പട്ന: ബിഹാറിലെ ജാമുയി ജില്ലയിലെ 10 വയസുകാരി പെൺകുട്ടിയാണ് ഇപ്പോൾ ഇന്‍റർനെറ്റിലെ സെന്‍സേഷന്‍ താരം. പഠിക്കാനുള്ള അഭിനിവേശത്തിൽ തന്‍റെ വൈകല്യങ്ങൾ പോലും വകവെക്കാതെ ഒറ്റക്കാലിൽ സ്കൂളിൽ പോകുന്ന സീമയുടെ വിഡിയോ നെറ്റിസൺസ് ഹൃദയം കൊണ്ട് ഏറ്റെടുത്തിരിക്കുകയാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കമുള്ള പ്രമുഖരും വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
രണ്ട് വർഷം മുമ്പുണ്ടായ വാഹനാപകടത്തിലാണ് സീമക്ക് തന്‍റെ ഒരു കാൽ നഷ്ടപ്പെടുന്നത്. പക്ഷേ, വിധി നൽകിയ തിരിച്ചടിയിൽ തളരാതെ തന്‍റെ സ്വപ്നങ്ങൾക്കായി പഠിക്കാൻ സീമ തീരുമാനിച്ചു. ദിവസം ഒരു കിലോമീറ്ററോളം ഒറ്റകാലിൽ നടന്നാണ് സീമ സ്കൂളിൽ പോകുന്നത്. പഠനത്തോടൊപ്പം ഗ്രാമത്തിലെ മറ്റ് പെൺകുട്ടികളെ പഠിപ്പിക്കാനും സീമ സമയം കണ്ടെത്താറുണ്ട്. വലുതാകുമ്പോൾ മികച്ച അധ്യാപികയാകണമെന്നാണ് സീമയുടെ ആഗ്രഹം.
സ്കൂളിൽ പോകാനുള്ള സീമയുടെ ആഗ്രഹം തന്നെ ആവേശവാനാക്കിയെന്ന് അരവിന്ദ് കെജരിവാൾ അഭിപ്രായപ്പെട്ടു. രാജ്യത്തെ എല്ലാ കുട്ടികളും നല്ല വിദ്യാഭ്യാസം ആഗ്രഹിക്കുന്നുണ്ട്. സീമയെ പോലുള്ള കുട്ടികൾക്ക് സാധ്യമായ മികച്ച വിദ്യാഭ്യാസം നൽകാന്‍ ഓരോ സർക്കാരും പ്രവർത്തിക്കേണ്ടതുണ്ട്. അതാണ് യഥാർഥ ദേശസ്നേഹമെന്നും വിഡിയോ പങ്കിട്ട് കെജ്രിവാൾ വ്യക്തമാക്കി.
സീമയുടെ വിദ്യാഭ്യാസത്തോടുള്ള അതിയായ ആഗ്രഹത്തെക്കുറിച്ച് അധ്യാപകരും മുത്തശ്ശിയും പറയുന്നതും വിഡിയോയിലുണ്ട്.