‘മെസ്റ്റ 2026’ന് ഹൈടെക് വെബ്സൈറ്റ്; തിളക്കമായി പത്താം ക്ലാസുകാരന്റെ കോഡിങ് മികവ്
text_fieldsആര്യനന്ദ് കെ. ജ്യോതിസ്
ഇരിമ്പിളിയം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മാതൃകയിൽ മത്സര വിവരങ്ങൾ തത്സമയം വിരൽത്തുമ്പിലെത്തിച്ച് ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കന്ററി സ്കൂളിലെ ''മെസ്റ്റ 2026''. യാതൊരു സാമ്പത്തിക ചെലവുമില്ലാതെ, അത്യാധുനിക സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ച് ഈ ഹൈടെക് വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത് ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആര്യനന്ദ് കെ. ജ്യോതിസാണ്. മത്സരഫലങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനൊപ്പം വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റിലൂടെ സ്വയം ജനറേറ്റ് ചെയ്യാനുള്ള സൗകര്യവും ഇതിലുണ്ട്. മത്സരങ്ങൾ പുരോഗമിക്കുന്നതിനനുസരിച്ച് വിവിധ ഹൗസുകളുടെ പോയന്റ് നിലയും റാങ്കിംഗും ഞൊടിയിടയിൽ അപ്ഡേറ്റ് ചെയ്യപ്പെടും.
വേദികളിലെ സമഗ്രമായ മത്സരക്രമം, ചിത്രങ്ങളും വീഡിയോകളും അടങ്ങിയ മീഡിയ ഗാലറി, സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് മീഡിയ ടീം തയ്യാറാക്കിയ അഭിമുഖങ്ങളും വിശേഷങ്ങളും ഉൾപ്പെടുന്ന സമഗ്ര കവറേജ് എന്നിവയെല്ലാം ഒറ്റ പ്ലാറ്റ്ഫോമിൽ സജ്ജീകരിച്ചിരിക്കുന്നു. ബാഹ്യ ഏജൻസികളുടെയോ സാമ്പത്തിക ബാധ്യതകളുടെയോ സഹായമില്ലാതെ തികച്ചും സ്വതന്ത്രമായാണ് ആര്യനന്ദ് ഈ ഡിജിറ്റൽ സംവിധാനം ഒരുക്കിയത്. ഡാറ്റാബേസ് മാനേജ്മെന്റിനായി ''സുപാബേസ്'' പ്ലാറ്റ്ഫോമും, ഹോസ്റ്റിങ്ങിനായി ''വേഴ്സൽ'' സംവിധാനവുമാണ് ഉപയോഗിച്ചിരിക്കുന്നത്.
നാലാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛൻ വാങ്ങിച്ചു നൽകിയ കമ്പ്യൂട്ടറിലൂടെയാണ് ആര്യനന്ദ് പ്രോഗ്രാമിങ്ങിന്റെ ലോകത്തേക്ക് കടക്കുന്നത്. പിന്നീട് സ്വന്തമാക്കിയ ലാപ്ടോപ് പ്രയോജനപ്പെടുത്തി യൂട്യൂബ് വഴിയാണ് കോഡിങ് വിദ്യകൾ സ്വായത്തമാക്കിയത്. നിലവിൽ എ.ഐ ബോട്ടുകൾ നിർമ്മിക്കുന്നതിലും പ്രാവീണ്യം തെളിയിച്ച ആര്യനന്ദ്, ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിലേക്ക് മലപ്പുറം ജില്ലയിലെ ഡിജിറ്റൽ വിംഗിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 12 പ്രതിഭകളിൽ ഒരാളാണ്. വളാഞ്ചേരിയിലെ പ്രമുഖ ട്യൂഷൻ സെന്ററിലേക്ക് പൂർണ്ണ ഫീച്ചറുകളോടെ വെബ്സൈറ്റ് തയ്യാറാക്കി നേരത്തെയും ശ്രദ്ധ നേടിയിരുന്നു.
അടുത്തതായി എം.ഇ.എസിൽ നടക്കുന്ന സബ് ജില്ലാതല മത്സരങ്ങൾക്കായി വെബ്സൈറ്റ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവ കോഡർ. വളാഞ്ചേരി പാണ്ടികശാല സ്വദേശികളായ ജ്യോതിസ് - വിദ്യ ദമ്പതികളുടെ മകനാണ് ആര്യനന്ദ്. സഹപാഠികളായ ഗായത്രി, അതുൽ ഗോവിന്ദ്, നിഹാൽ കെ.ടി, ജഗദീഷ്, നസീഫ്, ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഇഹ്സാൻ അഹമ്മദ് എന്നിവരും വെബ്സൈറ്റ് പ്രവർത്തനങ്ങളിൽ ഒപ്പമുണ്ടായിരുന്നു. അധ്യാപകരായ കെ. ഹഫ്സമോൾ, ഫൈസൽ, നിഹാൽ എന്നിവരാണ് ഈ കൊച്ചു കൂട്ടായ്മയ്ക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

