ബ്രവേ പരീക്ഷയിൽ മികച്ച വിജയവുമായി യു.പി സ്വദേശി
text_fieldsഅയാൻ
മാഹി: യു.പി സ്വദേശി മുസ്തക്കിന്റെയും രേഷ്മയുടെയും മൂത്തമകൻ അയാനാണ് താരം. കേരള എസ്.എസ്.എൽ.സി പൊതു പരീക്ഷക്ക് തത്തുല്യമായ ബ്രവേ എലൈമാന്തേര് ഫ്രഞ്ച് പരീക്ഷയിൽ മികവാർന്ന വിജയം നേടി യു.പിയിലെയും അഴിയൂരിലെയും ബന്ധുക്കളുടെ മുന്നിലും മാഹിയിലെ മറ്റു സഹപാഠികൾക്കിടയിലും താരമായി മാറിയിരിക്കുകയാണ് അയാൻ.
ഉപജീവനത്തിനായി ഉത്തർപ്രദേശ് അംറോഹയിൽ നിന്ന് കേരളത്തിലെത്തിയ അയാന്റെ പിതാവ് മുസ്തക്കി മാഹിയുടെ ചരിത്രവും ഫ്രഞ്ച് ഭാഷ പഠിപ്പിക്കുന്ന സ്കൂളിനെക്കുറിച്ചും അറിഞ്ഞപ്പോൾ മകനെ ഫ്രഞ്ച് പഠിപ്പിക്കണമെന്ന് ആഗ്രഹിച്ചു. മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ ബാർബർ ഷോപ്പ് നടത്തുകയാണ് മുസ്തക്കി.
ഇതേ തുടർന്നാണ് അഴിയൂരിലെ വിദ്യാലയത്തിൽ പഠിച്ചുകൊണ്ടിരുന്ന അയാനെ ഫ്രഞ്ച് മീഡിയം വിദ്യാലയമായ എക്കോൽ സംന്ത്രാൽ എ കൂർ ക്ലോംപ്ലേ മാന്തേർ മഹെയിലേക്ക് മാറ്റി ചേർത്തത്. ഈ വിദ്യാലത്തിലെ മുഖ്യ വിഷയങ്ങൾ ഫ്രഞ്ചിൽ ആണ് പഠിക്കുന്നത് ഇതിനൊപ്പം ഉപഭാഷയായി ഇംഗ്ലീഷും മലയാളവുമുണ്ട്. എഴുത്ത് പരീക്ഷയ്ക്കൊപ്പം വാചാ പരീക്ഷയും ഉണ്ട്.
പുതുച്ചേരിയിലാണ് വാചാപരീക്ഷ. ഇതിനൊപ്പം തന്നെ കായിക പരീക്ഷയും തുന്നൽ പരീക്ഷയുമുണ്ട്. മാഹിക്ക് പുറമേ കാരയ്ക്കലിൽ ഒരു സ്കൂളുകളിലും പുതുച്ചേരിയിൽ രണ്ട് സ്കൂളുകളിലുമാണ് നിലവിൽ ഫ്രഞ്ച് മാധ്യമത്തിലുള്ള പഠനം. വീട്ടിൽ ഹിന്ദിയും കൂട്ടുകാരോട് മലയാളം സംസാരിച്ചിരുന്ന ഇംഗ്ലീഷ് പഠിച്ചു തുടങ്ങിയ അയാന് ഫ്രഞ്ചും വളരെ വേഗത്തിൽ വഴങ്ങി.
ഇന്നിതാ വിദ്യാലയത്തിനും രക്ഷിതാക്കൾക്കും അഭിമാനമായി മാറി പത്താം തരം പരീക്ഷ ഫ്രഞ്ചിൽ എഴുതി വിജയിച്ച് അയാൻ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഫ്രഞ്ച് സ്കൂളിൽ നിന്ന് ബ്രവേ പാസാകുന്ന കുട്ടികൾക്ക് മാഹി ജവഹർലാൽ നെഹ്റു എച്ച്.എസ്.എസിൽ 11 ാം ക്ലാസിൽ സീറ്റ് റിസർവേഷനുണ്ട്.
അതിനാൽ സയൻസ് വിഷയമെടുത്ത് 12 പാസായി സോഫ്റ്റ് വേർ എൻജിനിയറിങ് കോഴ്സിന് ചേരാനാണ് അയാന് ആഗ്രഹം. ഫ്രഞ്ച് ഭാഷയിൽ നിരവധി തൊഴിൽ സാധ്യതയാണുള്ളതെന്നും മക്കളെ ഫ്രഞ്ച് പഠിപ്പിച്ചാൽ ഫ്രാൻസിലും മറ്റ് രാജ്യങ്ങളിലും തൊഴിൽ ലഭിക്കാൻ ഉപകരിക്കുമെന്നും അയാന്റെ അമ്മ രേഷ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

