ഈ വർഷം 50 പുതിയ മെഡിക്കൽ കോളജുകൾക്ക് അംഗീകാരം
text_fieldsന്യൂഡൽഹി: രാജ്യത്ത് 50 പുതിയ മെഡിക്കൽ കോളജുകൾക്ക് ഈ വർഷം അംഗീകാരം നൽകി. ഇതിൽ 30 എണ്ണം സർക്കാർ മേഖലയിലും 20 സ്വകാര്യ മേഖലയിലുമാണ്. ഇതുവഴി 8,195 ബിരുദ സീറ്റുകളാണ് അധികമായി ഉണ്ടാവുക. ഇതോടെ രാജ്യത്തെ ആകെ മെഡിക്കൽ കോളജുകളുടെ എണ്ണം 702 ആയി. സീറ്റുകളുടെ എണ്ണം 1,07,658ഉം ആയി.
തെലങ്കാന, രാജസ്ഥാൻ, തമിഴ്നാട്, ഒഡിഷ, നാഗാലാൻഡ്, മഹാരാഷ്ട്ര, അസം, കർണാടക, ഗുജറാത്ത്, ഹരിയാന, ജമ്മു-കശ്മീർ, പശ്ചിമബംഗാൾ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പുതുതായി അംഗീകാരം ലഭിച്ച മെഡിക്കൽ കോളജുകൾ.
രണ്ടര മാസത്തിനിടെ ദേശീയ മെഡിക്കൽ കമീഷന്റെ (എൻ.എം.സി) അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ബോർഡ് നടത്തിയ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 38 മെഡിക്കൽ കോളജുകളുടെ അംഗീകാരം പിൻവലിച്ചു. 102 എണ്ണത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകി.
38 മെഡിക്കൽ കോളജുകളിൽ 24 എണ്ണം എൻ.എം.സിക്ക് അപ്പീൽ നൽകിയിട്ടുണ്ട്. ആറെണ്ണം ആരോഗ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. അംഗീകാരം നഷ്ടപ്പെട്ടവർക്ക് ന്യൂനതകൾ പരിഹരിച്ച് ഒരുതവണ എൻ.എം.സിക്കും ഒരുതവണ ആരോഗ്യ മന്ത്രാലയത്തിലും അപ്പീൽ നൽകാൻ അനുമതിയുണ്ട്.
സർക്കാർ കണക്കുകൾ പ്രകാരം 2014 മുതൽ രാജ്യത്ത് മെഡിക്കൽ കോളജുകളുടെ എണ്ണത്തിൽ 69 ശതമാനം വർധനയുണ്ടായി. 2014നു മുമ്പ് 387 ആയിരുന്നുവെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ രാജ്യസഭയിൽ അറിയിച്ചിരുന്നു. എം.ബി.ബി.എസ് സീറ്റുകളുടെ എണ്ണത്തിൽ 94 ശതമാനം വർധനയുണ്ടായി. 2014നു മുമ്പ് 51,348 ആയിരുന്നത് ഇപ്പോൾ 99,763 ആയി. ബിരുദാനന്തര ബിരുദ സീറ്റുകൾ 31,185 ൽനിന്ന് 64,559 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

