ദി ട്രംപ് ഓർഗനൈസേഷൻ; അമേരിക്ക കഴിഞ്ഞാൽ കൂടുതൽ നിക്ഷേപം ഇന്ത്യയിൽ
text_fieldsഗുരുഗ്രാമിലെ ട്രംപ് ടവറിന്റെ ബ്രോഷറിൽനിന്ന്
ന്യൂഡൽഹി: ട്രംപ് കുടുംബം നിയന്ത്രിക്കുന്ന ദി ട്രംപ് ഓർഗനൈസേഷന് അമേരിക്ക കഴിഞ്ഞാൽ കൂടുതൽ നിക്ഷേപമുള്ള രാജ്യമായി ഇന്ത്യ. രാജ്യത്തെ നിർജീവ വിപണിയെന്ന് ട്രംപ് കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ദി ട്രംപ് ഓർഗനൈസേഷൻ രാജ്യത്ത് പടിപടിയായി നിക്ഷേപം ഉയർത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
ഗുരുഗ്രാം, പുണെ, ഹൈദരാബാദ്, മുംബൈ, നോയിഡ, ബംഗളൂരു എന്നിങ്ങനെ രാജ്യത്തെ പ്രധാന നഗരങ്ങളിലാണ് വിവിധ വൻകിട നിർമാതാക്കളുമായി കൈകോർത്ത് ട്രംപ് ഓർഗനൈസേഷൻ ആഡംബര വാണിജ്യ കെട്ടിട നിർമാണ പദ്ധതികൾ നടപ്പാക്കുന്നത്.
കഴിഞ്ഞ എട്ടുമാസമായി കമ്പനി ഇന്ത്യയിൽ വിപുലീകരണം ശക്തമാക്കിയിട്ടുണ്ട്. 2024 നവംബർ അഞ്ചിന് ട്രംപ് യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തതിന് തൊട്ടുപിന്നാലെ, ഇന്ത്യയിലെ ബിസിനസ് പങ്കാളിയായ ട്രിബേക്ക ഡവലപ്പേഴ്സുമായി ചേർന്ന് ആറിലധികം പുതിയ പദ്ധതികളാണ് പ്രഖ്യാപിച്ചത്. കൽപേഷ് മേത്തയുടെ നേതൃത്വത്തിലുള്ള ട്രിേബക്ക ഡെവലപ്പേഴ്സ് ദി ട്രംപ് ഓർഗനൈസേഷന്റെ ഇന്ത്യയിലെ ഔദ്യോഗിക പങ്കാളിയാണ്.
പദ്ധതികളിൽനിന്നുള്ള കമ്പനിയുടെ ലാഭം സംബന്ധിച്ച് പൂർണ കണക്കുകൾ ഇനിയും ലഭ്യമല്ല. 2012ലാണ് ട്രംപിന്റെ കമ്പനി ഇന്ത്യയിലെ ആദ്യ പദ്ധതി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ, ഏകദേശം 4.3 ദശലക്ഷം ചതുരശ്ര അടി വിസ്തീർണം വരുന്ന മൂന്ന് പദ്ധതികൾ ഈ വർഷം പുണെ, ഗുരുഗ്രാം, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷംവരെ മൂന്ന് ദശലക്ഷം ചതുരശ്ര അടിയായിരുന്നു വാണിജ്യ കെട്ടിട നിർമാണ മേഖലയിൽ ഇന്ത്യയിൽ ട്രംപ് കമ്പനിയുടെ സാന്നിധ്യം. നിലവിൽ പുരോഗമിക്കുന്ന പദ്ധതികൾ പൂർത്തിയാവുന്നതോടെ ഇത് 11 ദശലക്ഷം ചതുരശ്ര അടിയായി ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

