ഷിർദി സായിബാബ ക്ഷേത്രത്തെ 175 കോടി ആദായ നികുതിയിൽനിന്ന് ഒഴിവാക്കി
text_fieldsഷിർദി: ഷിർദിയിലെ ശ്രീ സായിബാബ ക്ഷേത്രത്തെ കഴിഞ്ഞ മൂന്ന് വർഷമായി ഈടാക്കിയ 175 കോടി രൂപയുടെ ആദായനികുതി അടക്കുന്നതിൽ നിന്ന് ഒഴിവാക്കി. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ഇളവ് അനുവദിച്ചത്.
2015-16 വർഷത്തെ നികുതി കണക്കാക്കിയപ്പോഴാണ് സംഭാവനപ്പെട്ടിയിൽ ലഭിച്ച പണത്തിന് 30 ശതമാനം ആദായനികുതി ചുമത്തിയത്. ശ്രീ സായിബാബ സൻസ്ഥാൻ മത ട്രസ്റ്റല്ലെന്നും ചാരിറ്റബിൾ ട്രസ്റ്റാണെന്നും വിലയിരുത്തിയായിരുന്നു ആദായനികുതി വകുപ്പ് നടപടി. പി.ടി.ഐ റിപ്പോർട്ടുകൾ പ്രകാരം 183 കോടി രൂപയുടെ നികുതി അടക്കാനാണ് നോട്ടീസ് ലഭിച്ചത്.
ഇതോടെ, ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന്, നികുതിയുടെ തരം നിശ്ചയിക്കുന്നത് വരെ സ്റ്റേ ചെയ്യാൻ ഉത്തരവിട്ടു. തുടർന്നാണ് ശ്രീ സായിബാബ സൻസ്ഥാനെ മത - ചാരിറ്റബിൾ ട്രസ്റ്റായി അംഗീകരിച്ച് സംഭാവന പെട്ടിയിൽനിന്ന് ലഭിച്ച പണത്തിന് നികുതി ഈടാക്കുന്നതിൽ നിന്ന് ഇളവ് നൽകിയത്.