അമ്മ ചെറുപ്പത്തിലേ മരിച്ചു, അച്ഛനുപേക്ഷിച്ചു; സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ 99.4 ശതമാനം മാർക്കുമായി ശ്രീജ
text_fieldsപാട്ന: സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ 99.4 ശതമാനം മാർക്ക് നേടിയ മിടുക്കിയെ കുറിച്ചാണ് ഈ കുറിപ്പ്. പാട്നയിൽ നിന്നുള്ള ശ്രീജയാണ് ശ്രദ്ധേയമായ നേട്ടത്തിന്റെ ഉടമ. അമ്മയുടെ മരണ ശേഷം പിതാവ് ഉപേക്ഷിച്ചു പോയതാണവളെ. അതിൽ പിന്നെ അമ്മയുടെ വീട്ടിൽ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായിരുന്നു കഴിഞ്ഞത്. ബി.ജെ.പി എം.പി വരുൺ ഗാന്ധിയാണ് ശ്രീജയെയും അവളുടെ മുത്തശ്ശിയെയും പരിചയപ്പെടുത്തുന്ന വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
പേരക്കുട്ടിയുടെ വിജയത്തിൽ വളരെ അഭിമാനിക്കുന്നുവെന്നായിരുന്നു ആ അമ്മയുടെ പ്രതികരണം. ''എന്റെ മകളുടെ മരണ ശേഷം അവളുടെ അച്ഛൻ ഉപേക്ഷിച്ചതാണവളെ. അതിനു ശേഷം ഞങ്ങളയാളെ കണ്ടിട്ടില്ല. അയാൾ വീണ്ടും വിവാഹം കഴിച്ചു. ഇപ്പോൾ സി.ബി.എസ്.ഇ 10ാം ക്ലാസ് ഫലം വന്ന നിമിഷത്തിൽ മകളെ ഉപേക്ഷിച്ച തീരുമാനത്തിൽ പശ്ചാത്തപിക്കുന്നുണ്ടാകും ആ മനുഷ്യൻ"-മുത്തശ്ശി പറയുന്നു. ശ്രീജയെയും മുത്തശ്ശിയെയും അഭിനന്ദിച്ച് നിരവധിയാളുകളാണ് രംഗത്തുവന്നത്.
ബി.എസ്.ഇ.ബി കോളനിയിലെ ഡി.എ.വി പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയായിരുന്ന ശ്രീജക്ക് ഇലക്ട്രിക് എൻജിനീയർ ആവാനാണ് ആഗ്രഹം. ഇതേ വിദ്യാലയത്തിൽ തന്നെ ഉപരിപഠനത്തിന് ചേർന്നു കഴിഞ്ഞു അവൾ.
സംസ്കൃതം, സയൻസ് വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയ ശ്രീജക്ക് ഇംഗ്ലീഷിനും മാത്തമാറ്റിക്സിലും സോഷ്യൽ സയൻസിലും 99 മാർക്ക് ലഭിച്ചു. 99.4 ശതമാനം മാർക്ക് നേടിയ ശ്രീജ ബീഹാറിലെ ടോപ്പറാണ്.
പാഠഭാഗങ്ങൾ സമയബന്ധിതമായി പഠിച്ചു തീർക്കുന്ന സ്വഭാവക്കാരിയാണ്. എത്ര സമയം പഠിക്കാനിരിക്കുന്നു എന്നല്ല, കൃത്യമായി മനസിരുത്തി കാര്യങ്ങൾ മനസിലാക്കുകയാണ് പ്രധാനമെന്നും ശ്രീജ പറയുന്നു. അതിനാൽ പഠനവും പാഠ്യേതര പ്രവർത്തനങ്ങളും ഒരുമിച്ചുകൊണ്ടുപോവാൻ ഈ മിടുക്കിക്കു കഴിയുന്നു.