മൂന്നാം ക്ലാസുകാരൻ ഇസാൻ പുതുസംരംഭകൻ
text_fieldsഏയ്... പ്രായത്തിലൊന്നും വലിയ കാര്യല്ലാന്നെ... അഭിരുചികളിലാണ് കാര്യം.ഒരു സോപ്പ് നിർമ്മാതാവിനെ പരിചയപ്പെടാം. വ്യത്യസ്ഥ നിറത്തിലും ആകൃതിയിലും മണത്തിലുമൊക്കെയുള്ള കിടിലൻ ഓർഗ്ഗാനിക്ക് ഹോം മെയ്ഡ് സോപ്പുകൾ സ്വയം നിർമ്മിച്ച് വിൽക്കുന്ന ഒരു കൊച്ചു സംരംഭകനെ. ഇസാൻ അഫാക്കെന്ന ഈ സംരംഭകന് വെറും ഒമ്പത് വയസ്സ് മാത്രമാണ് പ്രായം. ഇസാന്റെ സോപ്പുകൾ കാണാൻ തന്നെ പ്രത്യേക മൊഞ്ചാണ്. കളിപ്പാട്ടത്തിന്റെയും പൂക്കളുടെയുമൊക്കെ ആകൃതിയിൽ നിർമ്മിച്ച സോപ്പുകൾ ഭംഗിയായി പാക്ക് ചെയ്താണ് ആവശ്യക്കാരിലേക്കെത്തിക്കുന്നത്. ഏകദേശം ഒരു വർഷത്തോളമായി ഇസാൻ സ്വന്തമായി നാച്ചുറൽ സോപ്പുകളുണ്ടാക്കി യു.എ.ഇയിൽ വിൽക്കുന്നു. അജ്മാൻ അൽജർഫിലെ ഹാബിറ്റാറ്റ് സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.
ചെറിയ സംരംഭകരുടെ വലിയ സ്വപ്നങ്ങളെ പ്രോത്സാഹിപ്പിക്കുന്ന യു.എ.ഇയിൽ വിവിധ പരിപാടികളുടെ ഭാഗമാകാറുണ്ട് ഇസാൻ. ദുബൈ മുനിസിപ്പാലിറ്റിയുടെ ലിറ്റിൽ എൻറർപ്രണർ ഇവൻറിലൂടെയാണ് ഇസാൻ ആദ്യമായി തന്റെ സോപ്പുകൾ വിൽക്കുന്നത്. പിന്നീട് കൂടുതൽ പ്രചോദനമുൾകൊണ്ട് ഇവൻറുകളിലൂടെ സംരംഭക സ്വപ്നം വളർത്തിയെടുത്തു. ഷാർജ കോപ്പിന്റെ ലിറ്റിൽ എൻറർപ്രണർ ഇവൻറിലും ചിൽഡ്രൻസ് ഡേയോടനുബന്ധിച്ച് ഡമാക്ക് ഹിൽസ് നടത്തിയ പരിപാടിയിലും ഇസാൻ ഭാഗമായിരുന്നു.
ആറു വയസ്സു മുതൽ കുക്കിങ്ങ് കോമ്പറ്റീഷനുകളുടെയൊക്കെ ഭാഗമായി തുടങ്ങിയ ഇസാന് ആദ്യമായി ലഭിച്ച സമ്മാനം നെല്ലറയുടെ കുട്ടിക്കുക്ക് എന്ന മത്സരത്തിലായിരുന്നു. പിന്നീട് പല കുക്കിങ്ങ് മത്സരങ്ങളിലും ഇസാൻ പങ്കെടുത്തിട്ടുണ്ട്. അൽ റവാബി, ക്ലബ് എഫ്.എം, ഹിറ്റ് എഫ്.എം നടത്തിയ കുട്ടികൾക്കായുള്ള മത്സരത്തിലൊക്കെ പങ്കെടുത്ത് വിജയിച്ചു. മാതാപിതാക്കൾ സമ്മാനിച്ച സോപ്പ് മെയ്ക്കിങ്ങ് കിറ്റ് ലഭിച്ചതോടെയാണ് സോപ്പ് നിർമ്മാണത്തിലേക്ക് ഈ കൊച്ച് മിടുക്കനിറങ്ങുന്നത്. ഓർഗ്ഗാനിക്ക് സോപ്പുകൾ നിർമ്മിച്ച് തുടങ്ങിയതോടെ പുതിയ പരീക്ഷണങ്ങളും മാതാപ്പിതാക്കൾക്കൊപ്പം ഇസാൻ നടത്തി തുടങ്ങി. ബോട്ടിൽ ആർട്ടും, ജ്വല്ലറി നിർമ്മാണവുമൊക്കെ ഈ കൊച്ചു മിടുക്കന്റെ പരീക്ഷണങ്ങളുടെ ലിസ്റ്റിലുണ്ട്. ഓരോ പുതിയ അറിവുകളും കൗതുകത്തോടെയാണ് ഇസാൻ നോക്കി കാണാറ്.
പല രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളൊരുമിക്കുന്ന വിവിധ പരിപാടികളുടെ ഭാഗമാകുന്നതോടെ, താൻ സ്വയം നിർമ്മിച്ച വസ്തുക്കൾ വിൽക്കാനുള്ള അവസരം കൂടി ഇസാന് ലഭിക്കുന്നു. തന്റെ അധ്വാനത്തിന്റെ ഫലം കയ്യിൽ കിട്ടുമ്പോൾ ഇസാന് ലഭിക്കുന്ന സന്തോഷം ചെറുതൊന്നുമല്ല. മാതാപിതാക്കളുടെ പിന്തുണ കൂടിയായപ്പോൾ വീണ്ടും മത്സരങ്ങളിൽ പങ്കെടുക്കാനും സമ്മാനങ്ങൾ വാരിക്കൂട്ടാനും ഒപ്പം തന്റെ അധ്വാനത്തിന്റെ ഫലം കൈപറ്റാനുമുള്ള ആവേശത്തിലാണ് ഇസാനിപ്പോൾ. പഠനത്തിലും മിടുക്കനാണ് ഇസാൻ. അഞ്ച് വയസ്സു മുതൽ മെൻറൽ മാത്സ് അബാക്കസ് പരിശീലിക്കുന്നുണ്ട്. ഇൻറർനഷനൽ ലെവലിലും സോൺ തലത്തിലും ചാമ്പ്യനായിട്ടുമുണ്ട്. ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയിൽ എൻജിനീയറായ അബ്ദുൽ മനാഫിന്റെയും നഫ്സീനയുടെയും മൂത്ത മകനാണ് ഇസാൻ. നാട്ടിൽ എറണാങ്കുളം സ്വദേശിയാണ്. താൻ നിർമ്മിച്ച് വ്യത്യസ്ഥ ആകൃതിയിലും നിറത്തിലും മണത്തിലുമൊക്കെയുള്ള സോപ്പുകൾ Izas_soaphouse എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കാറുമുണ്ട് ഇസാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

