വയസ്സ് നാല്: കാമറയുടെ മുന്നിൽ അഴകായി സെറ
text_fieldsയുവതികളും യുവാക്കളും പാറിപ്പറക്കുന്ന രംഗത്ത് ചുരുങ്ങിയ കാലം കൊണ്ടുതന്നെ താരമായിരിക്കുകയാണ് സെറ എന്ന കൊച്ചുമിടുക്കി. തൃശ്ശൂർ മാള സ്വദേശി സനീഷിന്റെയും സിജിയുടെയും നാലര വയസ്സുള്ള മകളാണ് മോഡലിങ് രംഗത്തെ രാജകുമാരിയായി നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിക്കുന്നത്. സെറയുടെ പേരിൽ മാതാപിതാക്കൾ ചേർന്ന് ഒരു നിർമ്മാണ കമ്പനിയും ആരംഭിച്ചിട്ടുണ്ട്.
മാമോദീസ കാലംമുതൽ അഭിനയത്തോട് വലിയ അഭിനിവേശമായിരുന്നു സെറയ്ക്കെന്ന് പിതാവ് പറയുന്നു. തിരുവനന്തപുരം കസവുമാൾ, ഹെർബൽ വില്ലേജ് ആയുർവേദ പ്രൊഡക്ട്‌സ് തുടങ്ങിയവയാണ് സെറ അഭിനയിച്ച പരസ്യചിത്രങ്ങൾ. ബാലതാരങ്ങളുടെ സമൂഹമാധ്യമ ഗ്രൂപ്പിലും ഇൻറർനാഷണൽ ആർട്ടിസ്റ്റ് ഗ്രൂപ്പിലും ഈ കുഞ്ഞ് അഭിനേത്രിക്ക് നിരവധി ആരാധകരുണ്ട്. 3 മില്യൺ വ്യൂസ് സോഷ്യൽ മീഡിയോ കവറേജ് സ്വന്തമാക്കി.
യുഎസ്എ, കാനഡ, യുകെ, ഫ്രാൻസ്, ദുബായ്, സൗദി, ഒമാൻ, ബഹ്റിൻ എന്നിവിടങ്ങളിലെ ഇന്റർനാഷണൽ സൈറ്റുകൾ, നിരവധി മാഗസിനുകൾ, മറ്റു പ്രൊഡക്ഷൻ കമ്പനികൾ ഇങ്ങനെ നീളുന്നു സെറയുടെ മോഡലിങ് പട്ടിക. യുനൈറ്റഡ് ഫാഷൻ ഫെഡറേഷൻ മെമ്പർ കൂടിയാണ് സെറ.
മകളെ പോലെ അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്ന ബാല്യങ്ങൾക്ക് പ്രചോദനമാകുകയാണ് പ്രൊഡക്ഷൻ കമ്പനിയിലൂടെ സനീഷും സിജിയും. സിനിമ മേഖലയിൽ മുന്നോട്ട് വരാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയാണ് നിർമ്മാണ കമ്പനി ആരംഭിച്ചതെന്ന് സനീഷ് പറയുന്നു.