അറിയണം, ബാങ്ക് നിക്ഷേപങ്ങളെപ്പറ്റി
text_fieldsകഴിഞ്ഞ 12 ലക്കങ്ങളായി വിവിധ തരം ചെറുകിട സമ്പാദ്യ പദ്ധതികളെപ്പറ്റി എഴുതിയിരുന്നു. മ്യൂച്ചൽ ഫണ്ടുകളുടെ പ്രവർത്തനത്തെപ്പറ്റി എഴുതണമെന്ന് നിരവധിപേർ ആവശ്യപ്പെട്ടിരുന്നു. വരുന്ന ലക്കങ്ങളിൽ അതേപ്പറ്റി എഴുതാം. വളരെ നിസ്സാരമെന്നു കരുതുന്ന ബാങ്ക് നിക്ഷേപങ്ങളിൽപോലും പലർക്കും അറിഞ്ഞിരിക്കേണ്ട ചില സംഗതികൾ അറിയില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ പ്രവാസികൾക്ക് പല വിധ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെന്നു എനിക്ക് നേരിട്ടു അറിയാം.
ബാങ്കുകളിലെ അക്കൗണ്ടുകൾ പൊതുവെ കറന്റ് അക്കൗണ്ട്, സേവിങ്സ് അക്കൗണ്ട്, സ്ഥിര നിക്ഷേപങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. സ്ഥിര നിക്ഷേപങ്ങളെ ടെം ഡെപ്പോസിറ്റ് , സ്പെഷൽ ടെം ഡെപ്പോസിറ്റ് (ക്യാഷ് സർട്ടിഫിക്കറ്റ് ), റെക്കറിങ് ഡിപ്പോസിറ്റ് , വിദേശ കറൻസികളിലുള്ള നിക്ഷേപം എന്നിവയാണ്. ഇതിനെപ്പറ്റി ഉള്ള വിവരങ്ങൾ ഒരു പക്ഷേ നിങ്ങളെ ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിൽ സഹായിച്ചേക്കാം .
കറന്റ് അക്കൗണ്ട്
ഈ അക്കൗണ്ട് പൊതുവെ ബിസിനസ് അല്ലെങ്കിൽ സ്ഥാപനങ്ങൾക്കു വേണ്ടിയുള്ളതാണ്. നിക്ഷേപങ്ങൾക്ക് ആദായം വേണ്ടാത്തവർക്കും ഈ അക്കൗണ്ടിൽ തുക സുരക്ഷിതമായി ഇടാം. ധാരാളം സൗകര്യങ്ങൾ ലഭിക്കുന്ന ഈ അക്കൗണ്ടിൽ ഉള്ള പണത്തിനു ബാങ്കുകൾ നിക്ഷേപകന് ആദായം ഒന്നും കൊടുക്കില്ല.
സേവിങ്സ് ബാങ്ക് അക്കൗണ്ട്
സർവ സാധാരണമായി എല്ലാവരും എടുക്കുന്ന ഒരു അക്കൗണ്ട് ഇത്. നിങ്ങളുടെ ഉടനെ ആവശ്യമുള്ള പണം സുരക്ഷിതമായി സൂക്ഷിക്കാവുന്ന അക്കൗണ്ട് ആണിത്. ചെക്ക് ബുക്ക്, എ.ടി.എം കാർഡ്, ഇന്റർനെറ്റ് ബാങ്കിങ് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്. ഈ അക്കൗണ്ടിൽ ഉള്ള പണത്തിനു ഒരു ചെറിയ ആദായവും കിട്ടുന്നുണ്ട് . പ്രായപൂർത്തി ആകാത്തവർക്കും (10 വയസ്സിനു മുകളിൽ ) ഈ അക്കൗണ്ട് നിബന്ധനകൾക്ക് വിധേയമായി സ്വന്തം പേരിൽ എടുക്കാവുന്നതാണ്. മറ്റു പൊതുവായി ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ വിവരങ്ങൾ താഴെ പറയുന്നുണ്ട്.
എൻ.ആർ.ഇ /എൻ.ആർ.ഒ അക്കൗണ്ടുകൾ
പ്രവാസികൾക്ക് വേണ്ടിയുള്ളതാണ് എൻ.ആർ.ഇ ഈ അക്കൗണ്ട്. സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ടിനുള്ള എല്ലാ സൗകര്യവും എൻ.ആർ.ഇ അക്കൗണ്ടുകൾക്കും ഉണ്ടാകും. ഈ അക്കൗണ്ടിൽ കിട്ടുന്ന വരുമാനത്തിന് ആദായ നികുതി കൊടുക്കേണ്ട. മാത്രവുമല്ല ഈ അക്കൗണ്ടിൽ ഉള്ള തുക പരിധി ഇല്ലാതെ വിദേശ രാജ്യത്തേക്ക് നിങ്ങളുടെ ആവശ്യങ്ങൾക്ക് തിരിച്ചു കൊണ്ട് പോകാവുന്നതാണ് .
ഇന്ത്യയിലെ ഫെമ നിയപ്രകാരം നിങ്ങൾ പ്രവാസി ആണെങ്കിൽ നിങ്ങൾ നാട്ടിൽ നേരത്തെ ഉപയോഗിച്ചിരുന്ന സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ട് എൻ.ആർ.ഒ അക്കൗണ്ട് ആയി മാറ്റണം. അതുപോലെ തന്നെ നിങ്ങൾ പ്രവാസം മതിയാക്കി നാട്ടിലേക്കു തിരികെ പോകുമ്പോൾ നിങ്ങളുടെ നിലവിലെ എൻ.ആർ.ഇ അക്കൗണ്ട് ക്ലോസ് ചെയ്യുകയോ അല്ലെങ്കിൽ സാധാരണ സേവിങ്സ് ബാങ്ക് അക്കൗണ്ട് ആയി മാറ്റുകയോ വേണം.
നിലവിലെ നിയമം അനുസരിച്ചു നിങ്ങളുടെ എൻ.ആർ.ഒ അക്കൗണ്ടിൽ ഉള്ള തുകക്ക് കിട്ടുന്ന വരുമാനത്തിന് 30 ശതമാനം നികുതിയും നാല് ശതമാനം സെസ്സ് ചേർത്ത് 31.20 ശതമാനം ബാങ്കുകൾ പിടിക്കും.
ഇതിനു വരുമാന പരിധി ബാധകമല്ല എന്നോർക്കുക. നിങ്ങൾ ആദായ നികുതി വരുമാനത്തിന് അകത്താണെങ്കിലും വർഷാവസാനം റിട്ടേൺ (ITR-2)ഫയൽ ചെയ്തു പിടിച്ച നികുതി തിരികെ വാങ്ങണം. (2025-2026 ഇൽ പുതിയ സ്കീമിൽ ഇത് നാല് ലക്ഷം ആണ്. 12 ലക്ഷമായി പരിധി ഉയത്തിയത് പ്രവാസികൾക്ക് ബാധകമല്ല എന്നറിയുക )
നാട്ടിൽ നിങ്ങൾക്ക് കിട്ടുന്ന പല വരുമാനങ്ങൾ അതായതു വാടക, എൻ.ആർ.ഇ അല്ലാത്ത നിക്ഷേപങ്ങളുടെ ആദായം, ഡിവിഡന്റ് , ക്യാപിറ്റൽ ഗൈൻ എന്നിവ മേൽപറഞ്ഞ എൻ.ആർ.ഒ അക്കൗണ്ടിൽ ആയിരിക്കും വരുന്നത്. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. എന്തൊക്കെയാണ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകളും, എൻ.ആർ.ഇ, എൻ.ആർ.ഒ അക്കൗണ്ടുകളുടെ നടത്തിപ്പിൽ പ്രവാസികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. മിനിമം ബാലൻസ്, മറ്റു ഒഴിവാക്കാൻ പറ്റുന്ന ചാർജുകൾ എന്നിവയെപ്പറ്റി അടുത്ത ലക്കത്തിൽ വിശദീകരിക്കാം.
(തുടരും )
(ലേഖകൻ ഗ്ലോബൽ മണി എക്സ്ചേഞ്ച് എക്സിക്യൂട്ടിവ് അഡ്വൈസർ ആണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

