'നിങ്ങളിനി ഡെപ്യൂട്ടി കലക്ടറുടെ അമ്മയാണ്'; പരീക്ഷ ഫലമറിഞ്ഞ് അമ്മയെ വിളിച്ച മധ്യപ്രദേശിലെ കർഷകന്റെ മകളുടെ വിഡിയോ ഏറ്റെടുത്ത് നെറ്റിസൺസ്
text_fieldsഡെപ്യൂട്ടി കലക്ടറായി നിയമിതയാകുന്ന മധ്യപ്രദേശിലെ ഒരു കർഷകന്റെ മകൾ അമ്മയെ വിളിച്ച് വിവരം പറയുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ. മധ്യപ്രദേശിലെ അശോക് നഗർ ജില്ലയിലെ ഇകോദിയ ഗ്രാമത്തിൽ താമസിക്കുന്ന മോന ഡാങ്കിയാണ് സംസ്ഥാന പബ്ലിക് സർവീസ് കമീഷൻ(എം.പി.പി.എസ്.സി)2023 പരീക്ഷയിൽ 12ം റാങ്ക് നേടിയത്.
''അമ്മാ നിങ്ങളെ ഇനി ഡെപ്യൂട്ടി കലക്ടറുടെ അമ്മ എന്നാണ് എല്ലാവരും വിളിക്കുക''- എന്നാണ് അമ്മയെ വിളിച്ച് മോന പറയുന്നത്. ഫലം പ്രഖ്യാപിച്ച ഉടനെയാണ് മോന അമ്മയെ വിളിച്ചത്.
വിശ്വാസം വരാതെ മകളോട് ഫലം ഒന്നുകൂടി പരിശോധിച്ചു നോക്കാനാണ് അമ്മ ആവശ്യപ്പെടുന്നത്. ഒന്നല്ല, പലവട്ടം ഉറപ്പിച്ചുവെന്നും അമ്മയിനി ഡെപ്യൂട്ടി കലക്ടറുടെ അമ്മയാണെന്നും മകൾ പറയുകയാണ്. ഇതിൽ പറയുന്ന മോന ഡങ്കി അമ്മയുടെ മകൾ തന്നെയാണെന്നും ആ മിടുക്കി കൂട്ടിച്ചേർത്തു. സന്തോഷം അടക്കാനാകാതെ മോന കരയുന്നതും വിഡിയോയിൽ കാണാം.
വളരെ വേഗമാണ് വിഡിയോ വൈറലായത്. ഒരുപാട് പേർ മോനക്ക് അഭിനന്ദനങ്ങൾ പറഞ്ഞു.
സ്ഥിരോത്സാഹത്തിന്റെയും ധൈര്യത്തിന്റെയും തെളിവാണ് മോന എന്നാണ് പലരും വിശേഷിപ്പിച്ചത്.ഈ വിഡിയോ കൂടുതൽ ആളുകളിലേക്ക് എത്തണമെന്നും അഭിപ്രായമുണ്ടായി. മാതാപിതാക്കൾക്ക് ഏറെ അഭിമാനാർഹമായ നിമിഷമാണിതെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.
വിഡിയോ കണ്ടപ്പോൾ എന്തുകൊണ്ടാണ് തന്റെ കണ്ണുകൾ നിറയുന്നതെന്ന് അറിയില്ലെന്നാണ് ഒരാൾ കമന്റിട്ടത്. നിങ്ങൾ അർഹിക്കുന്ന വിജയമാണിത്. എല്ലാവിധ ആശംസകളും എന്ന് ഒരുപാട് പേർ പ്രതികരിച്ചു.
ഇൻഡോറിൽ ജി.എസ്.ടി ഇൻസ്പെക്ടറായി ജോലി ചെയ്യുകയാണ് നിലവിൽ മോന. 2022ലാണ് മോന ജോലിയിൽ പ്രവേശിച്ചത്. കോവിഡ് കാലത്തായിരുന്നു മോനയുടെ പരീക്ഷാപഠനം.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും മകൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകണമെന്ന് മോനയുടെ അച്ഛൻ ഉറപ്പിച്ചിരുന്നു. സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് മോന സ്കൂൾ പഠനം പൂർത്തിയാക്കിയത്. പിന്നീട് ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

