ജി.എസ്.ടി വരുമാനം 1.49 ലക്ഷം കോടിയായി; 15 ശതമാനം വർധന
text_fieldsന്യൂഡൽഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) ഇനത്തിൽ 2022 ഡിസംബറിൽ 1.49 ലക്ഷം കോടി രൂപ സമാഹരിച്ചു. 2021 ഡിസംബറിലെക്കാൾ 15 ശതമാനമാണ് വർധന. 2022 നവംബറിലെക്കാൾ 2.5 ശതമാനം കൂടുതൽ. മെച്ചപ്പെട്ട ഉൽപാദനവും ഉപഭോഗവുമാണ് കാരണം. തുടർച്ചയായി പത്താം മാസമാണ് വരുമാനം 1.40 ലക്ഷം കോടി രൂപക്ക് മുകളിൽ നിൽക്കുന്നത്. 2021 ഡിസംബറിൽ 1.29 ലക്ഷം കോടി രൂപയായിരുന്നു. 2022 ഡിസംബറിൽ സമാഹരിച്ച 1,49,507 കോടി രൂപയിൽ സി.ജി.എസ്.ടി 26,711 കോടി രൂപ, എസ്.ജി.എസ്.ടി 33,357 കോടി രൂപ, ഐ.ജി.എസ്.ടി 78,434 കോടി രൂപ, സെസ് 11,005 കോടി രൂപയുമാണെന്ന് ധനമന്ത്രാലയം അറിയിച്ചു.
ചരക്കുകളുടെ ഇറക്കുമതിയിൽ നിന്നുള്ള വരുമാനം എട്ടു ശതമാനം കൂടുതലാണ്. അതേസമയം, ചരക്ക് ഇറക്കുമതിയിൽ നിന്നുള്ള വരുമാനം 2021 ഡിസംബറിലെക്കാൾ 18 ശതമാനം കൂടുതലാണ്. ജി.എസ്.ടി വരുമാനം ഏപ്രിലിൽ ഏകദേശം 1.68 ലക്ഷം കോടി രൂപയെന്ന റെക്കോഡിലേക്ക് ഉയർന്നിരുന്നു. മേയിൽ (1.41), ജൂൺ (1.45), ജൂലൈ (1.49), ആഗസ്റ്റ് (1.44), സെപ്റ്റംബർ (1.48), ഒക്ടോബർ (1.52), നവംബർ (1.46) എന്നിങ്ങനെയാണ് കണക്ക്.