മകന് 95 ശതമാനവും മകൾക്ക് 5 ശതമാനവും! ചർച്ചയായി ടി.വി.എസ് കുടുംബത്തിലെ സ്വത്ത് തർക്കം; പിതാവിന് ഇങ്ങനെ സ്വത്ത് വീതിക്കാൻ കഴിയുമോ?
text_fieldsലക്ഷ്മി വേണു, വേണു ശ്രീനിവാസൻ
ചെന്നൈ: പ്രമുഖ വ്യവസായ ഗ്രൂപ്പായ ടി.വി.എസ് കുടുംബത്തിനുള്ളിലെ സ്വത്ത് തർക്കം മദ്രാസ് ഹൈകോടതിയിലെത്തിയതോടെ, ഇന്ത്യയിലെ പിന്തുടർച്ചാവകാശ നിയമങ്ങളും കുടുംബസ്വത്ത് വീതംവെക്കുന്നതിലെ നിയമവശങ്ങളും വീണ്ടും ചർച്ചയാവുകയാണ്. വ്യവസായി വേണു ശ്രീനിവാസന്റെ മകൾ ലക്ഷ്മി വേണു, പിതാവിന്റെ ശാഖയിലുള്ള കൂട്ടുകുടുംബ സ്വത്തുക്കൾ ഭാഗംവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. നിർദ്ദിഷ്ട സ്വത്ത് വിഭജനത്തിലൂടെ ലക്ഷ്മിക്ക് 5 ശതമാനവും സഹോദരൻ സുദർശൻ വേണുവിന് 95 ശതമാനവും ആസ്തികളാണ് ലഭിക്കുന്നതെന്ന് ലക്ഷ്മിയുടെ അഭിഭാഷകൻ സി. ആര്യാമ സുന്ദരം കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, കഴിഞ്ഞ ഏഴെട്ട് വർഷത്തിനിടെ ഉഭയസമ്മതപ്രകാരമുള്ള കരാറുകളിലൂടെ സ്വത്ത് വിഭജനം പൂർത്തിയായതാണെന്നാണ് വേണു ശ്രീനിവാസന്റെ നിലപാട്. ഈ പശ്ചാത്തലത്തിൽ, ഒരു പിതാവിന് തന്റെ മക്കൾക്കിടയിൽ സ്വത്ത് അസമമായി വീതിച്ചു നൽകാൻ നിയമപരമായി സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം.
സ്വയാർജിത സ്വത്തും പാരമ്പര്യ സ്വത്തും: നിയമം പറയുന്നത് എന്ത്?
ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം സ്വത്തിന്റെ സ്വഭാവമനുസരിച്ച് നിയമവശങ്ങളിൽ വലിയ മാറ്റമുണ്ട്.
- സ്വയാർജിത സ്വത്ത്: സ്വന്തം വരുമാനം ഉപയോഗിച്ച് വാങ്ങിയ സ്വത്തുക്കൾ, നിക്ഷേപങ്ങൾ എന്നിവ സ്വയാർജിത സ്വത്തിന്റെ പരിധിയിൽ വരും. സാധുവായ വിൽപ്പത്രം വഴിയോ നിയമപരമായ ദാനാധാരം വഴിയോ ഇത്തരം സ്വത്തുക്കൾ സ്വന്തം ഇഷ്ടപ്രകാരം ആർക്കും വീതിച്ചു നൽകാൻ പിതാവിന് പൂർണ സ്വാതന്ത്ര്യമുണ്ട്. അതിനാൽ, സ്വയാർജിത സ്വത്തിന്റെ വലിയൊരു ഭാഗം മകന് നൽകുകയും മകൾക്ക് കുറഞ്ഞ വിഹിതം നൽകുകയും ചെയ്യുന്നത് നിയമവിരുദ്ധമല്ല. പിതാവിന്റെ ജീവിതകാലത്ത് ഇതിൽ തുല്യ അവകാശം ഉന്നയിക്കാൻ മക്കൾക്ക് കഴിയില്ല.
- പാരമ്പര്യ/കൂട്ടുകുടുംബ സ്വത്ത്: മിതാക്ഷര കൂട്ടുകുടുംബ സ്വത്താണെങ്കിൽ നിയമം വ്യത്യസ്തമാണ്. 2005-ലെ ഹിന്ദു പിന്തുടർച്ചാവകാശ (ഭേദഗതി) നിയമപ്രകാരം, വിവാഹം കഴിഞ്ഞവരാണെങ്കിലും അല്ലെങ്കിലും പെൺമക്കൾക്ക് ആൺമക്കൾക്ക് തുല്യമായ 'കോപാർസെനറി' അവകാശം ലഭിക്കും. 2020-ലെ വിനീത ശർമ vs രാകേഷ് ശർമ കേസിൽ സുപ്രീം കോടതി ഇത് ശരിവെച്ചിട്ടുണ്ട്; ജനനം മുതൽ തന്നെ പെൺമക്കൾക്ക് ഈ അവകാശം ലഭിക്കും. പാരമ്പര്യ സ്വത്തിലെ മകളുടെ നിയമപരമായ വിഹിതം വിൽപ്പത്രത്തിലൂടെ നിഷേധിക്കാൻ പിതാവിന് കഴിയില്ല.
- വിൽപ്പത്രം എഴുതാതെ മരിച്ചാൽ: ഒരു ഹിന്ദു പുരുഷൻ വിൽപ്പത്രം എഴുതാതെ മരിക്കുകയാണെങ്കിൽ, 1956-ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം അദ്ദേഹത്തിന്റെ വ്യക്തിഗത സ്വത്തുക്കൾ 'ക്ലാസ്-1' അവകാശികൾക്ക് തുല്യമായി ലഭിക്കും. ഭാര്യ, അമ്മ, ആൺമക്കൾ, പെൺമക്കൾ എന്നിവർക്ക് തുല്യ വിഹിതത്തിന് അർഹതയുണ്ടാകും. (ഉദാഹരണത്തിന്, നാല് കോടി രൂപയുടെ സ്വത്തുണ്ടെങ്കിൽ ഭാര്യ, അമ്മ, മകൻ, മകൾ എന്നിവർക്ക് ഒരു കോടി രൂപ വീതം ലഭിക്കും).
- പെൺമക്കൾക്ക് വിൽപ്പത്രത്തെ ചോദ്യം ചെയ്യാനാകുമോ? വഞ്ചന, നിർബന്ധം, അനാവശ്യ സ്വാധീനം, മാനസിക ശേഷിയില്ലായ്മ എന്നിവ ചൂണ്ടിക്കാട്ടി വിൽപ്പത്രത്തെ കോടതിയിൽ ചോദ്യം ചെയ്യാം. പാരമ്പര്യ സ്വത്തിലെ അവകാശം നിഷേധിക്കപ്പെട്ടാൽ ഭാഗംവെക്കലിനായി കോടതിയെ സമീപിക്കാനും സാധിക്കും. എന്നാൽ, മുൻപ് നിയമപരമായി നടന്ന ഭാഗപത്രങ്ങളോ ഒഴിഞ്ഞുകൊടുക്കൽ ആധാരങ്ങളോ ഉണ്ടെങ്കിൽ അത് അവകാശവാദങ്ങളെ ബാധിക്കും.
ടി.വി.എസ് കുടുംബത്തിലെ തർക്കത്തിൽ, പ്രസ്തുത ആസ്തികൾ ഇപ്പോഴും ഭാഗംവെക്കാത്ത കൂട്ടുകുടുംബ സ്വത്താണോ അതോ മുൻപ് ഒത്തുതീർപ്പുകളിലൂടെ വിഭജിച്ചതാണോ എന്നതാണ് മദ്രാസ് ഹൈകോടതി പ്രധാനമായും പരിശോധിക്കുക.

