ഇന്ധന സർചാർജ് ഉയരും; ചട്ടഭേദഗതിയുമായി കമീഷൻ
text_fieldsപ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തിന് പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിന്‍റെ നഷ്ടം നികത്താൻ ഏർപ്പെടുത്തിയിട്ടുള്ള ഇന്ധന സർചാർജ് പിരിക്കലിന് നിലവിലെ പരിധി ഒഴിവാക്കുന്ന ചട്ടഭേദഗതിക്ക് വൈദ്യുതി റഗുലേറ്ററി കമീഷൻ. സർചാർജിന് ഏർപ്പെടുത്തിയിട്ടുള്ള യൂനിറ്റിന് 10 പൈസ പരിധി ഒഴിവാക്കാൻ കമീഷനോട് കഴിഞ്ഞ മാസം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമാണ് നിലവിലെ ചട്ടത്തിൽ ഭേദഗതിവരുത്തുന്ന കരട് കഴിഞ്ഞ ദിവസം കമീഷൻ പ്രസിദ്ധീകരിച്ചത്. ഇതിൽ ഡിസംബർ 23ന് ഓൺലൈനായി തെളിവെടുപ്പ് നടത്തും.
കമീഷൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നവരെയാണ് തെളിവെടുപ്പിൽ പങ്കെടുപ്പിക്കുക. കരട് സംബന്ധിച്ച അഭിപ്രായങ്ങളും നിർദേശങ്ങളും 23 വരെ കമീഷൻ സെക്രട്ടറിയെ അറിയിക്കാനും അവസരം നൽകും. 2023ലെ കെ.എസ്.ഇ.ആർ.സി (താരിഫ് നിർണയത്തിനുള്ള നിബന്ധനകളും വ്യവസ്ഥകളും) ചട്ടത്തിലാണ് ഭേദഗതി വരുത്തുക. തെളിവെടുപ്പിന് ശേഷം ചട്ടഭേദഗതി നടപ്പാകുന്നതോടെ കെ.എസ്.ഇ.ബിയുടെ വൈദ്യുതി വാങ്ങൽ ചെലവിന് ആനുപാതികമായി ഇന്ധന സർചാർജ് ഉയരും.
ഇത് ഉപഭോക്താക്കൾക്ക് ബാധ്യതയാവും. വേനൽകാലത്താണ് കെ.എസ്.ഇ.ബി ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം വൈദ്യുതി കൂടുതലായി വാങ്ങുന്നത്. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രം അനുവദിക്കുന്ന അധിക വായ്പ ലക്ഷ്യമിട്ടാണ് ഇന്ധന സർചാർജിലെ പരിധി എടുത്തുകളയാനുള്ള നിലപാടിൽ സംസ്ഥാന സർക്കാർ എത്തിയത്. ചട്ടഭേദഗതി നടപ്പാക്കിയാൽ യൂനിറ്റിന് 20-30 പൈസക്ക് മുകളിലേക്ക് ഇന്ധന സർചാർജ് ഉയരാനിടയുണ്ട്.
വൈദ്യുതി വാങ്ങൽ ചെലവ് ഓരോ വർഷവും കൂടുന്ന സാഹചര്യമാണ്. ആഭ്യന്തര ഉൽപാദനം സംസ്ഥാനത്ത് വർധിക്കാത്തതിനാൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വൈദ്യുതിയാണ് കേരളത്തിൽ മുഖ്യമായും ഉപയോഗിക്കുന്നത്. കേരളത്തിൽ ആവശ്യമായതിന്‍റെ 30 ശതമാനത്തിൽ താഴെയായി ആഭ്യന്തര ഉൽപാദനം തുടരുന്നിടത്തോളം വൈദ്യുതി പുറത്തുനിന്നും വാങ്ങുന്നതിന്‍റെ അധികബാധ്യത വൈദ്യുതി ചാർജ് വർധവിലൂടെയും ഇന്ധന സർചാർജിലൂടെയും ഉപഭോക്താക്കളിലെത്തും. കഴിഞ്ഞ വർഷം ഇന്ധന സർചാർജിൽ 23 പൈസ കൂട്ടണമെന്ന ആവശ്യവുമായി കെ.എസ്.ഇ.ബി മുന്നോട്ടുവന്നിരുന്നുവെങ്കിലും കമീഷൻ അംഗീകരിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

