സിഎ പരീക്ഷയിൽ ഒരു ഹാരി പോട്ടർ മാജിക്ക്; ചരിത്രം കുറിച്ച് രാജൻ കബ്ര
text_fieldsകഠിനമായ സിലബസും കടുത്ത മത്സരവും കൊണ്ട് വിദ്യാർഥികളെ വെല്ലുവിളിക്കുന്ന പരീക്ഷയാണ് സിഎ. ആ വെല്ലുവിളി മൂന്ന് തവണ മറികടന്നിരിക്കുകയാണ് മുംബൈ സ്വദേശിയായ രാജൻ കബ്ര. 2025-ലെ സിഎ ഫൈനൽ പരീക്ഷയിൽ അഖിലേന്ത്യാ ഒന്നാം റാങ്ക് നേടിയ രാജൻ, അതിന് മുൻപ് ഫൗണ്ടേഷനിലും ഇന്റർമീഡിയറ്റിലും ഒന്നാം റാങ്ക് നേടിയിരുന്നു. മൂന്നും ആദ്യ ശ്രമത്തിൽ തന്നെ പൂർത്തിയാക്കി എന്നതാണ് നേട്ടത്തെ ചരിത്രമാക്കുന്നത്.
രാജന്റെ പഠനരീതി മനഃപാഠമാക്കലായിരുന്നില്ല. ഓരോ കൺസെപ്റ്റും എന്തുകൊണ്ടെന്നും എങ്ങനെയെന്നും ആഴത്തിൽ മനസ്സിലാക്കി, അത് യഥാർത്ഥ ബിസിനസ് സാഹചര്യത്തിൽ എങ്ങനെ പ്രയോഗിക്കാം എന്ന് ചിന്തിക്കുമായിരുന്നു. പാഠപുസ്തകം മനഃപാഠമാക്കി എഴുതാനുള്ള കഴിവല്ല, മറിച്ച് ആശയങ്ങളിലെ വ്യക്തതയും വിശകലന ശേഷിയുമാണ് പരീക്ഷകർ ഉദ്യോഗാർഥികളിൽ വിലയിരുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സിഎ യാത്രയിൽ അപ്രതീക്ഷിതമായൊരു പ്രചോദനവും അദ്ദേഹത്തിന് കൂട്ടായി ഉണ്ടായിരുന്നു. ഹാരി പോട്ടർ. പ്രത്യേകിച്ച് ഏഴാമത്തെ പുസ്തകം. കഥാപാത്രങ്ങളുടെ പോരാട്ടവും തളരാത്ത പ്രതീക്ഷയും പരീക്ഷയുടെ സമ്മർദ്ദഘട്ടങ്ങളിൽ മനസ്സിന് കരുത്തായെന്നും പഠനത്തിന്‍റെ നീണ്ട മണിക്കൂറുകളെ മറികടക്കാൻ ആ കഥകൾ സഹായിച്ചുവെന്നും രാജൻ പറഞ്ഞു.
രാജന്‍റെ വിജയത്തിന് പിന്നിൽ കുടുംബത്തിന്റെ പിന്തുണ നിർണായകമായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റായ പിതാവ് ആയിരുന്നു ആദ്യത്തെ ഗുരു. സംശയങ്ങൾക്ക് വീട്ടിൽ തന്നെ ഉത്തരം ലഭിക്കുന്നത് രാജന്‍റെ ആത്മവിശ്വാസം കൂട്ടി.
പുസ്തകത്തിനുള്ളിൽ മാത്രം ഒതുങ്ങിയില്ല രാജന്റെ ലോകം. സംവാദ വേദികൾ, അന്താരാഷ്ട്ര കോൺഫറൻസുകൾ, നിരന്തരമായ വായന തുടങ്ങിയവ അദ്ദേഹത്തെ ഒരു സമ്പൂർണ പ്രൊഫഷണലാക്കാൻ സഹായിച്ചിട്ടുണ്ട്. നിലവിൽ മോത്തിലാൽ ഓസ്വാളിന്റെ പ്രൈവറ്റ് ഇക്വിറ്റി വിഭാഗത്തിൽ ജോലി ചെയ്യുകയാണ് രാജൻ കബ്ര. ഇതിനു മുൻപ് ലോകപ്രശസ്ത കൺസൾട്ടിങ് സ്ഥാപനമായ ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പിലും (ബിസിജി), ബിഗ് ഫോർ ഓഡിറ്റിങ് സ്ഥാപനമായ കെപിഎംജിയിലും പ്രവർത്തിച്ചിട്ടുണ്ട്.
കൃത്യമായ ആസൂത്രണം, പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാനുള്ള കഴിവ്, മാർക്കിനപ്പുറമുള്ള വളർച്ച ഇതാണ് രാജന്റെ വിജയകഥ സിഎ വിദ്യാർഥികൾക്ക് നൽകുന്ന സന്ദേശം.

