ബി.ജെ.പി എം.എൽ.എ കൈലാഷ് ഗെഹലോട്ടിന്റെ മകൾക്ക് സി.യു.ഇ.ടിയിൽ ഒന്നാം റാങ്ക്; ‘നേട്ടം അപ്രതീക്ഷിതം, ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല’
text_fieldsന്യൂഡൽഹി: കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി) യു.ജി പരീക്ഷയിൽ ഡൽഹിയിലെ ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയുമായ കൈലാഷ് ഗെഹലോട്ടിന്റെ മകൾ ദേവിന ഗെഹലോട്ടിന് അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്ക്. ഡൽഹിയിലെ ഡി.പി.എസ് വസന്ത് കുഞ്ച് സ്കൂളിലെ വിദ്യാർഥിനിയാണ് ദേവിന.
മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെങ്കിലും ഈ നേട്ടം അപ്രതീക്ഷിതമായിരുന്നുവെന്ന് ദേവിന പ്രതികരിച്ചു. നല്ല മാർക്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും ദേശീയ തലത്തിൽ ഒന്നാം റാങ്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ല. എല്ലാ ദിവസവും ദീർഘനേരം പഠിക്കാൻ സമയം കണ്ടെത്താറില്ല. എന്നാൽ അച്ചടക്കം പാലിച്ച് ഇടവേളകൾ എടുത്തായിരുന്നു പഠനം. സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾക്കായി നടത്തിയ തയാറെടുപ്പ് സി.യു.ഇ.ടിക്ക് സഹായിച്ചു. പ്രധാനമായും എൻ.സി.ഇ.ആർ.ടി പാഠപുസ്‍തകങ്ങളെയാണ് ആശ്രയിച്ചത്. കൂടാതെ മുൻ ചോദ്യപേപ്പറുകൾ വിശകലനം ചെയ്യുകയും ചെയ്തു. കോച്ചിങ് ക്ലാസുകളെ ആശ്രയിക്കാതെ സ്വയംപഠനത്തിനും എൻ.സി.ഇ.ആർ.ടി പാഠപുസ്തകങ്ങൾക്കും മുൻഗണന നൽകിയതാണ് വിജയത്തിന് പിന്നിലെ പ്രധാന കാരണമെന്നും ദേവിന പറഞ്ഞു. ദിവസവും മണിക്കൂറുകളോളം പഠിക്കുന്നതിനേക്കാൾ സ്ഥിരതയോടെയുള്ള പഠനവും പതിവ് റിവിഷനും ആശയങ്ങളുടെ വ്യക്തതയും കൂടുതൽ പ്രാധാന്യമുള്ളതാണ്. അമിതമായ മാനസിക സമ്മർദ്ദം പ്രകടനത്തെ ബാധിക്കുമെന്നും അത് ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും ദേവിന കൂട്ടിച്ചേർത്തു. മകളുടെ വിജയത്തിൽ താൻ വളരെയധികം സന്തോഷവാനാണെന്ന് കൈലാഷ് ഗെഹലോട്ട് പ്രതികരിച്ചു.
15.68 ലക്ഷത്തിലധികം വിദ്യാർഥികൾ സി.യു.ഇ.ടിക്ക് രജിസ്റ്റർ ചെയ്തിരുന്നു. 11,64,098 വിദ്യാർഥികൾ എഴുതിയ പരീക്ഷയുടെ ഫലം ജൂൺ 23നാണ് എൻ.ടി.എ പ്രഖ്യാപിച്ചത്. രാജ്യത്തെ 280ലധികം സർവകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് ഈ ഫലമാണ് അടിസ്ഥാനമാക്കുന്നത്. മേയ് 11 മുതൽ 31 വരെയും ജൂൺ ആറ്, ഏഴ് തീയതികളിലുമായി 321 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയത്. കേന്ദ്ര സർവകലാശാലകളിലെയും ഏതാനും സംസ്ഥാന, കൽപിത, സ്വകാര്യ സർവകലാശാലകളിലെയും അണ്ടർ ഗ്രാജുവേറ്റ് പ്രവേശനത്തിനുള്ള പൊതുപരീക്ഷയാണ് സി.യു.ഇ.ടി യു.ജി. ഒരു പരീക്ഷ എഴുതിയാൽ പല ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അവസരം ലഭിക്കും. പ്രവേശനത്തിനുള്ള കട്ട്-ഓഫ്, മെറിറ്റ് ലിസ്റ്റ്, കൗൺസിലിങ് തുടങ്ങിയ നടപടികൾ ബന്ധപ്പെട്ട സർവകലാശാലകൾ സ്വതന്ത്രമായാണ് പ്രസിദ്ധീകരിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

