19കാരന് യു.എസ് നീതിന്യായ വകുപ്പിന്റെ സൈബർ ‘ഹാൾ ഓഫ് ഫെയിം’; നേട്ടവുമായി സി.ബി.എസ്.ഇ പോർട്ടലിലെ ക്രമക്കേട് കണ്ടെത്തിയ നിസർഗ അധികാരി
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇയുടെ ഒ.എസ്.എം പോർട്ടലിൽ സുരക്ഷാ പിഴവുകൾ കണ്ടെത്തി ദേശീയ തലത്തിൽ ശ്രദ്ധനേടിയ 19കാരനായ നിസർഗ അധികാരിക്ക് പുതിയ നേട്ടം. യു.എസ് ഡിപാർട്ട്മെന്റ് ഓഫ് ജസ്റ്റിസിന്റെ സൈബർ സുരക്ഷാ ‘ഹാൾ ഓഫ് ഫെയിമിൽ’ നിസർഗയുടെ പേരും ഇടം നേടി. അമേരിക്കൻ നീതിന്യായ വകുപ്പിന്റെ പ്രധാന നിയമ നിർവഹണ സംവിധാനങ്ങളിലൊന്നിൽ ഗുരുതര സുരക്ഷാ പിഴവ് കണ്ടെത്തി റിപ്പോർട്ട് ചെയ്തതിനാണ് അംഗീകാരം.
യു.എസ് നീതിന്യായ വകുപ്പിന്റെ ഒരു പ്രധാന സംവിധാനത്തിൽ ‘ക്രിട്ടിക്കൽ വൾണറബിലിറ്റി’ കണ്ടെത്തിയതായി നിസർഗ വെളിപ്പെടുത്തി. സുരക്ഷാ കാരണങ്ങളാൽ ഏത് സംവിധാനത്തിലാണ് പിഴവ് കണ്ടെത്തിയതെന്ന് പുറത്തുവിടാനാകില്ലെന്ന് നിസർഗ പറഞ്ഞു. വിവരം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ വകുപ്പ് അത് പരിശോധിച്ച് ശരിയാണെന്ന് സ്ഥിരീകരിക്കുകയും ഒരാഴ്ചക്കുള്ളിൽ സുരക്ഷാ പ്രശ്നം പരിഹരിക്കുകയും ചെയ്തതായി നിസർഗ പറഞ്ഞു. ഇതിന് പിന്നാലെയാണ് നീതിന്യായ വകുപ്പിന്റെ വൾണറബിലിറ്റി റിപ്പോർട്ട് ചെയ്തവരുടെ പട്ടികയിൽ നിസർഗയുടെ പേരും ഉൾപ്പെടുത്തിയത്.
വെബ്സൈറ്റ് പരിശോധിക്കുന്നതിനിടെയാണ് സുരക്ഷാ പിഴവ് കണ്ടെത്തിയതെന്നും ഇതിനായി സ്വന്തമായി തയാറാക്കിയ ചില കസ്റ്റം സ്ക്രിപ്റ്റുകളാണ് ഉപയോഗിച്ചതെന്നും നിസർഗ പറഞ്ഞു. കണ്ടെത്തലിന് യു.എസ് നീതിന്യായ വകുപ്പിൽനിന്ന് സാമ്പത്തിക പ്രതിഫലം ലഭിച്ചിട്ടില്ലെന്നും നിസർഗ കൂട്ടിച്ചേർത്തു.
യു.എസ് നീതിന്യായ വകുപ്പിന് പുറമെ യു.എസ് പ്രതിരോധ വകുപ്പിലും (ഡിപാർട്ട്മെന്റ് ഓഫ് ഡിഫൻസ്) സുരക്ഷാ പിഴവ് കണ്ടെത്തി റിപ്പോർട്ട് ചെയ്തതായി നിസർഗ പറഞ്ഞു. അധികൃതർ അത് പരിശോധിച്ച് പിഴവ് സാധുവാണെന്ന് സ്ഥിരീകരിച്ചെങ്കിലും പരിഹാര നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണെന്നും നിസർഗ കൂട്ടിച്ചേർത്തു.
സി.ബി.എസ്.ഇയുടെ ഔദ്യോഗിക മാർക്ക് അപ്‌ലോഡിങ് പോർട്ടലായ ഓണ്‍ലൈന്‍ സബ്മിഷന്‍ ഓഫ് മാര്‍ക്കിന്റെ ഗുരുതരമായ സുരക്ഷാ പിഴവുകൾ ചൂണ്ടിക്കാണിച്ചതോടെയാണ് എത്തിക്കല്‍ ഹാക്കറായ നിസര്‍ഗ അധികാരി ദേശീയ തലത്തിൽ ശ്രദ്ധേയനാകുന്നത്. വിദ്യാർഥികളുടെയും അധ്യാപകരുടെയും അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങൾ ചോരാൻ ഇത് കാരണമാകുമെന്നും നിസർഗ ചൂണ്ടിക്കാണിച്ചിരുന്നു. അധ്യാപകരുടെ പേര്, റോള്‍ നമ്പര്‍, ബാങ്ക് വിവരങ്ങള്‍ എന്നിവയില്‍ വരെ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്ന വിധത്തിലുള്ള ലൂപ്പ്ഹോളുകളാണ് പോർട്ടലിൽ ഉണ്ടായിരുന്നത്. ഇതിന് പിന്നാലെ നിസർഗക്ക് ഐ.ഐ.ടി കാണ്‍പൂരില്‍ ജോലി ലഭിച്ചിരുന്നു. ഐ.ഐ.ടി കാൺപൂരിലെ പ്രമുഖ സൈബര്‍ സെക്യൂരിറ്റി ഇന്നവേഷന്‍ ഹബ്ബായ ‘C3iHub’ ലാണ് നിയമനം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

