ഐഫോൺ ആപ്പിലെ ബഗ് ഇനി എഐ പരിഹരിക്കും; ഗൂഗ്ളിന്റെ ഹാക്കത്തോണിൽ തിളങ്ങി ഐഐടി മദ്രാസ് വിദ്യാർഥി
text_fieldsഎകെ ദീപാങ്കർ
ചെന്നൈ: ആപ്പ് നിർമ്മാതാക്കളുടെ തലവേദനയായ ബഗ് കണ്ടെത്തി പരിഹരിക്കാൻ എഐ സംവിധാനം വികസിപ്പിച്ച് ഐഐടി മദ്രാസ് വിദ്യാർഥി. ഗൂഗ്ൾ നടത്തിയ ഓൾ തിങ്സ് ഏജന്റിക് ഹാക്കത്തോണിലാണ് ഐഐടി മദ്രാസിലെ ബിഎസ് ഡാറ്റാ സയൻസ് വിദ്യാർഥിയായ എകെ ദീപാങ്കർ 10,000 ഡോളർ സമ്മാനം സ്വന്തമാക്കിയത്. ഐഫോൺ ആപ്പുകളിലെ തകരാറുകൾ സ്വയം കണ്ടെത്തി തിരുത്തുന്ന ഷിപ്പ്ഗാർഡ് എന്ന സംവിധാനമാണ് ഈ നേട്ടത്തിന് പിന്നിൽ.
ആപ്ലിക്കേഷന്റെ പരീക്ഷണ ഘട്ടത്തിൽ ഒരു ബഗ് റിപ്പോർട്ട് വന്നാൽ ഷിപ്പ്ഗാർഡ് ഉണ്ടെങ്കിൽ പിന്നെ ഡെവലപ്പർമാർ മണിക്കൂറുകളോളം കോഡിനുള്ളിൽ തിരയേണ്ടതില്ല. ഷിപ്പ്ഗാർഡിന്റെ എഐ ഏജന്റ് ആ കോഡ് തനിയെ കണ്ടെത്തി പരിഹാരം നിർദേശിക്കും. അത് ശരിയാണോ എന്ന് എക്സ്കോഡിൽ തന്നെ പരീക്ഷിച്ചുറപ്പിച്ച് ഗിറ്റ്ഹബ്ബിൽ പുൾ റിക്വസ്റ്റായി, അതായത് തയ്യാറായ പരിഹാരം ഡെവലപ്പർമാരിലേക്ക് എത്തിക്കും. അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഡെവലപ്പർമാർ തന്നെയാണ്. ഇതോടെ ബഗ് പരിഹരിക്കാനുള്ള സമയം മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും. ഗൂഗ്ളിന്റെ ജെമിനിയുടെയും ഏജന്റ് ഡെവലപ്മെന്റ് കിറ്റിന്റെയും കരുത്തിലാണ് ഷിപ്പ്ഗാർഡ് പ്രവർത്തിക്കുന്നത്.
ഇത് ദീപാങ്കറിന്റെ ആദ്യ വിജയമല്ല. ഈ വർഷം ആദ്യം റവന്യൂകാറ്റ് ഷിപ്പ്‌യാർഡ് ഹാക്കത്തോണിൽ 20,000 ഡോളറും ഇദ്ദേഹം സ്വന്തമാക്കിയിരുന്നു. സ്ത്രീകൾക്കായി ദീപാങ്കർ ഉണ്ടാക്കിയ ബ്ലൂം എന്ന ആപ്പിനായിരുന്നു അന്ന് പുരസ്കാരം. ലക്ഷ്യങ്ങളെ ദിവസത്തെ ശീലങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന ആപ്പാണിത്. ദിവസവും ശീലങ്ങൾ പാലിക്കുമ്പോൾ ആപ്പിനുള്ളിലെ ഡിജിറ്റൽ പൂന്തോട്ടം വളരും. ഒപ്പം പണം കൈകാര്യം ചെയ്യാനുള്ള മിനി ഗെയിമുകളും ജേണൽ എഴുതാനുള്ള എഐ സഹായവും യാത്രകൾ രേഖപ്പെടുത്താനുള്ള മാപ്പും എല്ലാം ബ്ലൂമിലുണ്ട്.
രണ്ട് ഹാക്കത്തോണുകളിലായി 30,000 ഡോളറാണ് ഈ ഇരുപതുകാരൻ നേടിയത്. കേന്ദ്രീയ വിദ്യാലയത്തിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം 2022 ലാണ് ഐഐടി മദ്രാസിൽ നാല് വർഷത്തെ ഡാറ്റാ സയൻസ് വിഷയത്തിൽ ബിരുദമെടുക്കുന്നത്. പഠനത്തിനൊപ്പം ഐഐടിയുടെ ഔദ്യോഗിക മീഡിയ ഹൗസായ പാരഡോക്സിന്റെ വെബ്സൈറ്റ് ടീമിലും യുഐ ഡെവലപ്പറായും പ്രവർത്തിച്ചിട്ടുണ്ട്. വാക്കുകളുടെ ഉത്ഭവം പറയുന്ന എറ്റിമോ, ഓഡിയോ വിഡിയോ എഡിറ്റിംഗ് എളുപ്പമാക്കുന്ന ക്ലിപ്പ് ഇറ്റ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ ദീപാങ്കർ ഇതിനോടകം കൈവെച്ചു കഴിഞ്ഞിട്ടുണ്ട്.

