ജനറൽ ഇൻഷുറൻസ് കോർപറേഷനിൽ 85 ഓഫിസർ (അസി. മാനേജർ) ഒഴിവ്
text_fieldsജനറൽ ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ സ്കെയിൽ വൺ ഓഫിസർ (അസിസ്റ്റന്റ് മാനേജർ) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 85 ഒഴിവുണ്ട്. മുംബൈ ഹെഡ് ഓഫിസിലേക്കാണ് നിയമനം. ഇന്ത്യയിലെവിടെയും ജോലി ചെയ്യാൻ ബാധ്യസ്ഥമാണ്. റീ ഇൻഷുറൻസ്, റിസ്ക് മാനേജ്മെന്റ് ഉൾപ്പെടെയുള്ള മേഖലകളിലാണ് ജോലി. ശമ്പളനിരക്ക് 50,925-96,765 രൂപ. തുടക്കത്തിൽ പ്രതിമാസം ഏകദേശം 85,000 രൂപയാണ് ശമ്പളം. അക്കാദമിക് മികവുള്ള ഊർജസ്വലരായ യുവ ബിരുദക്കാർക്കാണ് അവസരം.
യോഗ്യത: 60 ശതമാനം മാർക്കിൽ കുറയാതെയുള്ള ബിരുദം. പട്ടികജാതി/പട്ടികവർഗക്കാർക്ക് 55 ശതമാനം മാർക്ക് മതി. പ്രായം 1.10.2023ൽ 21-30 വയസ്സ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.gicre.in ൽനിന്ന് ഡൗൺലോഡ് ചെയ്യാം. ജനുവരി 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
എഴുത്തുപരീക്ഷ, ഗ്രൂപ് ചർച്ച, വ്യക്തിഗത അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.

