സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യം; യു.പിയിലെ നിസാംപൂരിൽ ചരിത്രം കുറിച്ചൊരു പത്താം ക്ലാസ് വിജയം
text_fieldsറാംകേവൽ
ഒരു ഗ്രാമത്തിൽ 76 വർഷത്തിനുള്ളിൽ ആരുംതന്നെ പത്താം ക്ലാസ് കടന്നിട്ടില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? എന്നാൽ ഉത്തർപ്രദേശിൽ നിന്ന് അത്തരമൊരു വാർത്തയാണ് വരുന്നത്. നിസാംപൂർ ഗ്രാമത്തിൽ നിന്ന് സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യമായി ഒരാൾ പത്താം ക്ലാസ് പരീക്ഷ പാസായി. 15 വയസ്സുകാരനായ റാംകേവൽ ആണ് ഈ ചരിത്ര വിജയം നേടിയത്.
ദലിത് സമൂഹത്തിൽ നിന്നുള്ള 300 ഓളം ആളുകളാണ് റാംകേവലിന്‍റെ ഗ്രാമത്തിൽ താമസിക്കുന്നത്. വീട്ടിലെ നാല് സഹോദരങ്ങളിൽ മൂത്തവനായ റാം ചെറിയ ജോലികൾ ചെയ്തുകൊണ്ടാണ് പഠനം പൂർത്തിയാക്കിയത്. വിവാഹ ഘോഷയാത്രകളിൽ വിളക്കുകൾ കൊണ്ടുനടന്നിരുന്നതായും പ്രതിദിനം 250 മുതൽ 300 രൂപ വരെ സമ്പാദിച്ചിരുന്നതായും റാംകേവൽ തന്നെ പറയുന്നുണ്ട്. മികച്ച നേട്ടത്തിന് ജില്ല മജിസ്ട്രേറ്റ് ശശാങ്ക് ത്രിപാഠി റാമിനെയും മാതാപിതാക്കളെയും ആദരിച്ചു. തുടർ പഠനത്തിന് എല്ലാ സഹായവും ഉറപ്പുനൽകി.
'രാത്രി വൈകി തിരിച്ചെത്തിയാലും, വീട്ടിലെ സോളാർ വിളക്കിനു കീഴിൽ കുറഞ്ഞത് രണ്ട് മണിക്കൂറെങ്കിലും ഞാൻ പഠിക്കുമായിരുന്നു. ഞാൻ ഒരിക്കലും ഹൈസ്കൂൾ പാസാകില്ല എന്ന് പറഞ്ഞ് ഗ്രാമത്തിലെ ചിലർ എന്നെ കളിയാക്കുമായിരുന്നു. പക്ഷേ, അവരുടെ വാദം തെറ്റാണെന്ന് തെളിയിക്കുമെന്ന് ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു' -റാംകേവൽ പറഞ്ഞു.
ദാരിദ്ര്യം ഒരാളെ എല്ലാം ചെയ്യാൻ നിർബന്ധിക്കുമെന്നും എന്തുതന്നെയായാലും തനിക്ക് പഠിക്കണം എന്നായിരുന്നു ആഗ്രഹമെന്നും റാം പറഞ്ഞു. സ്വപ്നങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു എഞ്ചിനീയർ ആകണമെന്നാണ് തന്റെ ആഗ്രഹമെന്ന് റാംകേവൽ പറഞ്ഞു. പക്ഷേ പത്താം ക്ലാസ് പാസായി എന്ന് വിശ്വസിക്കാൻ ഇപ്പോഴും ബുദ്ധിമുട്ടാണെന്നും റാം വ്യക്തമാക്കി. ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ പാചകക്കാരിയാണ് റാമിന്‍റെ അമ്മ പുഷ്പ. അച്ഛൻ ജഗദീഷ് ദിവസക്കൂലിക്കാരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

