100 ശതമാനം കാഴ്ച പരിമിതി: ജ്വൽ മനോജ് ഫുൾ എ പ്ലസ് നേടിയത് സ്വന്തമായെഴുതി
text_fieldsതിരുവമ്പാടി: നൂറു ശതമാനം കാഴ്ച പരിമിതിയുള്ള ജ്വൽ മനോജ് എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയത് സ്വന്തമായി പരീക്ഷയെഴുതി. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ പകർത്തെഴുത്തുകാരനില്ലാതെ ജ്വൽ മനോജ് കമ്പ്യൂട്ടറിൽ പരീക്ഷ എഴുതുകയായിരുന്നു.
കമ്പ്യൂട്ടറിൽ മലയാളത്തിലും ഇംഗ്ലീഷിലും നന്നായി ടൈപ്പ് ചെയ്യാനറിയുന്ന ജ്വലിന്റെ സ്വന്തമായി പരീക്ഷ എഴുതണമെന്ന മോഹം സ്കൂൾ അധികൃതരാണ് സഫലമാക്കിയത്. വിദ്യാർഥിയുടെ അപേക്ഷ പരിഗണിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് പ്രത്യേക അനുമതി നൽകുകയായിരുന്നു. കമ്പ്യൂട്ടർ എൻജീനിയറാകുകയാണ് ജ്വൽ മനോജിന്റെ ആഗ്രഹം. പിയാന വായനയിലും മിടുക്കനാണ്.
ആലുവയിലെ സ്കൂൾ ഫോർ ബ്ലൈന്റിലായിരുന്നു നാലാം ക്ലാസ് വരെ പഠനം. അഞ്ചാം ക്ലാസിൽ തൃശൂർ അത്താണിയിലെ ജെ.എം.ജെ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നതോടെ പൊതു വിദ്യാലയത്തിലായി അധ്യയനം. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂളിലെത്തുന്നത് എട്ടാം ക്ലാസിലാണ്.
തിരുവമ്പാടി കറ്റ്യാട് പാറേകുടിയിൽ മനോജ്-അമ്പിളി ദമ്പതികളുടെ മകനാണ്. ജ്വൽ മനോജിന്റെ ഇരട്ട സഹോദരിയായ ജുവാന മനോജും ഭിന്നശേഷി കാരിയാണ്. ജസ് വിൻ മനോജ്, ജസ് ലിയ മനോജ് എന്നിവരാണ് മറ്റ് സഹോദരങ്ങൾ.