Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightഅരക്കുയന്ത്രത്തിൽ...

അരക്കുയന്ത്രത്തിൽ കുടുങ്ങിയ കൈ മുറിച്ചുമാറ്റേണ്ടി വരുമെന്ന് ഡോക്ടർമാർ വിധിയെഴുതി; ആ അറ്റുതൂങ്ങിയ കൈയിൽ സ്വപ്നങ്ങൾ തുന്നിച്ചേർത്ത് ജസ്ന സംരംഭകയായി

text_fields
bookmark_border
Jasna
cancel

അരക്കുയന്ത്രത്തിൽ കുടുങ്ങി അറ്റുതൂങ്ങിയ കൈകളുമായി വാഹനം ആശുപത്രിയിലേക്ക് അതിവേഗം കുതിക്കുമ്പോൾ ജസ്നയുടെ മനസ്സിലൂടെ മിന്നിമാഞ്ഞത് വർഷങ്ങളായി ഒരുക്കുകൂട്ടിയ ഒരുപിടി സ്വപ്നങ്ങളായിരുന്നു. എല്ലാം ചെറിയൊരു അശ്രദ്ധയിൽ അറുത്തുമാറ്റപ്പെട്ടുവെന്ന വേദനക്കായിരുന്നു മുറിവിന്റെ വേദനയേക്കാൾ കാഠിന്യം. കൈ മുറിച്ചുമാറ്റേണ്ടി വരുമെന്ന ഡോക്ടർമാരുടെ അഭിപ്രായം കൂടി എത്തിയതോടെ കാർമേഘങ്ങളെല്ലാം ഒന്നിച്ച് തന്റെ മനസ്സിൽ അടിഞ്ഞുകൂടിയ പ്രതീതി. ശ്രമിച്ചുനോക്കാമെന്ന വാക്കിൽ നേരിയ പ്രതീക്ഷ വെച്ച് ശസ്ത്രക്രിയ മുറിയിലേക്ക് കയറി. അവിടെനിന്നങ്ങോട്ട് ജസ്നയെന്ന 32 കാരിയുടെ നിശ്ചയദാർഢ്യത്തിന്റെയും പോരാട്ടത്തിന്റെയും കഥ തുടങ്ങുകയാണ്. വിധിയെ ചെറുത്തുതോൽപ്പിച്ച ഒരു യുവസംരംഭകയുടെ അതിജീവന പോരാട്ടത്തിന്റെ കഥ.

തമിഴ്നാട്ടില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് അഷ്റഫിനൊപ്പം അവിടെ കഴിയുന്നതിനിടെ പ്ലാസ്റ്റിക് കവറുകളിലെ ദോശമാവ് കണ്ണിലുടക്കിയപ്പോൾ തുടങ്ങിയതാണ് നാട്ടിൽ അതുപോലൊരു സംരംഭമെന്ന മോഹം. പിന്നീട് അതിനായുള്ള അന്വേഷണമായി. വിവിധ ഭക്ഷ്യനിര്‍മാണ യൂണിറ്റുകളില്‍ ജോലി ചെയ്തും ഫാക്ടറികള്‍ സന്ദര്‍ശിച്ചും തന്റെ സ്വപ്നയാത്രയിലേക്കുള്ള വഴിയൊരുക്കി. നാട്ടിലെത്തി സംരംഭം തുടങ്ങാനൊരുങ്ങുന്നതിനിടെ സംസ്ഥാന സർക്കാറിന് കീഴിലെ ജില്ലാ വ്യവസായ കേന്ദ്രം മാവൂര്‍ പഞ്ചായത്തില്‍ സംരംഭകര്‍ക്ക് വേണ്ടി നടത്തിയ തൊഴില്‍സഭയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് വഴിത്തിരിവായി.

സംരംഭം തുടങ്ങാനുള്ള അനുമതിക്കായി ഓഫിസുകൾ കയറിയിറങ്ങി മടുക്കുമെന്നായിരുന്നു പലരുടെയും മുന്നറിയിപ്പ്. എന്നാൽ, പ്രോജക്റ്റ് റിപ്പോര്‍ട്ട് തയാറാക്കാന്‍ സഹായിക്കുക മാത്രമല്ല, മറ്റു നടപടിക്രമങ്ങള്‍ക്കെല്ലാം വ്യവസായ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ കൂടെനിന്നു. ‍മുടക്കുമുതലിന്റെ 35 ശതമാനം സബ്സിഡി നൽകി സർക്കാറും കരുതലിന്റെ കരം പിടിച്ചതോടെ ആത്മവിശ്വാസം ഇരട്ടിയായി. ഇഡ്ഡലിയും ദോശയും അത്ര ‘ദഹിക്കാത്ത’ നാട്ടില്‍ ഇങ്ങനെയൊരു സംരംഭം വിജയിക്കുമോയെന്ന ചോദ്യം ഉയര്‍ന്നെങ്കിലും മുന്നോട്ടുതന്നെ നീങ്ങാനായിരുന്നു തീരുമാനം. കോയമ്പത്തൂരില്‍നിന്ന് ആവശ്യമായ യന്ത്രങ്ങള്‍ എത്തിച്ച് മാവൂര്‍ പോസ്റ്റ് ഓഫിസിന് സമീപം ചെറിയൊരു നിര്‍മാണ യൂനിറ്റും സജ്ജമായി. ഉല്‍പന്നം ജനങ്ങളിലെത്തിക്കുന്നതിന് മുമ്പ് മാവിനെ ഏറ്റവും മികച്ചതാക്കാനുള്ള പരീക്ഷണങ്ങളായി പിന്നീട്. പോരായ്മകള്‍ പരിഹരിച്ച് പ്രവര്‍ത്തനമാരംഭിക്കാനിരിക്കെയാണ് ജസ്‌നയെ തോല്‍പിക്കാന്‍ അപകടമെത്തുന്നത്.

ആദ്യ ഉപയോഗത്തിന് മുമ്പ് മെഷീന്‍ ഓണാക്കി കഴുകുന്നതിനിടെ കൈ വഴുതിയത് ബ്ലേഡിലേക്കായിരുന്നു. ഫാബ്രിക്കേഷന്‍ വര്‍ക്കുകളൊന്നും പൂര്‍ത്തിയാക്കാത്തതിനാല്‍ സ്ഥാപനത്തിന്റെ ഷട്ടര്‍ തറയോളം താഴ്ത്തിയായിരുന്നു ജോലി. അതിനാല്‍ നിലവിളി ഉച്ചത്തില്‍ പുറത്തെത്തിയില്ല. മുക്കാല്‍ മണിക്കൂറിന് ശേഷമാണ് റോഡിലൂടെ നടന്നുപോയൊരാള്‍ ശബ്ദം കേട്ട് ഷട്ടര്‍ ഉയര്‍ത്തിയത്. നാട്ടുകാരെത്തി മെഷിന്റെ ബ്ലേഡ് മുറിച്ചെടുത്താണ് കൈ പുറത്തെടുത്തത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയ കഴിഞ്ഞ ശേഷമുള്ള ഓരോ ദിവസവും ദുസ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണര്‍ന്നു. എന്നാല്‍, തോല്‍ക്കാന്‍ ഒരുക്കമല്ലാതിരുന്ന ജസ്‌ന ഫിസിയോ തെറാപ്പിയുടെയും മനസ്സുറപ്പിന്റെയും കരുത്തില്‍ കൈ ചലിപ്പിച്ചു തുടങ്ങി. മൂന്ന് മാസംകൊണ്ട് ആ കൈകൾ കൊണ്ട് സ്‌കൂട്ടർ ഹാൻഡിൽ പിടിച്ചുതുടങ്ങി. വേദനകളേറെ സഹിച്ചും വ്യായാമ മുറകൾ തുടർന്നു. ആറുമാസമായപ്പോഴേക്കും അത്യാവശ്യം പണികളൊക്കെ ചെയ്യാവുന്ന നിലയിലെത്തി. പിന്നെ കാത്തുനിന്നില്ല, ‘ദോബ’ എന്ന പേരിൽ 2023 ഡിസംബര്‍ നാലിന് ജസ്നയുടെ സ്വപ്ന സംരംഭത്തിന് തുടക്കമായി.

അരിക്കും ഉഴുന്നിനുമൊപ്പം തന്റെ സ്വപ്നങ്ങളും അരച്ചുചേർത്ത് ഉൽപന്നം വിപണിയിലേക്ക്. ചെറിയ രീതിയിൽ തുടങ്ങിയ ഉൽപാദനം പതിയെ ആളുകളിലേക്ക് എത്തിത്തുടങ്ങി. കേടുവരാതിരിക്കാനുള്ള പൊടിക്കൈകളൊന്നുമില്ലാതെ ഇഡ്ഡ്ലിയുടെയും ദോശയുടെയും മാവ് പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും മറ്റും കോഴിക്കോട്ടെ മാത്രമല്ല, മലപ്പുറം ജില്ലയിലെയും അടുക്കളകളിലെ സ്ഥിരസാന്നിധ്യമായി. കരിപ്പൂര്‍ വിമാനത്താവള ലോഞ്ചിൽ വരെ 'ദോബ' സാന്നിധ്യമുറപ്പിച്ചു. സർക്കാറിന്റെ വിപണന മേളകളിൽ സ്ഥിരം ഇടം ലഭിച്ചതോടെ നാട്ടുകാർക്കെല്ലാം പരിചിതമായി.

ആവശ്യക്കാരേറിയതോടെ പുതിയ മെഷീനുകള്‍ എത്തിച്ച് വിപുലീകരിച്ചു. ഇപ്പോള്‍ ദിവസവും 300 മാവ് പാക്കറ്റുകള്‍ ജസ്നയും സംഘവും ചേര്‍ന്നൊരുക്കുന്നു. വിതരണത്തിനടക്കം മൂന്നുപേരാണ് സഹായത്തിനുള്ളത്. ശീതീകരണ സംവിധാനത്തില്‍ ഏഴ് ദിവസം മാവ് വരെ കേടാകാതെ നില്‍ക്കും. 70 രൂപയുടെ ഒരു പാക്കറ്റ് കൊണ്ട് 20-22 ഇഡ്ഡലിയും 16-18 ദോശയും ഉണ്ടാക്കാം. ഊത്തപ്പവും പിസ്സയും വരെ ഉണ്ടാക്കാന്‍ ഈ മാവ് ഉപയോഗിക്കാം. കൂടുതല്‍ യന്ത്രങ്ങളെത്തിച്ചും വിതരണ വാഹനങ്ങള്‍ ഒരുക്കിയും സംരംഭം വിപുലമാക്കാനുള്ള ഒരുക്കത്തിലാണ് ജസ്ന. ഭര്‍ത്താവും മൂന്ന് മക്കളുമടങ്ങിയ കുടുംബവും നാട്ടുകാരും വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥരുമെല്ലാം പിന്തുണയുമായി കൂടെയുണ്ടെന്നും അതാണ് തന്റെ ആത്മവിശ്വാസമെന്നും ജസ്‌ന പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Success StoryEntrepreneurLatest NewsKerala
News Summary - Success story of an entrepreneur who fought undefeated in the face of fate
Next Story