ക്രിക്കറ്റും സ്റ്റാൻഡ്-അപ്പ് കോമഡിയും ആസ്വദിച്ചു, കൂടെ പഠനവും; സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി അനുജ് അഗ്നിഹോത്രി
text_fieldsഅനുജ് അഗ്നിഹോത്രി
ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ ഓൾ ഇന്ത്യ ലെവലിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് രാജസ്ഥാൻ റാവത്ത്ഭട്ട സ്വദേശി ഡോ. അനുജ് അഗ്നിഹോത്രി. ജോധ്പൂരിലെ എയിംസിൽ (AIIMS) നിന്ന് എം.ബി.ബി.എസ് ബിരുദം പൂർത്തിയാക്കിയ അനുജ്, 2023ൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവീസ് പരീക്ഷക്കായി തയ്യാറെടുപ്പ് ആരംഭിച്ചത്. 958 ഉദ്യോഗാർഥികളാണ് ഇത്തവണത്തെ സിവിൽ സർവീസ് പരീക്ഷയിൽ യോഗ്യത നേടിയത്.
സിവിൽ സർവീസിലേക്ക് വഴി തെളിയിച്ച അഭിമുഖം
വൈദ്യശാസ്ത്രം തനിക്ക് ഇഷ്ട്ടമുള്ള മേഖലയാണെങ്കിലും, ഭരണനിർവഹണത്തിന്റെയും പൊതുസേവനത്തിന്റെയും വൈവിധ്യമാർന്ന തലങ്ങളിൽ പ്രവർത്തിക്കാനുള്ള ആഗ്രഹമാണ് തന്നെ സിവിൽ സർവീസിലേക്ക് ആകർഷിച്ചതെന്ന് അനുജ് പറയുന്നു. ഡൽഹിയിലെ മുൻനിര കോച്ചിങ് സെന്ററിലെ പരിശീലന അഭിമുഖത്തിൽ, പൊതുജനാരോഗ്യ സംവിധാനങ്ങളെക്കുറിച്ചും 'ആയുഷ്മാൻ ഭാരത്' പോലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളെക്കുറിച്ചും അനുജ് നടത്തിയ പരാമർശങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു.
ഒരു ഡോക്ടർ എന്ന നിലയിലുള്ള തന്റെ അനുഭവപരിചയം, മഹാമാരി കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾ, ആശുപത്രികളുടെ സജ്ജീകരണം, ആരോഗ്യ അടിയന്തരാവസ്ഥകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ അദ്ദേഹം വ്യക്തമായി വിശദീകരിച്ചു. ഒരു ഡോക്ടർ ആയിരിക്കുക എന്നതിലുപരി രാജ്യത്തിന്റെ ഭരണ പ്രവർത്തനങ്ങളുടെ ഭാഗമായിരിക്കുക എന്നതായിരുന്നു എന്റെ പരമപ്രധനമായ ലക്ഷ്യമെന്നും അനുജ് പറഞ്ഞു.
എം.ബി.ബി.എസ് കാലഘട്ടത്തിൽ അഞ്ച് വർഷം ബാച്ച് പ്രതിനിധിയായി പ്രവർത്തിച്ച അനുജ്, വിദ്യാർഥികളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിലും കോളേജിലെ സാംസ്കാരിക, അക്കാദമിക് പരിപാടികൾ ഏകോപിപ്പിക്കുന്നതിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പഠനത്തിനപ്പുറം ക്രിക്കറ്റിനോടും സ്റ്റാൻഡ്-അപ്പ് കോമഡിയോടും താൽപ്പര്യമുള്ള വ്യക്തികൂടിയാണ് ഇത്തവണത്തെ സിവിൽ സർവീസ് ടോപ്പർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

