Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോലിയിൽനിന്ന് വിരമിച്ചതിന് ശേഷം പുസ്തകങ്ങളിലേക്ക്: 85ാം വയസിൽ മാസ്റ്റേഴ്സ് ബിരുദം, ഇനി ലക്ഷ്യം പി.എച്ച്.ഡി, പഠനം തുടർന്ന് മുൻ സൈനികൻ

text_fields
bookmark_border
Lal Chand
cancel

രു പ്രായം കഴിഞ്ഞാൽ വീട്ടിൽ അടങ്ങികൂടി ഒതുങ്ങിയിരിക്കാനാണ് മിക്കവർക്കും ഇഷ്ടം. പഠനത്തിനും സ്വപ്നങ്ങൾക്കുമെല്ലാം പരിധി നിശ്ചയിക്കുകയും ചെയ്യും. എന്നാൽ ഹരിയാനയിലെ സിർസ സ്വദേശിയായ ലാൽ ചന്ദ് ഗൊദാര അതിൽനിന്ന് വ്യത്യസ്തനാകുകയായിരുന്നു. 76ാം വയസിൽ പുസ്തകങ്ങളിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം 85ാം വയസിൽ മാസ്​റ്റേഴ്സ് ബിരുദം പൂർത്തിയാക്കി. ഇനി പി.എച്ച്.ഡിയോ നിയമബിരുദമോ നേടണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

ചെറുപ്പം മുതലേ പഠിക്കാൻ വലിയ ആഗ്രഹമുള്ളയാളായിരുന്നു ലാൽ ചന്ദ്. എന്നാൽ, ജീവിത സാഹചര്യങ്ങൾ കാരണം പഠനം തുടരാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. 20 വയസിന് മുമ്പ് തന്നെ ഇന്ത്യൻ സൈന്യത്തിൽ ചേർന്നു. പിന്നീട് ഹരിയാന ഗതാഗത വകുപ്പിൽ യാർഡ് മാസ്റ്ററായി ജോലി ചെയ്തു. 2002ൽ ജോലിയിൽനിന്ന് വിരമിച്ച ശേഷമാണ് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്.

കൊച്ചുമക്കളുടെ ചോദ്യങ്ങളാണ് വർഷങ്ങളായി പിതാവിന്റെ മനസിലുണ്ടായിരുന്ന പഠിക്കാനുള്ള ആഗ്രഹം വീണ്ടും ഉണർത്തിയതെന്ന് മകൻ ഡോ. സാഹിബ് റാം ഗോദാര പറഞ്ഞു. 76ാം വയസിൽ പുസ്തകങ്ങൾ വീണ്ടും കൈയിലെടുത്തു. ലാൽ ചന്ദ് അഞ്ച് വർഷത്തിന് ശേഷം, 2023ൽ 81ാം വയസിൽ ബിരുദം പൂർത്തിയാക്കി. തുടർന്ന് മാസ്റ്റേഴ്സ് പഠനത്തിനും ചേർന്നു. എം.എ പരീക്ഷയിൽ 1,200ൽ 965 മാർക്കാണ് ലാൽ ചന്ദ് നേടിയത്.

ഇന്ദിരാഗാന്ധി നാഷണൽ ഓപൺ യൂണിവേഴ്സിറ്റിയായ ഇഗ്നോവിൽ നിന്നാണ് ലാൽ ചന്ദ് ബിരുദങ്ങളും മാസ്റ്റേഴ്സ് ബിരുദവും നേടിയത്. 85ാം വയസിൽ മാസ്റ്റർ ഓഫ് ആർട്സ് പൂർത്തിയാക്കി. ഇനി പി.എച്ച്.ഡി ചെയ്യണമോ നിയമബിരുദം നേടണമോ എന്ന ആലോചനയിലാണ് അദ്ദേഹം.

ജോലിയിൽനിന്ന് വിരമിച്ച ശേഷം അദ്ദേഹം സദാ സജീവമായിരുന്നു. സൈനിക സേവനത്തിന് ശേഷം ഹരിയാന ഗതാഗത വകുപ്പിൽ ജോലി ചെയ്ത അദ്ദേഹം 2002ൽ വിരമിച്ചു. തുടർന്ന് അദ്ദേഹം സ്​പോർട്സിലും സജീവമായി. ഹരിയാന മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് മത്സരങ്ങളിലും മറ്റ് ഇനങ്ങളിലും ലാൽ ചന്ദ് മെഡലുകൾ നേടുകയും ചെയ്തു.

പഠിക്കാനുള്ള ആഗ്രഹത്തിന് പ്രായം ഒരു തടസമാകേണ്ടതില്ലെന്നാണ് ലാൽ ചന്ദിന്റെ നിലപാട്. വിദ്യാഭ്യാസം ഒരാളുടെ കാഴ്ചപ്പാട് വിശാലമാക്കുന്നുവെന്നും പ്രായം എത്രയായാലും പഠിക്കാനുള്ള ആഗ്രഹം അവസാനിക്കരുതെന്നും അദ്ദേഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 85 Year Old Former Soldier Earns Masters From IGNOU Eyes PhD or Law
Next Story