Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഠനത്തിന് പണത്തിനായി എരുമകളെ മേയ്ച്ചു; ടി.വി സീരിയലിലെ ഐ.എ.എസ് കഥാപാത്രം സ്വപ്നമായി, കലക്ടർ വൻമതിയുടെ ജീവിതകഥ

text_fields
bookmark_border
vanmathi c ias
cancel

ചെന്നൈ: സ്വപ്നം യാഥാർഥ്യമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, ​പ്രത്യേകിച്ച് സാമ്പത്തിക പ്രതിസന്ധികളും കുടുംബ ഉത്തരവാദിത്തങ്ങളും യാഥാർഥ്യത്തോടെ മുമ്പിൽ നിൽക്കു​മ്പോൾ. അത്തരം പ്രതിസന്ധികളെ മറികടന്ന് സിവിൽ സർവിസ് എന്ന സ്വപ്നം യാഥാർഥ്യമാക്കിയ കഥയാണ് തമിഴ്നാട്ടിലെ സി. വൻമതിയുടേത്. 2014ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ 152ാം റാങ്ക് നേടിയാണ് വൻമതി ഐ.എ.എസ് നേടിയത്. നിലവിൽ മഹാരാഷ്ട്രയിലെ വാർധ ജില്ലയിലെ കലക്ടറാണ്.

തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ സത്യമംഗലം സ്വദേശിയാണ് വൻമതി. ടാക്സി ഡ്രൈവറായിരുന്ന പിതാവിന്റെ വരുമാനത്തിലായിരുന്നു കുടുംബം മുന്നോട്ടുപോയിരുന്നത്. എന്നാൽ, അച്ഛന്റെ വരുമാനം ഒന്നിനും തികയാതെയായി. വലിയ ക്ലാസുകളിലേക്ക് എത്തിയതോടെ വിദ്യാഭ്യാസത്തിനും വീട്ടുചെലവുകൾക്കും പണം കണ്ടെത്തേണ്ടി വന്നു. ഉത്തരവാദിത്തങ്ങളെല്ലാം വൻമതിയുടെ ചുമലിലാകുകയും ചെയ്തു. ഇതോടെ വരുമാനത്തിനായി എരുമകളെ വാങ്ങി വളർത്താൻ തീരുമാനിച്ചു. എരുമകളുടെ പൂർണ ഉത്തരവാദിത്തം വൻമതിക്കായിരുന്നു. സ്കൂളിൽ പോകുന്നതിന് മുമ്പുതന്നെ എരുമകൾക്ക് പുല്ലും വെള്ളവുമെല്ലാം ഒരുക്കിവെക്കും. സ്കൂൾ കഴിഞ്ഞെത്തിയാൽ എരുമകളെ മേയ്ക്കുകയും വീട്ടുജോലികളിൽ സഹായിക്കുകയും ചെയ്യും. വരുമാനം കണ്ടെത്താൻ ചെറിയ ചില ജോലികളും ആ പെൺകുട്ടി ചെയ്തുപോന്നു.

പ്ലസ്ടുവിനെത്തിയതോടെ വിവാഹം കഴിക്കാൻ നിർബന്ധിച്ച് കുടുംബവും ബന്ധുക്കളും ചുറ്റുംകൂടി. വിവാഹം കഴിഞ്ഞാൽ പഠനം തുടരാൻ കഴിയില്ലെന്ന് വൻമതിക്ക് നിശ്ചയമുണ്ടായിരുന്നു. ഇതോടെ തുടർന്ന് പഠിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനുമാണ് തന്റെ തീരുമാനമെന്ന് വൻമതി വീട്ടുകാരെ അറിയിച്ചു. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും മാതാപിതാക്കൾ പിന്തുണ നൽകുകയും ചെയ്തു.

സ്കൂൾ പഠനകാലത്ത് ‘ഗംഗാ യമുനാ സരസ്വതി’ എന്ന ടെലിവിഷൻ പരമ്പരയിലെ ഐ.എ.എസ് ഉദ്യോഗസ്ഥയായ കഥാപാത്രമാണ് സിവിൽ സർവിസ് നേടാൻ പ്രചോദനമായതെന്ന് വൻമതി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെറുപ്പം മുതൽ പഠനത്തിൽ മാത്രമായിരുന്നു വൻമതിയുടെ ശ്രദ്ധ. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. അതിനിടയിലും ചെറിയ ചില ജോലികൾ തുടർന്നുകൊണ്ടിരുന്നു. പിന്നീടാണ് യു.പി.എസ്.സി തയാറെടുപ്പ് തുടർന്നത്.

യു.പി.എസ്.സിയുടെ അഭിമുഖഘട്ടത്തിനായി തയാറെടുക്കുന്നതിനിടെ പിതാവിന് അസുഖം ബാധിച്ചു. കുടുംബ ഉത്തരവാദിത്തങ്ങൾക്കും പിതാവിന്റെ ആശുപത്രിവാസത്തിനുമിടയിൽ സിവിൽ സർവീസ് പരീക്ഷയുടെ അവസാന ഘട്ടത്തിന് തയാറെടുത്തു കൊണ്ടിരുന്നു. സാഹചര്യങ്ങൾ എതിരായിരുന്നെങ്കിലും വൻമതി അഭിമുഖത്തിന് ഹാജരായി. ഒടുവിൽ 2014ലെ സിവിൽ സർവീസ് പരീക്ഷയിൽ വൻമതി ആൾ ഇന്ത്യ 152ാം റാങ്ക് നേടി ഐ.എ.എസ് എന്ന സ്വപ്നം കൈയെത്തിപ്പിടിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Buffalo Herder to IAS Officer Vanmathis Journey
Next Story