കരിയറിലേക്ക് എത്തുകയായിരുന്നു. രണ്ടുപേർക്കും മികച്ച റാങ്ക് നേടാനായതും യാദൃശ്ചികമായിരുന്നു.
ക്ലാറ്റിന് ഈ സഹോദരങ്ങൾ ഒരുമിച്ചിരുന്നാണ് തയാറെടുത്തത്. പരസ്പരം ചോദ്യങ്ങൾ ചോദിച്ചാണ് പഠിച്ചത്. മോക് ടെസ്റ്റുകളും ഒരുമിച്ചിരുന്ന് പരിശീലിച്ചു. ഈ സഹകരണം പഠനത്തിൽ നിന്ന് ശ്രദ്ധതിരിയായിരിക്കാൻ വളരെ സഹായിച്ചുവെന്നും പർവ് പറയുന്നു. തെറ്റുകൾ സംഭവിക്കുമ്പോൾ അത് എന്തുകൊണ്ടാണെന്ന് കണ്ടെത്തി.
ചില സമയങ്ങളിൽ ഒറ്റക്കിരുന്നും പഠിക്കും. എന്നാൽ ഒരുമിച്ചിരുന്ന് മോക് ടെസ്റ്റുകൾ ചെയ്യും. ഇംഗ്ലീഷ്, ലോജിക്, ലീഗൽ റീസണിങ് ഒക്കെ ഇങ്ങനെയാണ് പഠിച്ചത്.
ക്വാണ്ടിറ്റേറ്റീവ് ചോദ്യങ്ങളായിരുന്നു പർവിന് വിഷമംപിടിച്ചത്. നിരന്തര പരിശീലനത്തിലൂടെ അത് മറകടന്നു. ക്രിറ്റിക്കൽ റീസണിങ് ആയിരുന്നു അർഖിന് ബുദ്ധിമുട്ട്.
ഇവരുടെ തയാറെടുപ്പിന് ടൈം മാനേജ്മെന്റ് ഏറെ തുണയായി. 120 മിനിറ്റ് കൊണ്ട് ക്ലാറ്റ് പരീക്ഷ പൂർത്തിയാക്കണമെന്നായിരുന്നു പഠന സമയങ്ങളിൽ ഫോക്കസ് ചെയ്തത്. പതിവായി പത്രം വായിക്കുമായിരുന്നു. എല്ലാ വിജയങ്ങൾക്കും പിന്നിൽ ഒരു സപ്പോർട്ട് സിസ്റ്റം ഉണ്ടായിരിക്കും. ഇരട്ടകളുടെ അമ്മയാണ് ഇവരുടെ ഏറ്റവും വലിയ പ്രചോദനം.
''നന്നായി വായിക്കുക. പത്രങ്ങളും മികച്ച പുസ്തകങ്ങളും കവർ ചെയ്യുക. നിരന്തരം പരിശീലനം നടത്തുക. ശക്തമായ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. തയാറെടുപ്പിൽ നിന്നാണ് ആത്മവിശ്വാസം കൈവരുന്നത്. പരീക്ഷാസമയത്ത് ഒരിക്കലും തെറ്റുകളെ കുറിച്ച് ചിന്തിക്കരുത്. ഉറച്ച വിശ്വാസത്തോടെ മുന്നോട്ടു നീങ്ങുക. എവിടെയാണ് തെറ്റ് സംഭവിക്കുന്നത് എന്ന് കൃത്യമായി മനസിലാക്കുക. അത് പരിഹരിച്ച് മുന്നോട്ടു പോവുക''-ക്ലാറ്റിന് തയാറെടുക്കുന്നവരോട് ഈ സഹോദരങ്ങൾക്ക് പറയാനുള്ളത് ഇതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

