ട്രെയിനിൽ പോലും കയറിയിട്ടില്ലാത്ത 12 കാരി അമേരിക്കയിലെ നാസ സന്ദർശിക്കാൻ പോകുന്നു
text_fieldsമൂന്നര കിലോമീറ്റർ നടന്നാണ് അദിതി പാർഥെ എന്ന 12 കാരി എന്നും സ്കൂളിൽ പോയിരുന്നത്. പൂനെയിലെ ഭോർ താലൂക്കിലെ നിഗുഡഘർ ജില്ലാ പരിഷത്ത് സ്കൂളിലെത്താൻ രാവിലെ ഒമ്പതുമണിക്കാണ് അവൾ വീട്ടിൽനിന്നിറങ്ങുക. വൈകീട്ട് അഞ്ചിന് അതേ റൂട്ട് വഴി അവൾ സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയും ചെയ്യും. മൺകുടിലിലായിരുന്നു അവളും കുടുംബവും താമസിക്കുന്നത്. ആ വീട്ടിൽ അമ്മയുടെ മൂത്ത സഹോദരനും കുടുംബത്തിനും ഒപ്പമാണ് അവളും അച്ഛനും അമ്മയും താമസിച്ചിരുന്നത്. അച്ഛന് കൂലിപ്പണിയാണ്.
ആ വീട്ടിലെ ഒരാൾക്ക് പോലും സ്മാർട്ഫോൺ ഉണ്ടായിരുന്നില്ല. സ്കൂളിൽ കംപ്യൂട്ടറും ഇല്ലായിരുന്നു. ഈ കടമ്പകളെല്ലാം കടന്നാണ് ഈ വർഷാവസാനം നാസ സന്ദർശിക്കാൻ തെരഞ്ഞെടുക്കപ്പെട്ട 25 കുട്ടികളിൽ അവളും ഉൾപ്പെട്ടത്. താൻ തെരഞ്ഞെടുക്കപ്പെട്ട വിവരമറിഞ്ഞപ്പോൾ അവളുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു.
ഇന്റർ-യൂനിവേഴ്സിറ്റി സെന്റർ ഫോർ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സുമായി (ഐ.യു.സി.എ.എ) സഹകരിച്ചാണ് ജില്ലാ പരിഷത്ത് 6,7 ക്ലാസുകളിൽ നിന്നുള്ള 75 വിദ്യാർഥികളെ തെരഞ്ഞെടുത്തത്. ആഗസ്റ്റിലാണ് മൂന്ന്ഘട്ടമായുള്ള പരീക്ഷ അവസാനിച്ചത്. 50 വിദ്യാർഥികൾക്ക് തിരുവനന്തപുരത്തെ ഐ.എസ്.ആർ.ഒ സന്ദർശിക്കാൻ അവസരം ലഭിച്ചു. 25 പേർക്ക് നാസ സന്ദർശിക്കാനും. ഏഴാം ക്ലാസിൽ പഠിക്കുന്ന അദിതി ഇതുവരെ ഒരു ട്രെയിനിൽ പോലും കയറിയിട്ടില്ല. ആ പെൺകുട്ടിക്കാണ് യു.എസ് ബഹിരാകാശ ഏജൻസിയായ നാസ സന്ദർശിക്കാൻ അവസരം കിട്ടിയത്.
ഹെഡ്മാസ്റ്റർ അമ്മയെയും ബന്ധുവിനെയും വിളിച്ച് കാര്യം പറയുമ്പോൾ സന്തോഷം കൊണ്ട് അവർക്ക് കണ്ണീരടക്കാനായില്ലെന്ന് അദിതി പറയുന്നു. 13, 671 വിദ്യാർഥികളാണ് പരീക്ഷയുടെ ആദ്യറൗണ്ടിൽ പങ്കെടുത്തത്. അവരിൽ നിന്ന് 10 ശതമാനം വിദ്യാർഥികളെ രണ്ടാംഘട്ട പരീക്ഷക്ക് തെരഞ്ഞെടുത്തു. ഓൺലൈൻ വഴിയായിരുന്നു ആ പരീക്ഷ. സ്കൂളിൽ കംപ്യൂട്ടറില്ല എന്നതായിരുന്നു അദിതിയും മറ്റ് കുട്ടികളും നേരിട്ട പ്രധാന വെല്ലുവിളി. എന്നാൽ ഹെഡ്മാസ്റ്റർ അദ്ദേഹത്തിന്റെ ലാപ്ടോപ് അവർക്ക് നൽകി. അവസാന റൗണ്ടിലേക്ക് 235 വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. പേഴ്സനൽ ഇന്റർവ്യൂ അടക്കമുണ്ടായിരുന്നു ആ ഘട്ടത്തിൽ. ബയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ജ്യോഗ്രഫി എന്നീ വിഷയങ്ങളിൽ നിന്നായിരുന്നു പ്രധാനമായും ചോദ്യങ്ങൾ. ആ പരീക്ഷയിലും അദിതി വിജയിച്ചു.
''വിമാനം പോലും കണ്ടിട്ടില്ലാത്ത ഞങ്ങൾ അതിൽ യാത്ര ചെയ്യുന്നത് സ്വപ്നം പോലുംകണ്ടിട്ടില്ല. അദിതിക്ക് അത് സാധിച്ചതിൽ ഞങ്ങൾ അഭിമാനം കൊള്ളുന്നു. ഞങ്ങളുടെ ഗ്രാമത്തിനും അവൾ അഭിമാനമാണ്. വിദ്യാഭ്യാസമില്ലാത്ത ഞങ്ങൾ കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. എന്നാൽ ഞങ്ങളുടെ മക്കൾക്ക് നന്നായി പഠിച്ച് നല്ല ജോലി നേടിയെടുക്കാൻ സാധിക്കട്ടെ''-അദിതിയുടെ അമ്മായി പറയുന്നു. സ്മാർട്സ്ഫോൺ ഉപയോഗിക്കുന്നില്ലെങ്കിലും അദിതിക്ക് നന്നായി ഇംഗ്ലീഷ് അറിയാം. നവംബറിലാണ് അദിതിയടക്കമുള്ള സംഘം യു.എസിലേക്ക് പുറപ്പെടുക. നാസ പര്യടനത്തിൽ ജില്ലാ പരിഷത്തിലെ മൂന്ന് അധ്യാപകരും ഐ.യു.സി.എ.എയിലെ രണ്ട് ജീവനക്കാരും വിദ്യാർഥികൾക്കൊപ്പമുണ്ടാകും. 2.2 കോടിയാണ് പദ്ധതിയുടെ ചെലവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

