
അഗ്നിശമന സേനയിൽ നിന്ന് സിവിൽ സർവീസിലേക്ക്; ആശിഷിന് സ്വപ്ന സാഫല്യം
text_fieldsപാചകതൊഴിലാളി ആയിരുന്ന കാലത്ത് കണ്ട സ്വപ്നങ്ങള്‍ യാഥാർഥ്യമായതിെൻറ സന്തോഷത്തിലാണ് ആശിഷ് ദാസ് എന്ന അഗ്നിശമന സേന ഉദ്യോഗസ്ഥന്‍. ഐ.എ.എസ് എന്ന ആഗ്രഹം രണ്ടാമൂഴത്തിലൂടെ ആശിഷ് സ്വന്തമാക്കുമ്പോള്‍ കടന്നുവന്ന വഴികളില്‍ താന്‍ ചെയ്ത തൊഴിലുകളില്‍ ഇപ്പോഴും ഇൗ ചെറുപ്പക്കാരന്‍ അഭിമാനം കൊള്ളുന്നുണ്ട്.
മുഖത്തല സെൻറ് ജൂഡ് നഗർ ആശിഷ് ഭവനിൽ യേശുദാസിെൻറയും റോസമ്മയും മകനാണ് ആശിഷ് ദാസ്. സിവിൽ സർവീസ് പരീക്ഷയിൽ 291ാം റാങ്ക് വാങ്ങിയാണ് ആശിഷ് തെൻറ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നത്.
മൈസൂറിലെ ഹോട്ടൽ മാനേജ്മെൻറ് പഠനം പൂർത്തീകരിച്ചാണ് പാചകം തൊഴിലിലേക്ക് കടന്നത്. ആശിഷ് ഭക്ഷണശാലയില്‍ വെയ്റ്ററായും ജോലി ചെയ്തിരുന്നു. ഈ തൊഴില്‍ നിന്ന് ലഭിച്ച വരുമാനം കൊണ്ടാണ് ബിരുദ പഠനം പൂര്‍ത്തികരിച്ചത്. തുടര്‍ന്ന് സ്വകാര്യ മേഖലകളിലും ധനകാര്യസ്ഥാപനങ്ങളിലും ജോലി ചെയ്തു. ഇടക്ക് കിട്ടുന്ന സമയത്തും രാത്രികളിലും കുട്ടുകാരോടൊത്തുള്ള പഠനത്തിലും സിവിൽ സർവീസ് ലക്ഷ്യമായിരുന്നു.
നിലവില്‍ പത്തനാപുരം അഗ്നിരക്ഷ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറാണ്. എട്ട് വര്‍ഷമായി കേരള ഫയര്‍ ഫോഴ്സിനൊപ്പമുണ്ട്. ഇതിനിടയിലാണ് സിവില്‍ സര്‍വീസെന്ന ആഗ്രഹത്തോടെ മുന്നൊരുക്കം നടത്തിയത്. ഐ.എ.എസാണ് ആശിഷിെൻറ ലക്ഷ്യം. മുഖത്തല സെൻറ് ജൂഡ് സ്കൂളിലെ ആയയായി വിരമിച്ച റോസമ്മയാണ് മാതാവ്. പിതാവ് യേശുദാസ് കുണ്ടറ മല്‍സ്യ മാർക്കറ്റിലെ ജീവനക്കാരനാണ്.
2012 മുതൽ ഫയർ സർവീസിൽ ഫയർമാനായി ജോലി ചെയ്യുകയാണ്. ഭാര്യ സൂര്യ വിദേശത്ത് നഴ്സാണ്. അമേയ ഏക മകളാണ്. പത്താം ക്ലാസ് വരെ മുഖത്തല സെൻറ് ജൂഡ് ഹൈസ്കൂളിലും ഹയര്‍സെക്കൻഡറി വിദ്യാഭ്യാസം കാഞ്ഞിരക്കോട് സെൻറ് ആൻറണീസ് സ്കൂളിലുമായിരുന്നു പഠനം.