മുമ്പ് അരിക്കും മോരിനും വരെ നികുതി ചുമത്തി; ജി.എസ്.ടി വന്നപ്പോൾ ഇവ നികുതിമുക്തമായി, മോദിയുടെ പ്രസംഗം വൈറൽ
text_fieldsന്യൂഡൽഹി: ഭക്ഷ്യവസ്തുക്കൾക്ക് ഉൾപ്പടെ നികുതി ചുമത്താനുള്ള ജി.എസ്.ടി കൗൺസിലിന്റെ തീരുമാനം പുറത്ത് വന്നതിന് പിന്നാലെ നരേന്ദ്ര മോദിയുടെ പഴയ പ്രസംഗം വൈറൽ. മുമ്പ് ഗോതമ്പ്, അരി, തൈര്, ലസ്സി, മോര് എന്നിവയ്ക്ക് പോലും നികുതി ചുമത്തുമായിരുന്നു. എന്നാൽ ഇന്ന് ജി എസ് ടി വന്നതിന് ശേഷം ഇവയെല്ലാം നികുതിമുക്തമായിരിക്കുന്നു എന്ന പ്രസംഗമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാവുന്നത്. രണ്ട് വർഷങ്ങൾക്ക് മുമ്പ് മോദി നടത്തിയ പ്രസംഗമാണ് വൈറലായത്.
സമൂഹമാധ്യമങ്ങളിൽ മോദിയുടെ പ്രസംഗം ഷെയർ ചെയ്താണ് പലരും പുതിയ നികുതിസമ്പ്രദായത്തിനെതിരെ രംഗത്തെത്തിയത്. പാക്ക് ചെയ്ത വരുന്ന ഭക്ഷ്യവസ്തുക്കൾക്ക് ഉൾപ്പടെ അഞ്ച് ശതമാനം നികുതി ഈടാക്കാനുള്ള തീരുമാനമാണ് ജി.എസ്.ടി കൗൺസിൽ പ്രഖ്യാപിച്ചത്. ഇതിനെതിരെ പാർലമെന്റിൽ ഉൾപ്പടെ പ്രതിഷേധം ഉയർന്നിരുന്നു.
നേരത്തെ ബ്രാൻഡഡ് ഭക്ഷ്യവസ്തുകൾക്ക് മാത്രമായിരുന്നു ജി.എസ്.ടി പ്രകാരം നികുതി ഈടാക്കിയിരുന്നത്. ഇതുമാറ്റിയാണ് വരുമാന വർധന ലക്ഷ്യമിട്ട് പുതിയ സംവിധാനത്തിലേക്ക് മാറിയത്.