'വന്ന വഴി മറക്കരുത്'; സിവിൽ സർവീസ് വിജയത്തിന്റെ ക്രെഡിറ്റ് നൽകിയ മകന് അമ്മയുടെ ഉപദേശം
text_fieldsആ അമ്മ ഒരിക്കലും സ്കൂളിൽ പോയിട്ടുണ്ടായിരുന്നില്ല. അവർക്ക് ഇപ്പോഴും എഴുത്തും വായനയും അറിയില്ല. എന്നാൽ രണ്ട് ആൺമക്കളെയും നന്നായി പഠിപ്പിക്കുക എന്നത് അവരുടെ ദൃശനിശ്ചയമായിരുന്നു. ഇന്നവരുടെ മകൻ ബന്ന വെങ്കിടേശ് സിവിൽ സർവീസ് വിജയിയാണ്. 2025ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 15ാം റാങ്കാണ് വെങ്കിടേശ് നേടിയെടുത്തത്. തന്റെ നേട്ടത്തിന്റെ എല്ലാ ക്രെഡിറ്റും അമ്മ രോഹിണിക്കാണ് ഈ മിടുക്കൻ നൽകുന്നത്.
ആന്ധ്രപ്രദേശിലെ ശ്രീകാകുളമാണ് വെങ്കിടേശിന്റെ സ്വദേശം. പിതാവ് കർഷകനാണ്. അമ്മ വീട്ടമ്മയും.
അമ്മയാണ് തന്റെ ആദ്യത്തെ അധ്യാപികയെന്ന് വെങ്കിടേശ് അഭിമാനത്തോടെ പറയുന്നു. ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലെങ്കിലും മറ്റുള്ളവരെ സഹായിക്കാതെ ജീവിതത്തിന് അർഥമുണ്ടാകില്ലെന്ന പാഠം പകർന്നു നൽകിയാണ് അമ്മ തങ്ങളെ വളർത്തിയതെന്നും വെങ്കിടേശ് പറയുന്നു.
മക്കളെയവർ ഉത്തരവാദിത്തത്തോടെ നന്നായി വളർത്തി. വഴിതെറ്റുമ്പോൾ തിരുത്തി. പഠനത്തിനായി മറ്റ് നഗരങ്ങളിലേക്ക് പോകുമ്പോൾ പോലും അമ്മ പറഞ്ഞ കാര്യങ്ങൾ ആ മക്കളുടെ കാതിൽ പ്രതിധ്വനിച്ചു.
പഠന ശേഷം സോഫ്റ്റ് വെയർ രംഗത്ത് വെങ്കിടേശിന് വലിയ ശമ്പളമുള്ള ജോലി ലഭിച്ചിരുന്നു. എന്നാൽ അതിൽ വെങ്കിടേശിന് സംതൃപ്തി തോന്നിയില്ല. തുടർന്ന് സിവിൽ സർവീസിന് പഠിക്കട്ടെയെന്ന് അമ്മയോട് ചോദിച്ചു. അമ്മയുടെ പൂർണ സമ്മതം ലഭിച്ചപ്പോൾ, വെങ്കിടേശ് മറ്റൊന്നും നോക്കാതെ ജോലി രാജിവെച്ച് സിവിൽ സർവീസിന് തയാറെടുപ്പ് തുടങ്ങി. 2022ലെ ആദ്യശ്രമത്തിൽ പ്രിലിംസ് പോലും കടന്നില്ല. അത് വെങ്കിടേശിന് വലിയ നിരാശയാണ് സമ്മാനിച്ചത്. എന്നാൽ വീണ്ടും തയാറെടുക്കാനായിരുന്നു അമ്മയുടെ നിർദേശം.
ഇപ്പോഴത്തെ പരാജയം ഓർത്ത് വിഷമിക്കേണ്ടതില്ല. നന്നായി പഠിച്ച് വീണ്ടും പരീക്ഷയെഴുതൂ.-അമ്മ പറഞ്ഞു. ആ വാക്കുകളുടെ ബലത്തിലാണ് വെങ്കിടേശ് വീണ്ടും സിവിൽ സർവീസ് തയാറെടുപ്പ് തുടങ്ങിയത്. അതിന് ഫലവും ലഭിച്ചു. വെങ്കിടേശിന്റെ സഹോദരൻ സയന്റിസ്റ്റാണ്.
''നീ എത്ര ഉയരത്തിൽ എത്തിയാലും വന്ന വഴി മറക്കരുത്. സഹായം ചോദിച്ച് എത്തുന്ന ഒരാളെ പോലും കൈവിടരുതെന്നും അമ്മ ഓർമിപ്പിച്ചു. ആ വാക്കുകൾ ഉറപ്പായും പാലിക്കും.''-വെങ്കിടേശ് പറയുന്നു.
മക്കളെ ഉന്നതിയിലേക്ക് നയിക്കാൻ വലിയ ബിരുദങ്ങളോ ജോലിയോ ഒന്നും ആവശ്യമില്ലെന്നാണ് രോഹിണി പകർന്നു നൽകുന്ന സന്ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

